അങ്ങും പുത്രവാത്സല്യത്തിൽ അന്ധനായോയെന്ന‌് എ കെ ആന്റണിയോട‌് കെഎസ‌്‌യു. കെഎസ്‌യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് കോൺഗ്രസിലെ മക്കൾരാഷ‌്ട്രീയത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം അവതരിപ്പിച്ചത്. സൈബർ ഇറക്കുമതികൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അഭിനവ പൽവാൽദേവന്മാരുടെ പട്ടാഭിഷേകം പ്രവർത്തകരിൽ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും അനിൽ ആന്റണിയുടെ പാർടിയിലേക്കുള്ള വരവിനെ സൂചിപ്പിച്ച് പ്രമേയത്തിൽ പറയുന്നു.
തലമുറമാറ്റം പ്രസംഗത്തിൽ ഒതുക്കാതെ പ്രാവർത്തികമാക്കണമെന്ന‌് ജില്ലാ വൈസ‌് പ്രസിഡന്റ‌് എസ‌് ഭാഗ്യനാഥ‌് അവതരിപ്പിച്ച രാഷ‌്ട്രീയപ്രമേയത്തിൽ പറഞ്ഞു. ചില കാരണവന്മാർ പാരമ്പര്യസ്വത്തുപോലെ മണ്ഡലങ്ങൾ കൈയടക്കിവച്ചിരിക്കുകയാണ‌്. നവോത്ഥാന കേരളത്തിലെ കോൺഗ്രസ‌് രാഷ‌്ട്രീയത്തിന്റെ പുത്തൻപ്രവണതയാണിത്. മണ്ഡലങ്ങൾ കൈയടക്കിവയ‌്ക്കുകവഴി മൂന്നു തലമുറകൾക്കുവരെ വോട്ടുരേഖപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഇവർ പൊതുസമൂഹത്തിന് നൽകുന്നത്.
മുൻകാലങ്ങളിൽ കേരളം അഭിമാനിച്ചിരുന്ന രാഷ‌്ട്രീയമൂല്യങ്ങളാണ് ഇതുവഴി തകർത്തെറിയപ്പെടുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവൻപോലും രാജ്യത്തിനുവേണ്ടി സമർപ്പിച്ച ത്യാഗത്തിന്റെ പ്രതീകമാണ് ഗാന്ധികുടുംബം. പക്ഷെ, ഈ പ്രസ്ഥാനത്തിനുവേണ്ടി കല്ലുകൊണ്ടുപോലും കാൽമുറിയാത്ത ചിലരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലിയാണ‌് ഇപ്പോൾ മുഴങ്ങുന്നത‌്.
പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം നടത്തിയും തല്ലുകൊണ്ടും കോടതി കയറിയും രാഷ‌്ട്രീയപ്രവർത്തനം നടത്തുന്ന യഥാർഥ പ്രവർത്തകരുടെ നെഞ്ചത്തേക്ക‌് നടത്തുന്ന ഇത്തരം സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടണം. “അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ” എന്ന ചോദ്യം കേരളത്തിലെ ഉന്നതനേതാക്കന്മാരോട് ചോദിക്കാൻ കെഎസ്‌യു പ്രവർത്തകർ തയ്യാറാകണം.
65 വയസ്സുണ്ടായിരുന്ന ആർ ശങ്കറിനെ കടൽക്കിഴവൻ എന്നുവിളിച്ച് പുറത്താക്കിയ അന്നത്തെ യുവകേസരികളുടെ ആർജവം ഉൾക്കൊള്ളണമെന്നും രാഷ‌്ട്രീയപ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി രാഷ‌്ട്രീയത്തിൽ പി ടി തോമസ് ആയിരുന്നു ശരിയെന്നും അന്ന് പരസ്യമായി തള്ളിപ്പറഞ്ഞവർ അദ്ദേഹത്തോട് മനസ്സുകൊണ്ടെങ്കിലും മാപ്പ് പറയണമെന്നും പ്രമേയത്തിൽ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2MY5Ksn
via IFTTT
No comments:
Post a Comment