കോതമംഗലം
‘‘നാൽപ്പത്താറ‌് ദിവസം പണി ചെയ‌്ത കൂലി കിട്ടാനുണ്ട‌്. നവംബറിന‌് ശേഷം ഒരു രൂപ പോലും ലഭിച്ചിട്ടില്ല. മരുന്നും അവശ്യസാധനങ്ങളും വാങ്ങണമെങ്കിൽ കടം വാങ്ങണം.’’ 72 വയസ്സായ കുട്ടമ്പഴ പഞ്ചായത്തിലെ തൊഴിലുറപ്പ‌് തൊഴിലാളി അമ്മിണി വേലുവിനും കീരമ്പാറയിലെ തോരൻ കിളിയുടെയും സങ്കടം, കേരളത്തിന്റെകൂടിയാകുന്നു. ഇടുക്കി മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജിനോടാണ‌് അമ്മിണി ഉൾപ്പെടെയുള്ള നൂറുകണക്കിന‌് തൊഴിലാളികൾ തങ്ങളുടെ ദുരിതാവസ്ഥ വിവരിച്ചത‌്. തൊഴിലുറപ്പ‌് മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിലുള്ള പ്രതിഷേധങ്ങൾ ഓരോ ഗ്രാമങ്ങളിലും നിറയുകയാണ‌്.
കേരളത്തിലെ തൊഴിലുറപ്പ‌് തൊഴിലാളികൾക്ക‌് 1300 കോടിയോളം രൂപയാണ‌് കേന്ദ്രം നൽകാനുള്ളത‌്. നേരത്തെ കുടിശ്ശിക കൂടിയപ്പോൾ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി ജോയ‌്സ‌് ജോർജ‌് നിരന്തരം ഇടപെട്ടാണ‌് പണം അനുവദിപ്പിച്ചത‌്. ബജറ്റിൽ അനുവദിച്ച പണം തീർന്നതോടെ കേരളത്തിലേക്കുള്ള തുക ലഭിക്കാതായി. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും കുടിശ്ശിക ഉൾപ്പെടെയുള്ള തുക ഏപ്രിൽ ഒന്നു മുതൽ ലഭ്യമാക്കാൻ നടപടിയായതായും ജോയ‌്സ‌് ജോർജ‌് അറിയിച്ചത‌് സ‌്ത്രീ തൊഴിലാളികൾ കൈയടിയോടെയാണ‌് സ്വീകരിച്ചത‌്. ആരുടെയും പണം നഷ‌്ടമാകില്ലെന്നും തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും ജോയ‌്സ‌് ജോർജ‌് പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ 16–-ാം വാർഡ‌്, അഞ്ചാം വാർഡ‌്, കീരമ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡ‌് എന്നിവിടങ്ങളിലെ നൂറോളം തൊഴിലുറപ്പു തൊഴിലാളികളെ നേരിൽ കണ്ടു. മിക്കവരും പ്രായംചെന്ന സ‌്ത്രീകളായിരുന്നു. ഇതിൽ 152 ദിവസംവരെ പണിയെടുത്തവരുണ്ട‌്. സംസ്ഥാന സർക്കാരിന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരായിരുന്നു മിക്കവരും. വീട്ടിലേക്കുള്ള റോഡ‌് നന്നാക്കേണ്ടതും കൈവശാവകാശ രേഖ ലഭിക്കാത്തതും തൊഴിലാളികൾ ഉന്നയിച്ചു.
വ്യാഴാഴ‌്ച കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത‌് ആദിവാസി കുടിയിൽ വോട്ട‌് അഭ്യർഥിച്ചെത്തിയ ജോയ‌്സ‌് ജോർജിന‌് ഹൃദ്യമായ സ്വീകരണമാണ‌് ലഭിച്ചത‌്. സ്വന്തം ഭൂമിയിൽ കിടന്നുറങ്ങാൻ എൽഡിഎഫ‌് സർക്കാർ ഇടപെട്ടാണ‌് വനാവകാശ നിയമപ്രകാരമുള്ള പട്ടയം ലഭ്യമാക്കിയതെന്നും വഴിയും വൈദ്യുതിയും വിദ്യാഭ്യാസ സൗകര്യവുമൊരുക്കിയതും മറക്കാനാകില്ലെന്നും വെള്ളാരംകുത്തുകുടിയിലെ കമലം ശിവരാമനും ഉഷയും പറഞ്ഞു. കൈവശരേഖ ലഭിച്ച തലവച്ചപ്പാറ കുടിയിലെ എസ‌്ടി പ്രൊമോട്ടർ ഗോപി ബദറനും എൽഡിഎഫ‌് സർക്കാരിന്റെ സഹായങ്ങളെക്കുറിച്ചാണ‌് പറയാനുള്ളത‌്. ബ്ലാവനയിൽ മരിച്ച കുന്നുംപുറത്ത‌് മറിയം കുര്യന്റെയും പൂയംകുട്ടി മേക്കാട്ടുകുന്നേൽ തോമസ‌് ജോസഫിന്റെയും ബന്ധുക്കളെ സന്ദർശിച്ചു. കുട്ടമ്പുഴയിലെ മരിയ സദനത്തിലെയും കീരമ്പാറ സ‌്നേഹ സദൻ എന്നിവിടങ്ങളിലെ അന്തേവാസികളെയും സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾക്ക‌് ശേഷം പൈമറ്റത്ത‌് സമാപിച്ചു. ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ‌്ണൻ, ഷാജി മുഹമ്മദ‌് എന്നിവരും എൽഡിഎഫ‌് പ്രവർത്തകരും എംപിക്കൊപ്പമുണ്ടായിരുന്നു.

ആശ്വാസമേകി മരിയസദനിൽ
കോതമംഗലം
റേഷൻ വാങ്ങാൻ ട്രഷറിയിൽ ചെലാൻ അടയ‌്ക്കുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നായിരുന്നു ഞായപ്പിള്ളി മരിയസദനിലെ സിസ്റ്റർമാരായ സാൽവിയയുടെയും ജോസെലിനിന്റെയും ആവശ്യം. ഇടുക്കി പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ജോയ‌്സ‌് ജോർജിനോടായിരുന്നു ഇരുവരും പ്രയാസങ്ങൾ പങ്കുവച്ചത‌്.
ജീവിതത്തിൽ ഒറ്റപ്പെട്ടവരും മാനസികവെല്ലുവിളി നേരിടുന്നവരുമായ 26 സ‌്ത്രീകളാണ‌് മരിയസദനിലുള്ളത‌്. ഇരുകാലുകളും മുറിച്ചുമാറ്റിയ തൊണ്ണൂറ്റിമൂന്നുകാരിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എംപി എല്ലാവരോടും വിവരങ്ങൾ ആരാഞ്ഞു.
മാനസികരോഗ പുനരധിവാസകേന്ദ്രമായ കീരംപാറ സ‌്നേഹസദനിലെ അന്തേവാസികളെയും ജോയ‌്സ‌് ജോർജ‌് സന്ദർശിച്ചു. 60 സ‌്ത്രീകളാണ‌് ഇവിടെയുള്ളത‌്. ഇവർക്ക‌് എംപിയും എംഎൽഎയും ചേർന്ന‌് വിളമ്പിക്കൊടുത്തു. മദർ റാണി ടോം ഇരുവരെയും പരിചയപ്പെടുത്തി. പഴയ തെരഞ്ഞെടുപ്പുചിഹ്നമായ ടോർച്ചുതന്നെ ഇത്തവണയും മതിയെന്ന അന്തേവാസികളുടെ ആവശ്യം ജോേയ‌്സ‌് ജോർജിനോടുള്ള സ‌്നേഹവായ‌്പിന്റെ അംഗീകാരമായിരുന്നു. ഇവർ തയ്യാറാക്കിയ ഭക്ഷണവും കഴിച്ചാണ‌് എംപിയും എംഎൽഎയും അഭയകേന്ദ്രത്തിൽനിന്ന‌് മടങ്ങിയത‌്.
ഭക്ഷണപ്പുരകളും സ‌്മാർട്ടായി
കോതമംഗലം
പഴയ ഓടിട്ട കെട്ടിടത്തിൽനിന്ന‌് വൃത്തിയും അടച്ചുറപ്പുമുള്ള ഊട്ടുപുരയിലേക്ക‌് മാറിയതിന്റെ സന്തോഷത്തിലാണ‌് നെല്ലിമറ്റം സെന്റ‌് ജോസഫ‌്സ‌് യുപിഎസിലെ അധ്യാപകരും വിദ്യാർഥികളും. ജോയ‌്സ‌് ജോർജ‌് എംപിയുടെ ശ്രമഫലമായി മൂന്ന‌് ലക്ഷം രൂപ ചെലവിലാണ‌് കിച്ചൻ കോംപ്ലക‌്സ‌് പൂർത്തിയാക്കിയത‌്.
സ‌്കൂളിനോട‌് ചേർന്നുതന്നെയാണ‌് പുതിയ ഊട്ടുപുരയുടെ നിർമാണം. വിറകടുപ്പിന‌് പകരം പാചക വാതകം. ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ സ‌്റ്റോർ മുറി. 2015ൽ പണം അനുവദിച്ച‌് നാലുമാസംകൊണ്ടാണ‌് നിർമാണം പൂർത്തിയാക്കിയത‌്. 301 ചതുരശ്ര അടിയിൽ നിർമിച്ച അടുക്കളയിൽ വെള്ളവും വൈദ്യുതിയും ലഭ്യമാക്കി.
ഭിന്നശേഷിക്കാരായ 18 പേർ ഉൾപ്പെടെ 270 വിദ്യാർഥികളാണ‌് സ‌്കൂളിലുള്ളത‌്. ബിആർസി വഴി ഭിന്ന ശേഷിക്കാർക്ക‌് വീൽചെയറുകൾ, വാക്കർ, ഷൂസ‌് എന്നിവ ലഭ്യമാക്കി. ഇവർക്ക‌് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ‌് പരിശീലനം. ഭിന്നശേഷിക്കാരായ കുട്ടികളിലൊരാൾക്ക‌് 3,000 രൂപ യാത്രാപടിയായി ബിആർസി വഴി നൽകുന്നുണ്ട‌്. അഞ്ചുപേർക്ക‌് 2,000 രൂപവീതം സ‌്റ്റൈപ്പൻഡും നൽകുന്നു. നെല്ലിമറ്റം സ‌്കൂളിലേതുൾപ്പെടെ ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്നത‌് പ്രതീക്ഷ റിഹാബിലിറ്റേഷൻ സെന്ററിലാണ‌്. ഇവരെ സ‌്കൂളിലെത്തിക്കാനും വാഹന സൗകര്യമുണ്ട‌്. ബിആർസി പ്രവർത്തനം ഊർജിതമായതോടെ ഇത്തരം കുട്ടികളുടെ പഠന നിലവാരവും പ്രതികരണശേഷിയും വർധിപ്പിക്കാനായി.
50 ലക്ഷം രൂപ ചെലവിൽ ആയവന എസ‌്എച്ച‌്എച്ച‌്എസ‌്എസിനും വൃത്തിയുള്ള ഭക്ഷണശാല നിർമിച്ചുനൽകിയതും ജോയ‌്സ‌് ജോർജ‌് എംപിയുടെ ഇടപെടലിനെത്തുടർന്നായിരുന്നു.

from Kerala || Deshabhimani Online News https://ift.tt/2HOLQzh
via IFTTT
No comments:
Post a Comment