കോൺഗ്രസ‌് ഓഫീസിൽ അരുംകൊലചെയ്യപ്പെട്ട ജീവനക്കാരി രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന‌് പറഞ്ഞുപറ്റിച്ച‌് കെപിസിസി. ഗൂഢാലോചനയും ഉന്നതബന്ധവുമടക്കം പ്രധാനപ്പെട്ട ആരോപണങ്ങളെല്ലാം യുഡിഎഫ‌് ഭരണകാലത്ത് അട്ടിമറിച്ചതുകൂടാതെ, കുടുംബത്തിന് സഹായം നൽകുമെന്ന വാഗ‌്ദാനവും വിഴുങ്ങി.
കൊന്ന‌് ചാക്കിൽക്കെട്ടി കുളത്തിലിട്ടശേഷവും കള്ളക്കഥ പ്രചരിപ്പിച്ച‌് വേട്ടയാടുന്നതും ബന്ധുക്കളെ വേദനിപ്പിക്കുന്നു. ദയനീയ സാഹചര്യത്തിൽ കഴിയുന്ന ഈ കുടുംബത്തിന് കെപിസിസിയോ അന്നത്തെ യുഡിഎഫ‌് സർക്കാരോ ഒരുസഹായവും നൽകിയില്ല. എന്നാൽ, സിപിഐ എം അഞ്ചുലക്ഷം രൂപ സ്വരൂപിച്ച് കുടുംബസഹായ ഫണ്ട‌് നൽകി.
നാടിനെ നടുക്കിയ അരുംകൊല സംബന്ധിച്ച വിശദമായ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട‌് രാധയുടെ സഹോദരൻ ഭാസ്കരൻ അന്നത്തെ കെപിസിസി പ്രസിഡന്റ‌് വി എം സുധീരന് നൽകിയ നിവേദനം വീണ്ടും ചർച്ചയാകുന്നു. 2014 നവംബറിൽ ജനപക്ഷ യാത്രയുമായി മലപ്പുറത്തെത്തിയ സുധീരനെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്. 2014 മാർച്ചിൽ അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ല എന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന‌് വാഗ‌്ദാനം നൽകിയ അന്നത്തെ കെപിസിസി പ്രസിഡന്റോ നിലവിലെ ഭാരവാഹികളോ ഒന്നുംചെയ‌്തില്ല.
കാണാതായ രാധയുടെ മൃതദേഹം 2014 ഫെബ്രുവരി അഞ്ചിന് ചുള്ളിയോട് ഉണ്ണികുളത്തെ കുളത്തിൽ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 12 വർഷം കോൺഗ്രസിന്റെ നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെയും മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെയും ബന്ധു ആര്യാടൻ ആസാദിന്റെയും ഓഫീസുകളിലെയും തൂപ്പുജോലിക്കാരിയായിരുന്നു രാധ. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന‌് ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ബിജു നായർ, സുഹൃത്ത് ഷംസുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ബിജുവിന്റെ അവിഹിതബന്ധം അറിയാമായിരുന്ന രാധ അത് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് പ്രതികൾ കൊലപ്പെടുത്തി എന്നായിരുന്നു അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. 2015 –-ൽ മഞ്ചേരി സെഷൻസ് കോടതി ഇരുവർക്കും ജീവപര്യന്തം കഠിനതടവും വിധിച്ചു. ദയനീയ സാഹചര്യത്തിൽ കഴിയുന്ന രാധയുടെ കുടുംബത്തിന് യാതൊരു വിധ സഹായങ്ങളും കെപിസിസിയോ അന്നത്തെ സർക്കാരോ എത്തിച്ചിരുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2BOLlS5
via IFTTT
No comments:
Post a Comment