കൊച്ചി> കൂ... കൂ... പാടി... കല്‍ക്കരി തിന്ന്... പുക തുപ്പി വരുന്ന... മുത്തശ്ശന്‍ തീവണ്ടിയില്‍ യാത്രചെയ്യാന്‍ അരമണിക്കൂര്‍മുമ്പേ തെരേസയും കൂട്ടുകാരും എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനിലെത്തി. പൂമാലയും കുരുത്തോലയും പനയോലയും വാഴക്കുലകളും അലങ്കാരമാക്കി കല്‍ക്കരിത്തീവണ്ടി ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ തെരേസയുടെയും കൂട്ടുകാരുടെയും കണ്ണുകളില്‍ അത്ഭുതം. സിനിമയിലും യുട്യൂബിലും കണ്ടാസ്വാദിച്ച കല്‍ക്കരിത്തീവണ്ടി നേരിട്ടുകണ്ടപ്പോള്‍ തെരേസയും സമേറയും അവിശ്വിയും മറിയവും ആവേശത്തിലായി. 55 വര്‍ഷം സര്‍വീസ് നടത്തി, ഒരു നൂറ്റാണ്ടിലേറെ മ്യൂസിയത്തിലിരുന്ന പൈതൃക തീവണ്ടിയിലേക്ക് കുരുന്നുകള്‍ സന്തോഷത്തോടെ കയറി. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും മുത്തശ്ശന്‍ തീവണ്ടിയോടുള്ള കൗതുകം നിറഞ്ഞു.
യാത്രക്കാരില്‍ ഭൂരിഭാഗവും ആദ്യമായാണ് ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടിയില്‍ സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ തീവണ്ടിയിലുള്ള ഓരോ നിമിഷവും അവര്‍ക്ക് പ്രിയപ്പെട്ടതായി. ലോകത്തില്‍ ഏറ്റവും പഴക്കമുള്ള ഇഐആര്‍ 21 കല്‍ക്കരി തീവണ്ടിയിലെ ഓരോ കൗതുകങ്ങളും അവര്‍ ഹൃദയത്തിലും മൊബൈല്‍ഫോണിലും ഒപ്പിയെടുത്തു. ആവി എന്‍ജിന്റെ പ്രവര്‍ത്തനവും പുറത്തേക്ക് പുക ഉയരുന്നതും വെണ്ടുരുത്തി പാലത്തോടുചേര്‍ന്നുള്ള യാത്രയും സഞ്ചാരികളുടെ മനംനിറച്ചു. യുകെജിക്കാരന്‍ നന്ദുവിന് തീവണ്ടികളോട് കടുത്താരാധനയാണ്. നന്ദുതന്നെയാണ് ആവി എന്‍ജിനുള്ള 164 വര്‍ഷം പഴക്കമുള്ള പൈതൃക തീവണ്ടി കൊച്ചിയിലെത്തുന്നുവെന്ന വാര്‍ത്ത അമ്മ അഞ്ജുവിനെ അറിയിച്ചത്. അങ്ങനെയാണ് മകനുമൊത്ത് അഞ്ജു തീവണ്ടിയാത്രയ‌്ക്കെത്തിയത്. മറക്കാനാവാത്ത ചരിത്രാനുഭവമായാണ് ഈ അമ്മയും മകനും തീവണ്ടിയിലെ യാത്രയെ ഹൃദയത്തിലേറ്റിയത്.
പൈതൃക തീവണ്ടിയിൽ ടിടിഇ ആയെത്തിയ കമല്‍രാജ് രണ്ടാം തവണയാണ് ആവി എന്‍ജിന്‍ തീവണ്ടിയില്‍ സഞ്ചരിക്കുന്നത്. 1976ല്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യയാത്ര. രണ്ടാമത്തെ യാത്ര ടിടിഇയുടെ വേഷത്തിലായതിന്റെ കൗതുകത്തിലാണ് കമല്‍രാജ്. ആവി എന്‍ജിന്‍ തീവണ്ടിയില്‍ കയറി വെണ്ടുരുത്തി പാലത്തിനരികിലൂടെ സഞ്ചരിക്കണമെന്ന നൈജോയുടെ ആഗ്രഹവും പൈതൃക തീവണ്ടി കൊച്ചിയിലെത്തിയതോടെ സഫലമായി. യാത്രക്കാര്‍ക്ക് മാത്രമല്ല, തീവണ്ടിപോകുന്ന വഴിയരികില്‍നിന്നവരും ദേശീയപതാകയുടെ നിറമുള്ള തീവണ്ടിയെ കൗതുകത്തോടെ മൊബൈലില്‍ പകര്‍ത്തി. അവര്‍ യാത്രക്കാരെ കൈപൊക്കി കാണിച്ച് സന്തോഷം പങ്കുവച്ചു.
20 മിനിറ്റ് സമയത്തില്‍ എറണാകുളം സൗത്ത് മുതല്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്‍ വരെയുള്ള എട്ടുകിലോമീറ്ററാണ് തീവണ്ടി സഞ്ചരിച്ചത്. മട്ടാഞ്ചേരി ഹാര്‍ബര്‍ ടെര്‍മിനസില്‍ ഒരുമണിക്കൂറോളം നിര്‍ത്തിയിട്ടു. തീവണ്ടിയുടെ പ്രവര്‍ത്തനം നേരിലറിയാനും ഫോട്ടോയെടുക്കാനും മട്ടാഞ്ചേരി ഹാര്‍ബര്‍ ടെര്‍മിനസ് കാണാനും യാത്രക്കാര്‍ ഈ സമയം പ്രയോജനപ്പെടുത്തി. ആവി എന്‍ജിന്‍ തീവണ്ടി തിരിക്കുന്നതിനുള്ള ടേണ്‍ടേബിള്‍ സംവിധാനം മട്ടാഞ്ചേരി ഹാര്‍ബര്‍ ടെര്‍മിനസില്‍ ഇല്ല. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രതിരിച്ചത്. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ യാത്ര അവസാനിച്ചു.
ഒരു നൂറ്റാണ്ടോളം മ്യൂസിയത്തിലിരുന്ന ഇഐആര്‍ 21 എന്‍ജിന്‍ ചെന്നൈ പെരമ്പൂര്‍ ലോക്കോ വര്‍ക്ക്സിൽ പുനര്‍നിര്‍മിച്ചു. ഇതിനുശേഷമാണ് ദക്ഷിണ റെയില്‍വേ ഇത് ഏറ്റെടുത്തത്. നാഗര്‍കോവില്‍നിന്ന് കന്യാകുമാരിയിലേക്കായിരുന്നു പൈതൃക തീവണ്ടിയുടെ ആദ്യയാത്ര. ഒരു എന്‍ജിനും ഒരു എസി കമ്പാര്‍ട്ടുമെന്റുമുള്ള തീവണ്ടിയില്‍ 40 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാകുക.
പൈതൃക തീവണ്ടിയുടെ നിയന്ത്രണം ഇവരുടെ കൈകളില്‍
കൊച്ചി
ലോക്കോ എൻജിനിയർ കെ സി ബിജു, ലോക്കോ പൈലറ്റ് ബെനീഷ്‌കുമാർ, ഫയർമാൻ വിനോദ്കുമാർ, ചെന്നൈ പെരമ്പൂർ ലോക്കോ വർക‌്സിലെ ടെക്‌നീഷ്യന്മാരായ രവികുമാർ, സുന്ദരേശൻ, അരുൾകുമാർ, സൂപ്പർവൈസർ പ്രശാന്ത് എന്നിവർചേർന്നാണ് മുത്തശ്ശൻ കൽക്കരി തീവണ്ടിയുടെ പ്രവർത്തനം നിയന്ത്രിച്ചത്. കെ സി ബിജുവും ബെനീഷ്‌കുമാറും ഈ യാത്രയ‌്ക്കായി ഒരാഴ്ചത്തെ പരിശീലനം നേടിയിരുന്നു. എറണാകുളത്ത് സർവീസ് നടത്തുന്ന പൈതൃക തീവണ്ടി മാത്രമാണ് ഇവർ നിയന്ത്രിക്കുന്നത്. ഊട്ടിയിൽനിന്നാണ് ഫയർമാൻ വിനോദ്കുമാർ എത്തിയത്.
ചെന്നൈ പെരമ്പൂർ ലോക്കോ വർക‌്സിലെ ടെക്‌നീഷ്യന്മാർ പൈതൃക തീവണ്ടിയുടെ എല്ലാ യാത്രകളിലും ഉണ്ടാകും. ഇവരാണ് ആവി എൻജിൻ ഉപയോഗിച്ചുള്ള തീവണ്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും ആവി എൻജിന്റെ പഴക്കത്തെക്കുറിച്ചും തീവണ്ടിയുടെ പ്രത്യേകതകളെക്കുറിച്ചും യാത്രക്കാരോട് വിവരിക്കുന്നത്. ഞായറാഴ്ചയും തീവണ്ടി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് മട്ടാഞ്ചേരിയിലേക്ക് സർവീസ് നടത്തും.
വിദേശികൾക്ക് 1,000 രൂപയും ഇന്ത്യക്കാർക്ക് 500 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 300 രൂപയും ആണ് ടിക്കറ്റ് ചാർജ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്രയാണ്. എറണാകുളം നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. റിസർവേഷൻ കൗണ്ടറിൽനിന്നാണ് പൈതൃക ട്രെയിനിനുള്ള ടിക്കറ്റ് ലഭിക്കുന്നത്. പൈതൃക തീവണ്ടിയാത്ര ടൂറിസം സീസണുകളിൽ തുടരണമെന്നാണ് യാത്രക്കാരിൽ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. എന്നാൽ, സർവീസ് തുടർന്നാൽ പശ്ചിമകൊച്ചിയെ ഗതാഗതക്കുരുക്കിലാക്കുമോയെന്ന ആശങ്ക പശ്ചിമകൊച്ചിനിവാസികൾ മറച്ചുവച്ചില്ല.
from Kerala || Deshabhimani Online News http://bit.ly/2SH18gg
via IFTTT
No comments:
Post a Comment