അനസ്തേഷ്യയുടെ മയക്കം വിടുമ്പോഴെല്ലാം അവൻ വേദനയുടെ ലോകത്തേക്ക് ഉണരും. ചീളുകൾ തറച്ചുകയറിയ ഇടങ്ങളിലെല്ലാം മുറിവിന്റെ ആഴം തൊടുന്ന നോവിൽ അവൻ പുളയും. ശസ്ത്രക്രിയാനന്തര വാർഡിന്റെ മരവിച്ച തണുപ്പിൽ അവന്റെ തേങ്ങലുകൾ അലിയും. താങ്ങാനാവുന്നതിലധികം വേദന അറിഞ്ഞുകഴിഞ്ഞു ഈ ഇളംശരീരം.
കഴിഞ്ഞ ശനിയാഴ്ചയാണ് ആർഎസ്എസ് നേതാവ് ആലക്കോട്ടെ നടുവിൽ മുതിരമല ഷിബുവിന്റെ വീട്ടിൽ സൂക്ഷിച്ച സ്റ്റീൽ ബോംബുകൾ പൊട്ടി മകൻ ഗോകുലിനും കൂട്ടുകാരൻ ഖജൻകുമാറിനും പരിക്കേറ്റത്. ഒരു അവധിദിനത്തിന്റെ സന്തോഷം ഒറ്റ നിമിഷംകൊണ്ടാണ് ചിതറിത്തെറിച്ചത്.
എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ ബോധരഹിതരായി പിടഞ്ഞുവീണ കുരുന്നുകൾക്കൊപ്പമായിരുന്നു നാല് ദിവസമായി ഒരുനാടിന്റെ മനസ്സുമുഴുവൻ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിലാണ് ഇരുവരും അപകടനില തരണംചെയ്തത്. അരക്കെട്ടിനു താഴെയാണ് ഇരുവർക്കും മാരകമായി പരിക്കേറ്റത്.
ശരീരത്തിലെല്ലാം ലോഹച്ചീളുകൾ
ഗോകുലിന്റെ ശരീരത്തിൽ ഭൂരിഭാഗവും ലോഹച്ചീളുകൾ തുളഞ്ഞുകയറിയ മുറിവുകളായിരുന്നു. ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം തകർന്നു. മൂത്രക്കുഴലും മുറിഞ്ഞു. ജനനേന്ദ്രിയത്തിന്റെ അറ്റുപോയ ഭാഗവും മൂത്രക്കുഴലും തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയയ്ക്കാണ് കഴിഞ്ഞ ദിവസം ഗോകുൽ വിധേയനായത്.
അരയ്ക്ക് കീഴോട്ട് പുറമെ കാണത്തക്ക വിധത്തിൽ ഉണ്ടായിരുന്ന ലോഹച്ചീളുകൾ നീക്കം ചെയ്തു. കാലുകൾക്കുള്ളിൽ തുളഞ്ഞുകയറിയ ചീളുകൾ നീക്കംചെയ്യാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.
സി ആം മെഷീൻ ഉപയോഗിച്ചേ ഉള്ളിലുള്ള ലോഹത്തിന്റെ അംശം കണ്ടെത്താനാകൂ. ഗോകുലിന്റെ ഇടതുകൈയിലും പൃഷ്ഠഭാഗത്തും നിറയെ ചീളുകൾ തറഞ്ഞുകയറിയിട്ടുണ്ട്. ഉപ്പൂറ്റിയിലും ആഴത്തിൽ മുറിവേറ്റു. ധാരാളം രക്തം വാർന്നുപോയതാണ് ഖജൻകുമാറിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്. തലയ്ക്കും കാലിനുമായിരുന്നു പരിക്ക്. കാൽപാദത്തിലെ മജ്ജയും മാംസവും അടർന്നുപോയി. മാംസം അടർന്നുപോയ ഭാഗത്തെ ശസ്ത്രക്രിയ അടുത്ത ദിവസം നടക്കും.
ഇനിയെന്ന് പുഞ്ചിരി വിടരും?
ദേഹമാസകലം പടരുന്ന വേദനയ്ക്കിടയിലും ഗോകുലിന്റെ പിഞ്ചുമനസ്സ് തേടുന്നത് അച്ഛനെയാണ്. വേദനകളെല്ലാം മാറാൻ അച്ഛനെ കാണണമെന്നാണ് അവൻ കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞത്. അത്രത്തോളം നിഷ്കളങ്കമായ ഒരു ബാല്യത്തിലേക്കാണ് ആർഎസ്എസ് കുടിലതയുടെ ബോംബുകൾ വന്നുവീണത്. ഈ പിഞ്ചുമുഖങ്ങളിൽ പുഞ്ചിരി വിടരാൻ ഇനിയും നാളുകളേറെ കാത്തിരിക്കണം. അപ്പോഴും ഇരുട്ടുമൂടിയ ആയുധപ്പുരകളിൽ ആർഎസ്എസ് ആയുധങ്ങൾ രാകി മിനുക്കുന്നുണ്ടാവും; അടുത്ത ഇരകൾക്കായി.
from Kerala || Deshabhimani Online News https://ift.tt/2Wjkg1c
via IFTTT
No comments:
Post a Comment