ദേശത്തിന്റെ അഭിമാനമായി ദേശാഭിമാനി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ദേശത്തിന്റെ അഭിമാനമായി ദേശാഭിമാനി

മാധ്യമങ്ങൾക്ക് സമൂഹത്തിലൂള്ള സ്വാധീനം വർധിച്ച  ഘട്ടത്തിലാണ് ദേശാഭിമാനിയുടെ കൊല്ലം എഡിഷൻ സമാരംഭിക്കുന്നത്‌. സമൂഹത്തിന്റെ ചിന്താഗതിയെയും അഭിരുചിയെയും മൂല്യവിചാരത്തെയും ജീവിതശൈലിയെയും നാനാ മാർഗത്തിലൂടെ രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങൾക്ക് പങ്കുണ്ട്. എങ്കിലും മാധ്യമ പ്രവർത്തനം അനാരോഗ്യകരമായ മാറ്റങ്ങളിലേക്ക് കൂപ്പുകുത്തിയിരുക്കുന്ന ദുരവസ്ഥ ഇന്ത്യ അഭിമുഖീകരിക്കുകയാണ്. സത്യമെന്നു തോന്നിപ്പിക്കുന്ന അസത്യ വാർത്തകൾകൊണ്ട് ലോകത്തിനു തന്നെ പുതിയ പദങ്ങൾ മാധ്യമങ്ങൾ സമ്മാനിച്ചിരിക്കുകയാണ്. ‘പോസ്റ്റ് ട്രൂത്ത് ’ അതാണ്. സത്യം മറച്ചുവയ്ക്കുകയും കള്ളം സത്യമെന്ന്‌ തോന്നിപ്പിക്കുന്ന  രീതിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഈ മാധ്യമ പ്രവർത്തനത്തെയാണ് പോസ്റ്റ് ട്രൂത്ത് അല്ലെങ്കിൽ സത്യാനന്തരം എന്നു വിളിക്കുന്നത്‌. 

സത്യാനന്തര മാധ്യമ പ്രവർത്തനം ശക്തമായ ഇന്ത്യയുടെ അവസ്ഥ വളരെ മോശമാണെന്ന്‌ ലോകത്തിലെ പ്രമുഖ മാധ്യമ പഠനസ്ഥാപനമായ റോയിട്ടേഴ്‌സ്‌  ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ സ്റ്റഡി ഓഫ് ജേർണലിസം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്‌. വ്യാജവാർത്തകളും കുപ്രചാരണങ്ങളും ഇന്ത്യയിൽ വർധിച്ചിരിക്കുകയാണെന്നും വ്യാജ വീഡിയോ ഉണ്ടാക്കുന്നത് ഇവിടെ എളുപ്പ പണിയാണെന്നും റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സാർവത്രിക സാന്നിധ്യംകൂടി ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. വ്യാജ വാർത്ത പരത്തുന്നതിനും അസഹിഷ്ണുതയും മതവൈരവും ആളിക്കത്തിക്കുന്നതിനും മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇത് ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്ന‌് മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വർഷത്തെ മോഡി ഭരണമാണ് ഈ അവസ്ഥ സൃഷ്ടിച്ചതെന്ന‌് സാമാന്യമായി ആർക്കും മനസ്സിലാക്കാം.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പിന്നിൽ രാജ്യത്തെ പ്രമുഖ കോർപറേറ്റ് മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ  അണിചേർന്നിരിക്കുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്ത 100 മുതൽ 500 കോടി വരെ പണക്കിഴിക്കു മുന്നിൽ മാധ്യമ സ്ഥാപനങ്ങൾ കാലിടറി കമിഴ‌്ന്നു വീഴുന്നത് ഒളിമാധ്യമ പ്രവർത്തനത്തിലൂടെ കോബ്രാ പോസ്റ്റ് നേരത്തെ പുറത്തു കൊണ്ടുവന്നിരുന്നല്ലോ. ഇപ്രകാരം ഒരു ബിസിനസ‌് എന്ന നിലയിലെ മൂല്യശോഷണം മാത്രമല്ല ഒരു സേവനരംഗമെന്ന നിലയിലെ വിശ്വാസത്തകർച്ചയും ഇന്ത്യയിലെ നല്ലൊരു പങ്ക് മാധ്യമസ്ഥാപനങ്ങൾ അഭിമുഖീകരിക്കുകയാണ്. മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ രാഷ്ട്ര സങ്കൽപ്പങ്ങളെയും  മൂല്യങ്ങളെയും കല്ലിലടിച്ച പൂങ്കുലപോലെ ഇല്ലാതാക്കിയിരിക്കുന്നു. ചരിത്രവും വസ്തുതകളും വിസ്മരിക്കപ്പെടുന്നു. പകരം വർഗീയത വളർത്താൻ സങ്കൽപ്പകഥകളെ ആശ്രയിക്കുന്നു. ഇപ്പോഴാകട്ടെ യുദ്ധഭ്രാന്ത് വളർത്താനുള്ള പരിശ്രമത്തിലുമാണ്.

ഈ ഘട്ടത്തിൽ മാർക്‌സിസ്റ്റ്-–- ലെനിനിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ഇടതുപക്ഷ മാധ്യമങ്ങളുടെ സാന്നിധ്യം വളരെ നിർണായകമാണ്. മതനിരപേക്ഷതയും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ ദേശാഭിമാനിയുടെ വളർച്ച അനിവാര്യമാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അംഗീകരിക്കുന്നതും പിന്തുണയ്ക്കുന്നതുമാണ് കമ്യൂണിസ്റ്റ് മാധ്യമ പ്രവർത്തനം. അതുകൊണ്ട് തന്നെ അത്തരം മാധ്യമ പ്രവർത്തനം നടത്തുന്ന ഇതര മാധ്യമങ്ങളോട് ഞങ്ങൾക്ക് ശത്രുതയില്ല. വിയോജിക്കേണ്ട വിഷയങ്ങളിൽ പരസ്യമായി അത് പ്രകടിപ്പിക്കുന്നു. 1821 മുതൽ ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ദ ഗാർഡിയൻ’ ബ്രിട്ടനിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രമാണ്. അതിന്റെ പ്രിന്റ് എഡിഷൻ ഒരു ലക്ഷം കോപ്പിയാണ്. എന്നാൽ, ഓൺലൈൻ എഡിഷന് 23 ലക്ഷം വായനക്കാരുണ്ട്. റൂപ്പർട്ട‌് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ‘ന്യൂസ് ഓഫ് ദി വേൾഡ്’ പത്രം പൂട്ടിച്ച ഫോൺ ചോർത്തൽ വാർത്ത പുറത്തുകൊണ്ടുവന്നത‌് ‘ദ ഗാർഡിയൻ’ ആണ്. ഗാർഡിയന്റെ എത്രയോ മടങ്ങ് കോപ്പി വിറ്റ ഒരു പത്രം വഴിതെറ്റിയപ്പോൾ അത് തുറന്നുകാട്ടി സമൂഹ മനഃസാക്ഷിയുണർത്താൻ വിശ്വാസ്യതയുള്ള പത്രത്തിന്റെ ഇടപെടൽ കൊണ്ട് സാധിച്ചു. ഇത് മാതൃകയാക്കാവുന്ന മാധ്യമ പ്രവർത്തനമാണ്.

ദേശാഭിമാനി സത്യം പ്രചരിപ്പിക്കുന്ന ജിഹ്വയാണ്. വ്യാജവാർത്ത സൃഷ്ടിക്കുന്ന മാധ്യമമല്ല. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ആധുനിക പത്രം കൂടിയാണ് ദേശാഭിമാനി. ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഇ എം എസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർടി പത്രം ബഹുജനപത്രമായി മാറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. വർഗശത്രുക്കൾ നടത്തുന്ന ഏതു ദിനപത്രവും പോലെ പാർടി പത്രവും അഭിരുചിക്കാരായ വായനക്കാർക്ക് ഇഷ്ടപ്പെടുകയും പ്രയോജനപ്പെടുകയും വേണം. എന്നാൽ, മുതലാളിത്ത–- -സാമ്രാജ്യത്വ ആശയങ്ങളെ വർജിച്ചുകൊണ്ട് വേണം ഇത് ചെയ്യാൻ. സോഷ്യലിസ്റ്റ് ആശയത്തിന്റെയും മതനിരപേക്ഷ സന്ദേശത്തിന്റെയും പ്രചാരണവും ആകണമെന്ന‌് ഇ എം എസ് ഓർമപ്പെടുത്തി. ഇത്തരം ഒരാശയ പരിസരത്തുനിന്ന ദേശാഭിമാനിയെ കെട്ടിലും മട്ടിലും കൂടുതൽ മെച്ചപ്പെടുത്താനും ആധുനീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊല്ലത്തുനിന്ന‌് ഒരു സമ്പൂർണ യൂണിറ്റ് തുടങ്ങുന്നത്.

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് കൊല്ലം ജില്ല. നവോത്ഥാന പ്രസ്ഥാനത്തിന് മറക്കാനാകാത്ത ഏടുകൾ സമ്മാനിച്ച മണ്ണാണ്. സിപിഐ എമ്മിനെ കൊല്ലം ജില്ലയിൽ കരുത്തുറ്റ ബഹുജനവിപ്ലവ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ നിർണായക സംഭാവന നൽകിയ സഖാവ് എൻ ശ്രീധരൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെ നിർവഹിച്ച പ്രധാന ചുമതലകളിൽ ഒന്ന‌് ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കലായിരുന്നു. അക്കാര്യത്തിൽ സഖാവിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം കേരളത്തിലെ പാർടി എക്കാലവും സ്മരിക്കുന്നതാണ്. എൻ എസ് ഉൾപ്പെടെയുള്ള ത്യാഗിവര്യന്മാരായ നേതാക്കളുടെ സ്മരണ ഇരമ്പുന്ന കൊല്ലത്തിന്റെ മണ്ണിൽ ദേശാഭിമാനിയുടെ സമ്പൂർണ എഡിഷൻ വിജയകരമായി മുന്നേറുമെന്ന‌് ഉറപ്പുണ്ട്.

1942ൽ വാരികയായി തുടങ്ങിയ ദേശാഭിമാനി, ദിനപത്രമാകുന്നത് 1946 ജനുവരി 18നാണ്. 77 വർഷമാകുന്ന ദേശാഭിമാനിയുടെ മുന്നേറ്റം അഭിമാനകരമാണ്. രാജ്യത്തിന്റെ ഭാവിക്ക് നിർണായകമാകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലാണ് പുതിയ എഡിഷൻ ആരംഭിക്കുന്നത്. ബിജെപിയെ അധികാരഭ്രഷ്ടമാക്കാനും ഇടതുപക്ഷത്തെ പാർലമെന്റിൽ കരുത്തുറ്റ ഇടപെടൽ ശക്തിയാക്കാനും കഴിയണം. അതിനുവേണ്ടി  ഇടതുപക്ഷ ജനാധിപത്യമുണിയുടെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇന്ത്യൻ സാഹചര്യത്തിൽ വർഗീയതയ്ക്കും നവഉദാരവൽക്കരണത്തിനും അഴിമതിക്കുമെതിരെ ഉയർന്നു നിൽക്കുന്ന വിശ്വാസയോഗ്യമായ രാഷ്ട്രീയ ഭരണബദലാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. ഈ ഭരണത്തെ ദുർബലമാക്കാൻ നിലകൊള്ളുന്ന സംഘപരിവാറും അവർക്ക് അരുനിൽക്കുന്ന യുഡിഎഫും ഉണ്ട്. ഈ ശക്തികൾക്കുള്ള ശക്തമായ പ്രഹരമാകണം ലോക‌്സഭ തെരഞ്ഞെടുപ്പ്. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ദിനപത്രമാണ് ദേശാഭിമാനി.



from Kerala || Deshabhimani ​Online ​News https://ift.tt/2SQqIKU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages