കൊച്ചി > അശാസ്‌ത്രീയമായ പരാമർശങ്ങളുമായി സ്ത്രീ-ട്രാന്‍സ് വിഭാഗങ്ങളെ അപമാനിച്ച് വീണ്ടും ഡോ. രജിത് കുമാർ. “നിഷേധികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജനിക്കാനിരിക്കുന്ന മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സിയും ഓട്ടിസവുമുണ്ടായിരിക്കും” എന്ന് രജിത് കുമാര്‍ നേരത്തേ നടത്തിയിട്ടുള്ള പ്രസംഗത്തിലെ കാര്യമാണ് 24 ന്യൂസിന്റെ കോടതി എന്ന പരിപാടിയിൽ വീണ്ടും ആവർത്തിച്ചത്. ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് വിശ്വസിപ്പിച്ച് രജിത് കുമാര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാകട്ടെ, “ഈ കുട്ടികളെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തണോ അതോ തെറ്റിദ്ധരിപ്പിക്കണോ” എന്നായിരുന്നു രജിത് കുമാറിന്റെ മറു ചോദ്യം.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി ദയ ഗായത്രിയും സാമൂഹികപ്രവര്‍ത്തകയായ രഹ്ന ഫാത്തിമയും പങ്കെടുത്ത ചര്‍ച്ചയില്‍, മിക്കപ്പോഴും ദയ ഗായത്രിയടക്കമുള്ള ട്രാന്‍സ് വിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. മനുഷ്യന്റെ ക്രോമോസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാനത്താലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടാകുന്നതെന്ന തീര്‍ത്തും ശാസ്ത്രവിരുദ്ധമായ പരാമര്‍ശമായിരുന്നു ഇക്കൂട്ടത്തിലൊന്ന്. കുഞ്ഞ് ജനിക്കുമ്പോള്‍ ‘അബ്‌നോര്‍മാലിറ്റി’യുണ്ടെങ്കില്‍ അത് മാതാപിതാക്കളുടെ കുഴപ്പമാണെന്നും രജിത് പറയുന്നു.
ദയ ഗായത്രിയോട് ‘നിങ്ങള്‍ പ്രസവിക്കുന്ന കുഞ്ഞിനെ എനിക്ക് കാണണ’മെന്നതടക്കമുള്ള നിരുത്തരവാദിത്തപരമായ പരാമര്‍ശങ്ങള്‍ നടത്തിയ രജിത് കുമാര്‍, ട്രാന്‍സ് സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്നും, പ്രസവിക്കാനാകില്ലെന്നും, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുകള്‍ വഴി കൃത്രിമമായി സ്ത്രീയുടേതായ ശാരീരികാവസ്ഥയിലെത്തിയവരാണ് അവരെന്നും ആവര്‍ത്തിച്ചിരുന്നു. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളുടെ ശാസ്ത്രീയ അടിത്തറയില്ലായ്മയെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴൊക്കെയും ശാസ്ത്രലോകം ആദ്യ ഘട്ടത്തില്‍ ആര്‍ക്കിമിഡീസിനെ തള്ളിക്കളഞ്ഞ ഉപമയാണ് രജിത് കുമാറിന് പറയാനുള്ളത്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ 2011ല്‍ നടത്തിയ പ്രസംഗത്തിനിടെ, ഓടുകയും ചാടുകയും ചെയ്യുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രം ഇളകിപ്പോകുമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിന് ആര്യ എന്ന വിദ്യാര്‍ത്ഥിനി എഴുന്നേറ്റു നിന്നു കൂകിയ സംഭവത്തോടെയാണ് രജിത് കുമാറിന്റെ ശാസ്ത്ര വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ചര്‍ച്ചയാകുന്നത്.
സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് പരിശീലന പരിപാടികള്‍ നടത്തുന്നതിനിടെ പല തവണയായി ഇത്തരം അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള രജിത് കുമാര്‍ ഏറ്റവുമവസാനം വിമര്‍ശിക്കപ്പെടുന്നത് കാസര്‍കോട്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ്. ഈ പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് നിലപാടുകള്‍ ആവര്‍ത്തിച്ചും, കൂടുതല്‍ അസംബന്ധമായ വാദങ്ങള്‍ നിരത്തിയും അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ മനുഷ്യാവകാശ കമ്മീഷനടക്കം കേസുകള്‍ എടുത്തിട്ടുമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2tUm1Wi
via IFTTT
No comments:
Post a Comment