വികസനവാതിൽ അടയുന്നില്ല; ഭയം ചെന്നിത്തലക്ക‌് മാത്രം, വഞ്ചിക്കുന്നത‌് കേരള ജനതയെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

വികസനവാതിൽ അടയുന്നില്ല; ഭയം ചെന്നിത്തലക്ക‌് മാത്രം, വഞ്ചിക്കുന്നത‌് കേരള ജനതയെ


സ്വന്തം ലേഖകൻ
ഭാവിവികസന വാതായനമായി എല്ലാവരും അംഗീകരിച്ച കിഫ‌്ബി  പദ്ധതികൾക്ക‌് തുരങ്കംവയ‌്ക്കുന്ന പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല വഞ്ചിക്കുന്നത‌് കേരള ജനതയെ. കടലാസിൽമാത്രം ഒതുങ്ങിയിരുന്ന പദ്ധതികൾ  നടപ്പാക്കാൻ എൽഡിഎഫ‌് സ്വീകരിച്ച ബദൽ മാതൃകയായ കിഫ‌്ബി വിജയത്തിലേക്കെത്തുമ്പോഴാണ‌് തകർക്കാൻ പരസ്യമായ തന്ത്രവുമായി ചെന്നിത്തലയെത്തിയത‌്. കിഫ‌്ബി നാടിന്റെ മുഖച്ഛായ മാറ്റുമ്പോൾ നേട്ടം എൽഡിഎഫിനാകുമോ എന്ന ഭയത്താൽ  അനാവശ്യവാദങ്ങളും എതിർപ്പുകളുമുയർത്തുകയാണ‌് ചെന്നിത്തല. നിയമസഭയിലും പുറത്തും തൊടുന്യായം പറഞ്ഞ‌് പദ്ധതിയുമായി സഹകരിക്കുന്നവരെ പിന്തരിപ്പിക്കാൻ ശ്രമിച്ചു. കിഫ‌്ബിയുടെ ഏറ്റവും വലിയ മുന്നേറ്റമായി, വിദേശത്തുനിന്ന‌് നിക്ഷേപമെത്തുന്നതിനെ അവസാനനിമിഷവും തുരങ്കം വയ‌്ക്കാൻ ശ്രമിച്ചതിലൂടെ  വികസനമല്ല തന്റെ ലക്ഷ്യമെന്ന‌് ഊന്നിപ്പറയുകയായിരുന്നു ചെന്നിത്തല. മസാല ബോണ്ടുവഴി 2150 കോടി രൂപ വിദേശനിക്ഷേപകരിൽനിന്ന‌് എത്തുമെന്ന അവസ്ഥയിൽ, കിഫ‌്ബി പദ്ധതി ‘ഉഡായിപ്പാ’ണെന്ന അസത്യം പ്രചരിപ്പിക്കാൻ ചാടിയിറങ്ങി.

വിശ്വാസ്യത  ഉറപ്പാക്കി
കാൽപ്പനികനായ ധനമന്ത്രിയുടെ യാഥാർഥ്യബോധമില്ലാത്ത ആഗ്രഹമെന്നാണ‌് ചെന്നിത്തല കിഫ‌്ബിയെ കളിയാക്കിയത‌്. എന്നാൽ, നിയമസഭ കിഫ‌്ബി ബിൽ ഐകകണ‌്ഠ്യേന പാസാക്കി. സഭയിലും പുറത്തും എല്ലാ ചർച്ചകൾക്കും സംശയങ്ങൾക്കും ഒരു മറയുമില്ലാതെ സർക്കാർ വ്യക്തമായ മറുപടി നൽകി.  സംശയം ഉന്നയിച്ചപ്പോഴെല്ലാം ലളിതഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന നിലയിൽ ധനമന്ത്രിയും മുഖ്യമന്ത്രിയും മറുപടി നൽകി. പണം ലഭ്യമാകുന്ന രീതികളും തിരിച്ചടവും വിശദീകരിച്ചു. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനംവരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ സെസും കിഫ‌്ബിയുടെ ഭാവി വരുമാന സ്രോതസ്സായി ഉറപ്പാക്കി. 2031 വരെ കിഫ‌്ബിയിലേക്ക‌് ഈ തുക കൃത്യമായി എത്തുന്നതിനുള്ള നിയമപരമായ ബാധ്യതയും ഉറപ്പാക്കി. വിദേശ നിക്ഷേപകരെയും നമ്മുടെ നിക്ഷേപ പദ്ധതികളിലേക്ക‌് ആകർഷിക്കുന്നതിന‌് നടപടികൾ ആരംഭിച്ചു.

അന്താരാഷ്ട്ര റേറ്റിങ്ങിൽ മുന്നിൽ
കൃത്യമായ ആസൂത്രണത്തിലൂടെ നടപടികൾ മുന്നേറി. വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം കടപ്പത്രങ്ങൾ വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ‌് ആവിഷ‌്കരിച്ചത‌്. നിക്ഷേപപദ്ധതി എല്ലാവരാലും അംഗീകരിക്കപ്പെടുന്ന തരത്തിലുള്ള വിശ്വാസ്യത ഉറപ്പാക്കുകയെന്നത‌് വെല്ലുവിളി നിറഞ്ഞ ദൗത്യമായി. അന്തരാഷ്ട്ര ക്രെഡിറ്റ‌് റേറ്റിങ‌് ഏജൻസികളുടെ ഉയർന്ന റേറ്റിങ‌് ഉറപ്പാക്കുക എന്ന ദൗത്യം വിജയത്തിലെത്തി. അതിനുള്ള വിശ്വാസ്യത ഉറപ്പാക്കാനുള്ള ഘടനാപരമായ പരിശോധനാ സംവിധാനങ്ങൾ ഒരുക്കി. സാമൂഹിക, സാമ്പത്തിക വിദഗ‌്ധർ അടക്കമുള്ളവരുടെ മേൽനോട്ടവും പരിശോധനയും കിഫ‌്ബിയുടെ ഫണ്ട‌് വിനിയോഗത്തിലും പദ്ധതി തെരഞ്ഞെടുപ്പിലും നടത്തിപ്പിലുമെല്ലാം ഉറപ്പാക്കി.
 

പ്രൊഫഷണൽ മികവ‌്
സംസ്ഥാനത്തിന്റെ പദ്ധതിനടത്തിപ്പിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രൊഫഷണലിസത്തിന്റെ കൈയൊപ്പ‌് കിഫ‌്ബി പദ്ധതികളിൽ പതിഞ്ഞു. ഇത‌് ആഗോളതലത്തിൽ ക്രെഡിറ്റ‌് ഏജൻസികളുടെയും നിക്ഷേപകരുടെയും അംഗീകാരത്തിന‌് കാരണമായി.

ഇന്ത്യാ സർക്കാരിനുമാത്രം അനുവദിക്കുന്ന ക്രെഡിറ്റ‌് റേറ്റിങ്ങിന‌് തൊട്ടുതാഴെയുള്ള റേറ്റിങ്ങാണ‌് മുൻനിര അന്തരാഷ‌്ട്ര ഏജൻസികൾ കിഫ‌്ബിക്ക‌് നൽകിയത‌്. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിപണിയിൽ കടപ്പത്രം എത്തിയ ദിവസംതന്നെ കിഫ‌്ബി ഉഡായിപ്പാണ‌് എന്ന‌് പര്യസമായി ചെന്നിത്തല പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യം മറനീക്കി പുറത്തുവന്നു.

ഇവിടെയും നിർത്താൻ തയ്യാറാകുന്നില്ല. മസാല ബോണ്ട‌് മധുരത്തിൽ പൊതിഞ്ഞ പാഷാണമാണെന്നാണ‌് പുതിയ കണ്ടുപിടിത്തം.
ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുക, പദ്ധതിക്കെതിരെ വ്യാജപ്രചാരണം നടത്തുക തുടങ്ങിയ കുതന്ത്രങ്ങൾ തുടരുകയാണ‌് പ്രതിപക്ഷനേതാവ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Umb6Uj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages