സീറ്റ‌് തർക്കവും സ്ഥാനാർഥി നിർണയവും യുഡിഎഫിലുണ്ടാക്കിയ വിള്ളലിന‌് തടയിടുന്നതിനായി പി ജെ ജോസഫിന‌് ഇടുക്കി സീറ്റ‌് നൽകാൻ അണിയറ നീക്കം. യുഡിഎഫ‌് സ്വതന്ത്രനാക്കാനാണ‌് ആലോചന. ജോസഫ‌് വാഴക്കൻ, ഡീൻ കുര്യാക്കോസ‌് എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ‌് തയ്യാറാക്കിയ സാധ്യതാ പട്ടിക അട്ടിമറിച്ചാണ‌് ഈ നീക്കം.
രാഹുൽ ഗാന്ധിയുമായി കോഴിക്കോട‌് നടത്തിയ കൂടിക്കാഴ‌്ചയിലാണ‌് പി കെ കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത‌് പുതിയ ഫോർമുല മുന്നോട്ടുവച്ചത‌്. കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തു. സ്ഥാനാർഥി നിർണയം, സീറ്റ‌് വിഭജനം എന്നിവയിലെ തർക്കം ഇവിടെ തീർത്ത‌് പട്ടിക കൈമാറാനാണ‌് ഹൈക്കമാന്റ‌് നിർദേശം. അതേസമയം ജോസഫിന‌് കോൺഗ്രസ‌് സീറ്റ‌് വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി മുതിർന്ന നേതാക്കൾ തന്നെ രംഗത്തുവന്നു. ഇടുക്കിയിൽ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരും കലാപം ഉയർത്തും. ഈ സാഹചര്യത്തിൽ ജോസഫിന‌് സീറ്റ‌് നൽകാനുള്ള സാധ്യത വിരളമാണെന്നും ഒരു വിഭാഗം പറയുന്നു.
ജോസഫിനെ ഇപ്പോൾ സ്വതന്ത്രനാക്കി മത്സരിപ്പിച്ചാലും ഭാവിയിൽ ഇടുക്കി സീറ്റ‌് കേരളാ കോൺഗ്രസ‌് ജോസഫിന‌് സ്ഥിരമാകും. ഇതും കോൺഗ്രസിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട‌്. പ്രശ‌്നം പരിഹരിക്കാൻ ഇടപെടുന്നത‌് ലീഗാണെങ്കിലും ജോസഫിന‌് സീറ്റ‌് കൈമാറുന്നതിൽ അവരുടെ നേതാക്കളിലും അമർഷമുണ്ട‌്. കേരളാ കോൺഗ്രസിനേക്കളും ശക്തരായിട്ടും മൂന്നാമതൊരു സീറ്റ‌് തങ്ങൾക്ക‌് കിട്ടാത്തതാണ‌് അവരിൽ പ്രതിഷേധം ഉയർത്തുന്നത‌്.മാണിയുമായി ഒന്നിച്ചുപോകാൻ ഇനി കഴിയില്ലെന്ന‌് കഴിഞ്ഞ ദിവസം കോൺഗ്രസ‌് നേതൃത്വത്തെ അറിയിച്ച ജോസഫ‌്, കേരള കോൺഗ്രസ‌് ജെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ജോസഫ‌് വിമതനായി രംഗത്ത‌് വരുമോയെന്ന ആശങ്കയും അദ്ദേഹത്തെ പിണക്കിയാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന ഭീതിയും മൂലമാണ‌് കോൺഗ്രസിന‌് മനം മാറ്റമുണ്ടായത‌്. കോട്ടയം സീറ്റ‌് തിരിച്ചെടുത്താൽ അത‌് മാണിയെ പ്രകോപിപ്പിക്കുമെന്നും കരുതുന്നു. ഇടുക്കിയിൽ ജോസഫ‌് മൽസരിക്കുന്നതിനോട‌് മാണി പക്ഷത്തും വിമുഖതയില്ല.യുഡിഎഫ‌് സ്വതന്ത്രനാകുന്ന ജോസഫ‌് പിന്നീട‌് കോൺഗ്രസിൽ ചേരുമോ പ്രത്യേകം പാർടിയായി നിൽക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന‌് കോൺഗ്രസ‌് മുസ്ലീംലീഗ‌് നേതൃത്വത്തോട‌് ആവശ്യപ്പെട്ടു. അതിനിടെ ഇടുക്കിയിൽ സാധ്യതാ പട്ടികയിൽ ഇടംപിടിച്ച ഡീൻ കുര്യാക്കോസ‌്, ജോസഫ‌് വാഴക്കൻ എന്നിവർ കോൺഗ്രസ‌് നേതൃത്വത്തെ അതൃപ‌്തി അറിയിച്ചു.
അതേസമയം, രാഹുൽ ഗാന്ധി സന്ദർശനം കഴിഞ്ഞ‌് മടങ്ങിയെങ്കിലും കോൺഗ്രസ‌് സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച അനിശ‌്ചിതത്വം തുടരുകയാണ‌്. വെള്ളിയാഴ‌്ചയും ശനിയാഴ‌്ചയും ഡൽഹിയിൽ സ‌്ക്രീനിങ‌് കമ്മിറ്റി ചേരുന്നുണ്ട‌്. ശനിയാഴ‌്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ‌് കോൺഗ്രസ‌് വൃത്തങ്ങൾ പറയുന്നത‌്.
ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും മൽസരിക്കണമോയെന്ന കാര്യത്തിൽ രാഹുലാണ‌് തീരുമാനം എടുക്കേണ്ടത‌്. ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ‌് നേതാക്കളോട‌് ഇതുവരെ അദ്ദേഹം മനസ്സ‌് തുറന്നിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തില്ലെന്ന‌് ഏതാണ്ട‌് ഉറപ്പായിട്ടുണ്ട‌്. ഇടുക്കി ജോസഫിന‌് കൊടുത്താൽ ഉമ്മൻചാണ്ടിയും കളം വിടും. പത്തനംതിട്ടയിൽ ആന്റോആന്റണിക്ക‌് നറുക്കുവീഴും. സിറ്റിങ‌് സീറ്റിൽ പിന്നീട‌് തർക്കമുള്ളത‌് എറണാകുളത്താണ‌്. അവിടെ കെ വി തോമസ‌് മാറുമെന്ന‌് ഒരു വിഭാഗം നേതാക്കൾ തീർത്തുപറയുന്നുണ്ട‌്.
എന്നാൽ കെ വി തോമസ‌് സ്വന്തം നിലയ‌്ക്ക‌് പ്രചാരണം തുടങ്ങി. ചാലക്കുടിയിൽ ബെന്നി ബെഹനാനും ചുവരെഴുത്ത‌് ആരംഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/2XVM6lG
via IFTTT
No comments:
Post a Comment