തിരുവനന്തപുരം> പുസ‌്തകങ്ങളെ ജീവനു തുല്യം സ‌്നേഹിച്ച‌് മലയാളി മനസ്സിൽ പുത്തൻ അറിവുകളുടെയും ചിന്തയുടെയും അഗ്നിജ്വാല തെളിച്ച പി ഗോവിന്ദപ്പിള്ളയ‌്ക്ക‌് ആദരവായി പബ്ലിക‌് ലൈബ്രറിയിൽ ‘പി ജി ബ്ലോക്ക‌്’. പുതുതായി നിർമിച്ച മന്ദിരത്തിൽ സജ്ജീകരിക്കുന്ന മലയാള പുസ‌്തക വിഭാഗത്തിന‌് പി ജിയുടെ പേര‌് നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ‌് തീരുമാനിച്ചു. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന ലൈബ്രറി എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയിലാണ‌് തീരുമാനം. ബ്ലോക്കിന്റെ ഉദ‌്ഘാടനം ഉടൻ നടക്കും. സ്വതന്ത്ര ഗവേഷണരംഗത്തിനും ധൈഷണിക ലോകത്തിനും പി ജി നൽകിയ സംഭാവനകൾ പരിഗണിച്ചാണ‌് മലയാള പുസ‌്തക വിഭാഗത്തിന‌് അദ്ദേഹത്തിന്റെ പേര‌് നൽകുന്നത‌്.
വിജ്ഞാന സൂര്യനായി മലയാളിയെ അറിവിന്റെ ശരിയായ വഴിയിലൂടെ മുന്നിൽനിന്നും നയിച്ച പിജിക്കുള്ള ഉചിത സ‌്മാരകമാകും പബ്ലിക‌് ലൈബ്രറിയിലെ ഈ ബ്ലോക്ക‌്. സ്വതന്ത്ര ഗവേഷണത്തിന‌് സഹായകമാകുന്ന വിധത്തിലാണ‌് ബ്ലോക്ക‌് ഒരുക്കുന്നത‌്. റഫറൻസ‌് പുസ‌്തകങ്ങൾ ഉൾപ്പെടെ മുഴുവൻ മലയാള പുസ‌്തകങ്ങളും ബ്ലോക്കിലേക്ക‌് മാറ്റും. പുസ‌്തകങ്ങൾ തെരഞ്ഞെടുക്കാനും സൗകര്യമായി ഇരുന്ന‌് വായിക്കാനും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കും. പുതിയ മന്ദിരത്തിൽ ലൈബ്രറിയുടെ നടത്തിപ്പിന‌് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുൾപ്പെടെ സർക്കാർ അനുമതി നൽകി കഴിഞ്ഞു.
പിജിയുടെ സ‌്മൃതികൾ തുടിക്കുന്നിടമാണ‌് പബ്ലിക‌് ലെബ്രറി. പിജിയുടെ കരസ‌്പർശം ഏൽക്കാത്ത പുസ‌്തകറാക്കുകൾ ഇവിടെയില്ല. തോളിൽ സഞ്ചിയും തൂക്കി പബ്ലിക‌് ലൈബ്രറിയിലേക്ക‌് നടന്ന‌് കയറി പുസ‌്തകങ്ങളിൽ മിഴിനട്ടിരിക്കുന്ന പിജി നഗരത്തിന്റെ പതിവ‌്ദൃശ്യങ്ങളിൽ ഒന്നായിരുന്നുവല്ലോ. ആർജിച്ച അറിവുകൾ പുസ‌്കതങ്ങളിലുടെയും വാക്കുകളിലൂടയും പി ജി ജനസഹസ്രങ്ങൾക്ക‌് പകർന്നുനൽകി. തിരുവനന്തപുരത്തുള്ള എല്ലാദിവസങ്ങളിലും പി ജി പബ്ലിക‌് ലൈബ്രറിയിൽ എത്തുമായിരുന്നു. മണിക്കൂറുകളാണ‌് ഇവിടെ ചെലവഴിച്ചത‌്. ചില ദിവസങ്ങളിൽ രാവിലെ ലൈബ്രറിയിലേക്ക‌് എത്തിയാൽ നേരം ഇരുട്ടിയ ശേഷം ഇവിടെ നിന്നും മടങ്ങുന്ന പിജിയുടെ ചിത്രം ഇന്നും നഗരമനസ്സിൽ ഒളിമങ്ങാതെയുണ്ട‌്. ലൈബ്രറിയുടെ വികസനത്തിനും അദ്ദേഹം നടത്തിയ ഇടപെടലുകൾ വലുതാണ‌്.
from Kerala || Deshabhimani Online News http://bit.ly/2SF6wAl
via IFTTT
No comments:
Post a Comment