തിരുവനന്തപുരം
ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നത് ക്രമേണയുള്ള സ്വകാര്യവൽക്കരണത്തിനാണെന്ന് ആൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സംഘടിപ്പിച്ച ഗ്ലോബൽ ബാങ്കിങ‌് ട്രേഡ് യൂണിയൻ കൺവൻഷൻ അഭിപ്രായപ്പെട്ടു. കിട്ടാക്കടത്തിൽ വീർപ്പുമുട്ടുന്ന ബാങ്കുകളെ രക്ഷിക്കാനാണെന്ന വാദം ശരിയല്ല.
ബാങ്കുകൾ ലയിപ്പിക്കുന്നതുമൂലം മുൻഗണനാമേഖലയിലും കാർഷിക ചെറുകിടവ്യവസായ മേഖലകളിലും ലഭ്യമായിരുന്ന വായ്പകൾ കാര്യമായി കുറയുകയാണ്. കുത്തകകൾ ബാങ്കുകളിൽനിന്നെടുത്ത വായ്പകൾ തിരിച്ചുപിടിക്കാനുള്ള നിയമസാധ്യതകൾ ഇന്ത്യയിൽ വളരെ ദുർബലമാണ്. പതിനഞ്ച‌് വർഷം മുമ്പ് പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി ഇന്ത്യയിലും ചൈനയിലും തുല്യമായിരുന്നു. ഇന്ന് നാലു പ്രമുഖ ചൈനീസ് ബാങ്കുകൾ ലോകത്തെ മുൻനിരയിലുള്ള ബാങ്കുകളായി മാറി. അവിടെ വായ്പാ തിരിച്ചടവ് കർശനമാണ്. എന്നാൽ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലായി പുറകിലേക്ക‌് പോവുകയാണുണ്ടായത്.
ഹ്രസ്വകാല നിക്ഷേപങ്ങൾ ദീർഘകാല വായ്പകളായി നൽകുന്ന നടപടി അപകടകരമാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് ബാങ്ക് വായ്പകളെ ആശ്രയിക്കാതെ സർക്കാർ വികസന ബാങ്കുകൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കൺവൻഷൻ അഭിപ്രായപ്പെട്ടു.
"ബാങ്ക് ലയനവും പൊതുമേഖലാ ബാങ്കുകളുടെ സംരക്ഷണവും' സെമിനാറിൽ എഐബിഒസി ദേശീയ ജനറൽ സെക്രട്ടറി സൗമ്യ ദത്ത അധ്യക്ഷനായി. ഡോ. പ്രസേൻജിത്ത് ബോസ്, ഡോ. പാർഥിപ്രതിം പാൽ എന്നിവർ വിഷയമവതരിപ്പിച്ചു. രഘുനാഥൻ കൃഷ്ണൻ (മലേഷ്യ), ഡി ടി ഫ്രാങ്കോ എന്നിവർ സംസാരിച്ചു.
ബാങ്കുകളിലെ സാങ്കേതികവിദ്യാ മാറ്റങ്ങളും സംഘടനകളുടെ പ്രതികരണവും ഉഷ രാമനാഥൻ അവതരിപ്പിച്ചു. ജർമൻ ബാങ്കിങ‌് ട്രേഡ് യൂണിയൻ സെക്രട്ടറി ടോം പേസ്മാൻ സംസാരിച്ചു. രൂപം റോയ് അധ്യക്ഷനായി. ഗ്രാമവികസനത്തിൽ പൊതുമേഖലാ ബാങ്കുകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം ഡോ. മീനാക്ഷി രാജീവ് (ഐഎസ്ഇസി, ബംഗളുരു) അവതരിപ്പിച്ചു. ക്രിസ്റ്റഫർ ഷെറർ (ജർമനി) സംസാരിച്ചു. വിവിധ ബാങ്കുകളിലെ ഓഫീസർ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാമ്പത്തിക വിദഗ‌്ധർ തുടങ്ങിയവരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ‌്ച പകൽ രണ്ടിന‌് സമാപിക്കും.
from Kerala || Deshabhimani Online News https://ift.tt/2HJXagh
via IFTTT
No comments:
Post a Comment