കൊച്ചി> നടൻ ശ്രീനിവാസനും എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവും കണ്ടുമുട്ടിയപ്പോൾ സിനിമയും രാഷ‌്ട്രീയവും ചർച്ചയ‌്ക്ക‌് പുറത്തായത‌് സ്വാഭാവികം. എവിടെ വരെയായി പ്രവർത്തനങ്ങൾ എന്ന ശ്രീനി സ‌്റ്റൈൽ ചോദ്യത്തിനുള്ള രാജീവിന്റെ മറുപടിയൊഴിച്ചാൽ സംസാരത്തിൽ മുഴുവൻ ജൈവകൃഷിയായിരുന്നു. ബുധനാഴ‌്ചത്തെ പര്യടനത്തിനിടയിലാണ‌് രാജീവ‌് ഉദയംപേരൂരിൽ ശ്രീനിവാസന്റെ വീട്ടിലെത്തിയത‌്.
ശ്രീനിവാസന്റെ ഭാര്യ മധുരം നൽകി രാജീവിനെ വീട്ടിലേക്ക‌് വരവേറ്റു. ജില്ലയിൽ ജൈവകൃഷി സജീവമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാജീവിനോട‌് അതിന്റെ വിവരങ്ങൾ ശ്രീനിവാസൻ ചോദിച്ചറിഞ്ഞു. ജില്ലയിൽ തരിശുകിടന്ന 2000 ഏക്കറോളം ഭൂമിയിൽ പുതുതായി കൃഷി തുടങ്ങിയെന്ന‌് രാജീവ‌് അറിയിച്ചപ്പോൾ ഗൗരവത്തിലായിരുന്ന കൃഷി ചർച്ചയ‌്ക്ക‌് നിറംപകർന്ന‌് ശ്രീനിവാസന്റെ മുഖത്ത‌് നിറഞ്ഞ ചിരി പടർന്നു.
ബുധനാഴ്ച തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. പള്ളുരുത്തിയിൽ നിന്നാണ‌് ഉദയംപേരൂരിലെത്തിയത‌്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ‌്എസ‌്എൽസി പരീക്ഷ എഴുതുന്ന ഉദയംപേരൂർ എസ‌്എൻഡിപി എച്ച‌്എസ‌്എസിൽ രാജീവ‌് എത്തുമ്പോൾ കുട്ടികൾ പരീക്ഷാഹാൾ വിട്ടിറങ്ങി തുടങ്ങിയിരുന്നു. പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനു എളുപ്പമായിരുന്നു എന്ന‌് കോറസായി മറുപടി. എല്ലാവർക്കും വിജയാശംസകൾ നേർന്ന‌് പുറത്തേക്ക‌്.
പായ‌്ക്കപ്പലോട്ടത്തിനിടെ പരിക്കേറ്റ അഭിലാഷ‌് ടോമിയുടെ പിതാവിനെ കണ്ടനാട്ടെ വീട്ടിൽ സന്ദർശിച്ചു. ഗോവയിലുള്ള അഭിലാഷ‌് സുഖം പ്രാപിച്ചതായും പായ‌്ക്കപ്പലോട്ട മത്സരവിജയികൾക്കുള്ള പുരസ‌്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ അടുത്തമാസം ഫ്രാൻസിലേക്കു പോകുമെന്നും ടോമി പറഞ്ഞു. അപകടമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിവരവും ടോമി നന്ദിയോടെ സ‌്മരിച്ചു.
വലിയകുളം ഗവ. വിജ്ഞാനോദയം ജൂനിയർ ബേസിക‌് സ‌്കൂളിലെത്തുമ്പോൾ സ‌്കൂൾ വാർഷികാഘോഷപരിപാടികൾ ഉച്ചസ്ഥായിയിലായിരുന്നു. ദാ എനിക്കും നിങ്ങൾക്കുമെല്ലാം ഏറ്റവും പ്രിയപ്പെട്ട രാജീവ‌് വരുന്നു എന്ന‌് നടൻ ഹരിശ്രീ അശോകന്റെ ശബ‌്ദത്തിൽ അനൗൺസ‌്മെന്റ‌് മുഴങ്ങിയത‌് ചിലരെയെങ്കിലും അമ്പരപ്പിച്ചു. പരിപാടിയിലെ മുഖ്യാഥിതിയായിരുന്ന ഹരിശ്രീ അശോകൻ പ്രസംഗത്തിനിടെ രാജീവ‌് ഗേറ്റ‌് കടന്നുവരുന്നത‌് കണ്ട‌് അനൗൺസറുടെ വേഷമിട്ടതാണ‌്. പരിപാടിക്ക‌് ആശംസകൾ നേർന്ന‌് എല്ലാവരെയും അഭിവാദ്യം ചെയ‌്ത‌് പുറത്തിറങ്ങുമ്പോൾ പ്രഥമാധ്യാപിക ഓടിയെത്തി.- രാജീവ‌് എംപിയായിരിക്കെ സ‌്കൂളിന‌് ബസ‌് നൽകിയതിന്റെ നന്ദി അറിയിച്ചു.
അന്തരിച്ച ടി ആർ ഗോപിനാഥിന്റെ കുടുംബാംഗങ്ങളെയും തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രം ഭാരവാഹികളെയും സന്ദർശിച്ചു. തുടർന്ന് നാടകനടൻ വർഗീസ് കാട്ടിപ്പറമ്പൻ, ഗായകൻ മധു ബാലകൃഷ്ണൻ എന്നിവരുടെ വീട്ടിലും ട്രൂറ യോഗത്തിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും എത്തി. എൻഎസ‌്എസ‌് സെൻട്രൽ കരയോഗം ഭാരവാഹികളെയും സന്ദർശിച്ചു.
കശ‌്മീരിൽ പാക‌് സൈനികരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ‌് നായിക‌് ആന്റണി സെബാസ‌്റ്റ്യന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനും ചേർന്ന‌് വരവേറ്റു. തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ ഒപ്പമുണ്ടായിരുന്നു. മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ താമസിക്കുന്ന പള്ളുരുത്തിയിലെ കൊത്തലങ്കയിൽ കനിവ് പാലിയേറ്റീവിന്റെ ചെയർമാൻകൂടിയായ രാജീവ് ഏറെസമയം ചെലവഴിച്ചു. പാപ്പുക്കുട്ടി ഭാഗവതരെ വീട്ടിലെത്തി കണ്ടു. പള്ളുരുത്തി ബിന്നി റോഡിലെ സെലീഷ്യസ് കോൺമെന്റ്, ഡോൺ ബോസ‌്കോ സ്കൂൾ, മധുരക്കമ്പനി സെന്റ് ജോസഫ് പള്ളി, മുജാഹിദ് പള്ളി, സെന്റ് ഡോമനിക് സ്കൂൾ, സെന്റ് റീത്താസ് കോൺവെന്റ്, പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി, ഊരാളക്കശേരി ക്ഷേത്രം,
പൈ റോഡിലെ ക്രിസ്ത്യൻ ദേവാലയം, പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയം, പാലമറ്റം സിസ്റ്റേഴ‌്സ് കോൺവന്റ്, ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രം, ജ്ഞാനോദയം സഭാ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. ഉത്സവം നടക്കുന്ന ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തരും ക്ഷേത്രഭാരവാഹികളും ചേർന്ന‌് രാജീവിനെ വരവേറ്റു.
കെട്ടിവയ‌്ക്കാനുള്ള തുക ഫാക്ട‌് ജീവനക്കാരുടെ വക
കളമശേരി
പി രാജീവിന് ലോക‌്സഭാ സ്ഥാനാർഥിയാകാൻ കെട്ടിവയ‌്ക്കാനുള്ള തുക ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കളമശേരിയിൽ നടന്ന മണ്ഡലം കൺവൻഷനിൽ കൈമാറി. പ്രസിഡന്റ് കെ എൻ രവീന്ദ്രനാഥ്, വർക്കിങ് പ്രസിഡന്റ‌് പി എസ് അഷ്റഫ്, ജനറൽ സെക്രട്ടറി എം എം ജബ്ബാർ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

from Kerala || Deshabhimani Online News https://ift.tt/2TBBzNS
via IFTTT
No comments:
Post a Comment