തിരുവനന്തപുരം > കോൺഗ്രസ‌് അധികാരത്തിൽ വന്നാൽ രാമക്ഷേത്രം നിർമിക്കുമെന്ന പ്രസ‌്താവന ഹിന്ദുത്വ പ്രീണനം ലക്ഷ്യമാക്കിയുള്ളതാണെന്ന‌് പാളയം ഇമാം വി പി സുഹൈബ‌് മൗലവി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ഹരീഷ‌് റാവത്തിന്റ പ്രസ‌്താവന മുസ്ലിം ന്യൂനപക്ഷങ്ങളെ കടുത്ത ആശങ്കയിലാഴ‌്ത്തിയിരിക്കുകയാണ‌്. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി റാവത്തിനെ തിരുത്താൻ തയ്യാറാകണം.
പ്രസ‌്‌താവന മതേതരത്വത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല. വർഗീയ കാർഡിറക്കി ബിജെപിയുടെ മുന്നിൽ ചാടാനുള്ള ശ്രമങ്ങൾ കോൺഗ്രസിനെ നാശത്തിലേക്കേ കൊണ്ടുപോകൂ എന്നും പാളയം ഇമാം പറഞ്ഞു.
കോൺഗ്രസിൽ വിശ്വാസം: ഇ ടി മുഹമ്മദ‌് ബഷീർ
മലപ്പുറം > കോൺഗ്രസ‌് അധികാരത്തിലെത്തിയാൽ രാമക്ഷേത്ര നിർമാണത്തിന‌് നേതൃത്വം നൽകില്ലെന്ന‌് ഉത്തമ വിശ്വാസമുണ്ടെന്ന‌് മുസ്ലിംലീഗ‌് ദേശീയ ഓർഗനൈസിങ‌് സെക്രട്ടറി ഇ ടി മുഹമ്മദ‌് ബഷീർ എംപി. ബിജെപി നിലപാടുകളെ ശക്തമായി എതിർക്കുന്ന പാർടിയാണ‌് കോൺഗ്രസ‌്. ഹരീഷ‌് റാവത്തിന്റെ പ്രസ‌്താവന ഏത‌് സാഹചര്യത്തിലാണെന്ന‌് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാതെ കെ പി എ മജീദ‌്
മലപ്പുറം > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് അധികാരത്തിലേറിയാൽ രാമക്ഷേത്രം നിർമിക്കുമെന്ന എഐസിസി ജനറൽ സെക്രട്ടറി ഹരീഷ‌് റാവത്തിന്റെ പ്രസ‌്താവനയോട‌് പ്രതികരിക്കാൻ തയ്യാറാകാതെ മുസ്ലിംലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ‌്. പ്രസ‌്താവന ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും പറഞ്ഞ‌് മജീദ‌് ഒഴിഞ്ഞുമാറി. വിഷയത്തെക്കുറിച്ച‌് പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു യൂത്ത‌് ലീഗ‌് സംസ്ഥാന പ്രസിഡന്റ‌് പാണക്കാട‌് മുനവറലി ശിഹാബ‌് തങ്ങളുടെ മറുപടി.
മതനിരപേക്ഷതയ‌്‌ക്ക‌് എതിര‌്: അബ്ദുസമദ‌് പൂക്കോട്ടൂർ
മലപ്പുറം > രാജ്യത്ത‌് പള്ളിയോ ക്ഷേത്രമോ നിർമിക്കലല്ല, മതേതര ഭരണത്തിന‌് നേതൃത്വം നൽകുകയാണ‌് കോൺഗ്രസ‌് ചെയ്യേണ്ടതെന്ന‌് എസ‌്‌വൈഎസ‌് സംസ്ഥാന സെക്രട്ടറി അബ്ദുസമദ‌് പൂക്കോട്ടൂർ. രാമക്ഷേത്രനിർമാണത്തിന‌് ആരും എതിരല്ല. ബാബ‌്റി മസ‌്ജിദ‌് നിലനിന്നിരുന്നിടത്ത‌് രാമക്ഷേത്രം നിർമിക്കുന്നത‌് മതനിരപേക്ഷതക്കും കോടതിവിധിക്കും എതിരാണ‌്. ഭൂരിപക്ഷ വർഗീയതയിലേക്ക‌് കോൺഗ്രസ‌് പോയാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇടതുപാർടികൾക്ക‌് അവരെ പിന്തുണയ‌്ക്കാൻ പ്രയാസമാകും. എഐസിസി ജനറൽ സെക്രട്ടറി ഹരീഷ‌് റാവത്ത‌് ഭൂരിപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന പ്രസ‌്താവന നടത്തിയത‌് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മൃദുഹിന്ദുത്വ നിലപാടിന്റെ തെളിവ‌്: അഡ്വ. എ പൂക്കുഞ്ഞ‌്
ആലപ്പുഴ > അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന എഐസിസി ജനറൽ സെക്രട്ടറി ഹരീഷ‌് റാവത്തിന്റെ പ്രസ‌്താവന കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമാണെന്ന‌് കേരള മുസ്ലിം ജമാ അത്ത‌് കൗൺസിൽ സംസ്ഥാന പ്രസിഡന്റ‌് അഡ്വ. എ പൂക്കുഞ്ഞ‌് പറഞ്ഞു.
നിലപാട‌് തിരുത്താൻ കോൺഗ്രസ‌് തയ്യാറാകണം. ബാബറി മസ‌്ജിദ‌് തകർത്തസമയത്ത‌് കോൺഗ്രസ‌് സ്വീകരിച്ച നിലപാടാണ‌് അവരുടെ ഇന്നത്തെ അവസ്ഥയ‌്ക്ക‌് കാരണം.
അന്ന‌് നരസിംഹറാവു സർക്കാർ എടുത്ത അപക്വനിലപാടും ഓർക്കണം. രാജ്യത്ത‌് ബിജെപിയുടെ വർഗീയതയ‌്ക്കെതിരെ മതേതര പാർടികൾ ഒരുമിച്ച‌് നിൽക്കേണ്ടതുണ്ട‌്. കോടതിയെപ്പോലും വെല്ലുവിളിച്ചാണ‌് ബിജെപി മുന്നോട്ടു പോകുന്നത‌്. ഗാന്ധിപ്രതിമയ‌്ക്കുനേരെ ഹിന്ദുമഹാസഭ നേതാവ‌് പ്രതീകാത്മകമായി വെടിവച്ച സംഭവംവരെയുണ്ടായി. മതേതര പ്രസ്ഥാനങ്ങൾ യോജിച്ച‌് വർഗീയശക്തികളെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Npf8VY
via IFTTT
No comments:
Post a Comment