ഇടതുപക്ഷത്തിന‌് എന്താണ‌് പ്രസക്തിയെന്നു ചോദിക്കുന്നവർ 2004ലെ തെരഞ്ഞെടുപ്പ‌് ഓർക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരുന്നു അന്ന‌്. വാജ‌്പേയി സർക്കാരിന‌് തുടർച്ചയുണ്ടാകുന്നത‌് അപകടമാണെന്ന‌് രാജ്യം തിരിച്ചറിഞ്ഞു. എന്നിട്ടും ഭരണത്തിൽ വരാൻ ബിജെപി ശ്രമമമാരംഭിച്ചപ്പോഴാണ‌് ആ വിപത്ത‌് തടയണമെന്ന ജനങ്ങളുടെ ആഗ്രഹപ്രകാരം ഇടതുപക്ഷം യുപിഎയ‌്ക്ക‌് പിന്തുണ നൽകിയത‌്. യുപിഎ
സർക്കാരിന്റെ ഒട്ടേറെ ജനവിരുദ്ധ നടപടികളെ തടയാൻ ഇടതുപക്ഷത്തിനായി. കണ്ണൂർ കാൾടെക‌്സിലെ എ കെ ജി പ്രതിമയിൽ പുഷ‌്പാർച്ചനയ‌്ക്കുശേഷം അനുസ‌്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുപിഎയ‌്ക്ക‌് ഭരണത്തിന‌് ഇടതുപക്ഷത്തിന്റെ പിന്തുണ അനിവാര്യമായതിനാലാണ‌് ജനവിരുദ്ധ നടപടികൾ തടയാനായത‌്. ഇത‌് അലോസരമായി കോൺഗ്രസിന‌് തോന്നിയിരുന്നു. ഇടതുപക്ഷത്തിന‌് എന്നും ജനങ്ങളോടാണ‌് പ്രതിബദ്ധത. ജനവിരുദ്ധ നടപടികൾ വരുമ്പോൾ എതിർക്കുന്നത‌് സ്വാഭാവികം. ഇതിനൊപ്പം ജനോപകാരപ്രദമായ നടപടികളെടുപ്പിക്കാനുമായി. തൊഴിലുറപ്പുപദ്ധതി, വനാവകാശ നിയമം എന്നിവയൊക്കെ നടപ്പായത‌് സമ്മർദഫലമായാണ‌്. എല്ലാ അതിരുകളും ലംഘിച്ച‌് ജനവിരുദ്ധ നടപടികളിലേക്കും രാജ്യത്തിനെതിരായ നടപടികളിലേക്കും കടന്നപ്പോൾ പിന്തുണയില്ലെന്ന‌് ഇടതുപക്ഷം പ്രഖ്യാപിച്ചു. എന്നാൽ അതൊരു സ്വൈരമായാണ‌് യുപിഎ കണ്ടത‌്. ഒരു പൊല്ലാപ്പ‌് ഒഴിഞ്ഞല്ലോ എന്നായിരുന്നു ചിന്ത. പക്ഷേ, ഇടതുപക്ഷ ഇടപെടലിന്റെ ഗുണം അവർക്ക‌് കിട്ടി. 2009ലെ തെരഞ്ഞെടുപ്പിൽ ജയിച്ചുവരാൻ യുപിഎക്കായി.
യുപിഎയുടെയും കോൺഗ്രസിന്റെയും യഥാർഥ മുഖമാണ‌് പിന്നീട‌് നമ്മൾ കണ്ടത‌്. രാജ്യത്താകമാനമുള്ള ജനങ്ങൾ കൊടും അസംതൃപ‌്തിയിലായി. ഇതാണ‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഉപയോഗിച്ചത‌്. പല വാഗ‌്ദാനങ്ങളും നൽകിയാണ‌് അവർ അധികാരത്തിൽ വന്നത‌്. ഒന്നും നടപ്പാക്കിയില്ല. രണ്ടു കൂട്ടർക്കും ഒരേ നയവും നിലപാടുമാണ‌്.
ഇവർ ഇനിയും അഞ്ചു വർഷം തുടർന്നാൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. അവർക്ക‌് ഭരണഘടന വേണ്ട. മതനിരപേക്ഷതയും പാർലമെന്ററി ജനാധിപത്യവും വേണ്ട. ഇക്കാര്യത്തിലെങ്കിലും വ്യത്യസ‌്തത പുലർത്താൻ കോൺഗ്രസിന‌് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി.
from Kerala || Deshabhimani Online News https://ift.tt/2UQ0vhv
via IFTTT
No comments:
Post a Comment