കൊച്ചി
എണ്ണമല്ല; നിലപാടുകളാണ് ഇടതുപക്ഷത്തിന്റെ കരുത്ത് നിർണയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ്. എകെജിസിടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രാജേന്ദ്രമൈതാനിയിൽ ചേർന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയവിരുദ്ധ മതനിരപേക്ഷ നിലപാടാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. ജനാധിപത്യത്തിൽ എണ്ണത്തിന്റെ കരുത്ത് ആർക്കും നിശ്ചയിക്കാൻ സാധിക്കില്ല. വിധിനിർണയത്തിന്റെ സ്വഭാവമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെയും അധ്യാപകരുടെയും തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉൾപ്പെടെ നിരവധി സമരങ്ങൾ നടന്നു. അതെല്ലാം കേന്ദ്രനയങ്ങൾക്ക‌് എതിരെയായിരുന്നു. ഒരു പ്രലോഭനത്തിലും വഴങ്ങാതെ ആ നയങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുമാത്രമാണുള്ളത്. അക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസിനേക്കാൾ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണ്. ഇനി അധികാരത്തിലേറുന്ന സർക്കാരിനെ, വർഗീയതയ്‌ക്കെതിരെയുള്ള മതനിരപേക്ഷ സർക്കാരാക്കി നിലനിർത്താനുള്ള ശക്തമായ ഇടപെടൽ നടത്താൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശവും ആരുടെയും കുത്തകയല്ല. അങ്ങനെ പറയുന്നത് ജനങ്ങളുടെ വിവേചനബുദ്ധിയെ ചെറുതായി കാണുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
നിർണായകം എന്ന പദം എന്താണോ അർഥമാക്കുന്നത്, അത് പൂർണമായും ഉൾക്കൊള്ളുന്നതാണ് 17–-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ജനാധിപത്യം, മതനിരപേക്ഷത, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, മതനിരപേക്ഷവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം എന്നിവ നിലനിർത്താൻ കഴിയുമോയെന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
ബിജെപി സർക്കാർ അഞ്ചുവർഷംകൊണ്ട് ഭരണ, നീതിന്യായ, വിദ്യാഭ്യാസ സംവിധാനങ്ങളിലുണ്ടാക്കിയ ആഘാതം പുതിയ സർക്കാരിന‌് പൂർണമായും മാറ്റാൻ സാധിക്കില്ല. അത്ര ചെറിയ ആഘാതമല്ല ബിജെപി ഭരണമുണ്ടാക്കിയത്. രാജ്യത്തിന്റെ പ്രധാന മേഖലകളിലെല്ലാം വർഗീയത സൃഷ്ടിച്ചു. ശാസ്ത്ര കോൺഗ്രസിൽപ്പോലും ശാസ്ത്രവിരുദ്ധ ചിന്തകൾ അവതരിപ്പിക്കപ്പെട്ടു. നീതിന്യായസംവിധാനത്തിൽ ബാഹ്യമായ ഇടപെടലുകളുണ്ടെന്ന് തുറന്നുപറഞ്ഞ് നാല് സുപ്രീംകോടതി ജഡ‌്ജിമാർ രംഗത്തുവന്നതും ഇക്കാലത്താണ്. പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെല്ലാം പ്രത്യേക സംഭാവനകളൊന്നും നൽകാത്ത ബിജെപിക്കാരുടെ പ്രിയപ്പെട്ടവരെ നിയമിച്ചു. ഈ ഘട്ടത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണുള്ളതെന്നും രാജീവ‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CuUakg
via IFTTT
No comments:
Post a Comment