പാലക്കാട് > അതുല്യ അഭിനയപാടവത്തിലൂടെ മലയാളിമനസ്സില്‍ അനശ്വരസ്ഥാനം നേടിയ ഒടുവില്‍ ഉണ്ണിക്കൃഷ്ണന് നിത്യസ്മാരകം. മലമ്പുഴ കേരളശേരി പഞ്ചായത്തില്‍ കാളപ്പെട്ടി ശിവക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ വസതിയായ 'നീലാഞ്‌ന'ത്തിന് സമീപത്താണ് സ്മാരകം ഒരുക്കിയത്. താരസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഭാവപ്പകര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയ ചുരുക്കം ചിലരില്‍ ഒന്നാമനായാണ് ഒടുവില്‍ സിനിമയിലെത്തിയത്.
കേരളശേരിക്ക് ഒടുവില്‍ തനി നാട്ടിന്‍പുറത്തുകാരനാണ്. ജീവിതത്തിന്റെ ഉന്നത ശ്രേണിയിലെത്തിയിട്ടും താന്‍ മരുമകനായെത്തിയ കേരളശേരി ഗ്രാമത്തിലെ ഓരോ സാധരണക്കാരനുമായി ബന്ധം പുലര്‍ത്തി. അത് വെറും ജാടയെല്ലെന്ന് തെളിയിച്ച നിരവധി സംഭവങ്ങള്‍ പ്രദേശത്തെ ജനമനസ്സിലുണ്ട്.
ജീവിച്ച് വിടവാങ്ങിയ ഗ്രാമത്തില്‍ തങ്ങളുടെ പ്രിയനടന് സ്മാരകം എന്ന കേരളശേരിക്കാരുടെ ആഗ്രഹം യാഥാര്‍ഥ്യമാകുകയാണ്. സാംസ്‌കാരിക വകുപ്പ് അനുവദിച്ച സ്മാരക നിര്‍മാണം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.
ഒടുവില്‍ വിടപറഞ്ഞ് ഒരുവര്‍ഷം തികയും മുമ്പ് 2010ല്‍ ഒരു കൂട്ടം കലാസ്‌നേഹികള്‍ ഉണ്ടാക്കിയതാണ് ഒടുവില്‍ ഫൗണ്ടേഷന്‍. ഇവരുടെ ശ്രമമാണ് സ്മാരകം യാഥാര്‍ഥ്യമായതിന്റെ ചാലകശക്തി. 2015ലെ അനുസ്മരണയോഗത്തില്‍ ഫൗണ്ടേഷന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. ഒടുവിലിന്റെ വീടിന് സമീപം അഞ്ച് സെന്റ് സ്ഥലം അഞ്ച് ലക്ഷംരൂപയ്ക്ക് വാങ്ങി. നാട്ടില്‍നിന്ന് പണം പിരിക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ സിനിമാമേഖലയിലെ ചിലരെ സമീപിച്ചു. സംവിധായകന്‍ ലാല്‍ ജോസ് ദൗത്യം ഏറ്റെടുത്തു. നാല് ലക്ഷം പിരിച്ചു.
രജിസ്‌ട്രേഷനുള്‍പ്പെടെ 5.50ലക്ഷം ചെലവായി. കെ വി വിജയദാസ് എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ ഒടുവില്‍ ഫൗണ്ടേഷന്‍ സ്മാരകനിര്‍മാണത്തിന് 25ലക്ഷംരൂപ അനുവദിച്ചു. 2017 മെയ് 18ന് മന്ത്രി എ കെ ബാലന്‍ തറക്കല്ലിട്ടു. 1200 ചതുരശ്ര അടി വരുന്ന താഴെത്തെ നിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടമായി പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തില്‍ ഒന്നാംനിലയും പൂര്‍ത്തിയാകും.
ഒടുവിലിന്റെ അഭിനയപ്രതിഭയെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തുകയും പഠനഗവേഷണത്തിനുമുള്ള സാംസ്‌കാരിക കേന്ദ്രമായി സ്മാരകത്തെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം. പ്രദേശവാസികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാനും സ്മാരകം വേദിയൊരുക്കും. ഇതിന് ഒടുവില്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കും. വയലിന്‍, ചിത്രരചന, ശാസ്ത്രീയസംഗീതം, നൃത്തപരിശീലനം എന്നിവയ്‌ക്കൊപ്പം ജീവകാരുണ്യപ്രവര്‍ത്തനവും ഫൗണ്ടേഷന്‍ നടത്തുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രചാരകനായ ഒടുവില്‍ ഉണ്ണിക്കൃഷ്ണന് നാട് നല്‍കുന്ന ഏറ്റവും വലിയ ആദരവും ഇതാണ്.
സിപിഐ എം മുണ്ടൂര്‍ ഏരിയ സെക്രട്ടറിയായ സി ആര്‍ സജീവാണ് ഫൗണ്ടേഷന്‍ പ്രസിഡന്റ്. സെക്രട്ടറി പത്മകുമാര്‍. പുതിയ സ്മാരക മന്ദിരത്തിനുമുന്നിലായി ശില്‍പ്പി ടി എം കുമാരന്‍ രൂപപ്പെടുത്തിയ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ അര്‍ധകായ പ്രതിമയുടെ പണിയും പൂര്‍ത്തിയായി. ഫെബ്രുവരിയില്‍ സ്മാരകം തുറക്കാനാണ് ശ്രമം. മുഴുവന്‍ മലയാളിയുടെയും സ്വന്തമായ ഒടുവില്‍ ഉണ്ണിക്കൃഷ്ണന് തങ്ങളുടെ നാട് അടയാളപ്പെടുത്തുന്നത് ആഘോഷമാക്കാന്‍ തയ്യാറെടുക്കുകയാണ് കേരളശേരിക്കാര്‍.
from Kerala || Deshabhimani Online News http://bit.ly/2DS3nUY
via IFTTT
No comments:
Post a Comment