കോട്ടയം സീറ്റിന‌് പിടിമുറുക്കി പി ജെ ജോസഫ‌് വിമതനീക്കം ശക്തമാക്കിയതോടെ 26ന‌് നിശ്ചയിച്ചിരിക്കുന്ന യുഡിഎഫ‌് ഉഭയകക്ഷി ചർച്ചയിൽ സമവായസാധ്യത മങ്ങി. മാണി–-ജോസഫ‌് തർക്കം തീർക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങളിൽനിന്ന‌് മുസ്ലിംലീഗ‌് പിൻവാങ്ങി. ഇതോടെ കോൺഗ്രസ‌് സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കുന്നതും നീട്ടി. കേരള കോൺഗ്രസിന‌് രണ്ടാം സീറ്റില്ലെന്ന‌് കോൺഗ്രസ‌് അറിയിച്ചതോടെയാണ‌് കോട്ടയം സീറ്റിൽ മത്സരിക്കാനുറച്ച‌് പി ജെ ജോസഫ‌് ചരടുവലി ശക്തമാക്കിയത‌്. ജോസഫിന്റെ വിമതനീക്കത്തിന‌് പിന്തുണയുമായി കോൺഗ്രസും മാണിവിഭാഗത്തിലെ ചില നേതാക്കളും രംഗത്തുണ്ട‌്. ഒരു സീറ്റേ ഉള്ളൂവെങ്കിൽ അത‌് തനിക്ക‌് വേണമെന്ന‌് ജോസഫ‌് നിലപാട‌് കടുപ്പിച്ചത‌് മാണി–-ജോസഫ‌് വഴിപിരിയലിന‌് കളമൊരുക്കുമെന്നാണ‌് കോൺഗ്രസിന്റെ വിലയിരുത്തൽ. മാണിയെ തള്ളിയാലും ജോസഫ‌് വിഭാഗം യുഡിഎഫ‌് വിടില്ലെന്ന‌് കോൺഗ്രസിന‌് ഉറപ്പ‌് ലഭിച്ചതായാണ‌് സൂചന.
കേരള കോൺഗ്രസിന‌് രണ്ടാം സീറ്റ‌് ഇല്ലെaന്ന‌് കോൺഗ്രസ‌് അറിയിച്ചതോടെ സീറ്റിൽ മത്സരിക്കാനുറച്ച‌് പി ജെ ജോസഫ‌്
യുഡിഎഫ‌് സീറ്റ‌് ചർച്ച ഇതുവരെ നടക്കാത്തതാണ‌് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകാൻ കാരണം. 26ന‌് കൊച്ചിയിൽ ഉഭയകക്ഷി ചർച്ച വച്ചിട്ടുണ്ടെങ്കിലും അത‌് പേരിനുമാത്രമാകാനാണ‌് സാധ്യത. മൂന്നാം സീറ്റ‌് ആവശ്യം മുസ്ലിംലീഗ‌് ഉപേക്ഷിച്ച സാഹചര്യത്തിൽ കേരള കോൺഗ്രസുമായുള്ള തർക്കമാണ് അവശേഷിക്കുന്നത‌്. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന യാത്ര 28ന‌് സമാപിക്കും. അതിനുശേഷം ഒന്നിനോ രണ്ടിനോ യുഡിഎഫ‌് യോഗം ചേർന്നേക്കും. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ‌് സമിതിയോഗം ചേർന്ന‌് സ്ഥാനാർഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. ഈ പട്ടികയിൽ ഇടംപിടിക്കാനാണ‌് കോൺഗ്രസിൽ തന്ത്രവും മറുതന്ത്രവും അരങ്ങേറുന്നത‌്. യൂത്ത‌് കോൺഗ്രസിനും മഹിളാ കോൺഗ്രസിനുമായി അഞ്ച‌് സീറ്റ‌് നീക്കിവയ‌്ക്കണമെന്ന‌് ആവശ്യം ഉയർന്നിട്ടുണ്ട‌്. സിറ്റിങ‌് എംപിമാരെല്ലാം മത്സരിക്കാൻ കച്ചകെട്ടി രംഗത്തുണ്ട‌്. എം ഐ ഷാനവാസ‌് അന്തരിച്ചതിനാൽ വയനാടും മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ‌് ആയതിനാൽ വടകരയും ഒഴിവ‌് വരും. ഈ രണ്ട‌് സീറ്റിലേക്കും യൂത്ത‌് കോൺഗ്രസും മഹിളാ കോൺഗ്രസും അവകാശവാദം ശക്തമാക്കിയിട്ടുണ്ട‌്.
എറണാകുളത്ത‌് സിറ്റിങ‌് എംപി കെ വി തോമസിനെ വെട്ടാൻ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നീക്കം ശക്തമാണ‌്. സോണിയ ഗാന്ധിയെ ശരണം പ്രാപിച്ചിരിക്കുന്ന കെ വി തോമസ‌് ഇക്കുറിയും നറുക്കുവീഴുമെന്ന ഉറച്ച വിശ്വാസത്തിലാണ‌്. ജയസാധ്യതയുള്ള സീറ്റുകളിൽനിന്ന‌് ഒരു കാരണവശാലും പിന്മാറില്ലെന്ന‌് സിറ്റിങ‌് എംപിമാർ വ്യക്തമാക്കിയിട്ടുണ്ട‌്. പിന്നെയുള്ളത‌് തോൽക്കുന്ന സീറ്റുകളാണ‌്. അവിടെ പട്ടികയിൽ ഇടംപിടിച്ചാൽ ഭാവിയിൽ പിടിവള്ളിയാകുമെന്ന പ്രതീക്ഷയുമായി രണ്ട‌് ഡസനിലേറെ നേതാക്കൾ കളത്തിലിറങ്ങിയിട്ടുണ്ട‌്. മാണി–-ജോസഫ‌് തർക്കം തീർന്നാൽ തൊട്ടടുത്ത നിമിഷം കോൺഗ്രസിനുള്ളിൽ പോര‌് മുറുകും.
from Kerala || Deshabhimani Online News https://ift.tt/2Xfc43n
via IFTTT
No comments:
Post a Comment