കളമശേരി > ശാസ്‌ത്രീയബോധവും പുരോഗതിയും കണ്ടുപിടിത്തങ്ങളുമൊക്കെ ഉണ്ടാകണമെങ്കിൽ ശാസ്‌ത്രവും വിശ്വാസവും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ അനിവാര്യമാണെന്ന് 2018ലെ കേരള ശാസ്‌ത്രസാഹിത്യ പുരസ്‌കാരം നേടിയ ഡോ. ബാബു ജോസഫ് പറഞ്ഞു. ഗഹനമായ വൈജ്ഞാനിക ശാസ്‌ത്രസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന‌് അർഹമായ ‘പദാർഥംമുതൽ ദൈവകണംവരെ’ എന്ന തന്റെ കൃതിയെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗലീലിയോയുടെ കാലംമുതൽ യൂറോപ്പിൽ ക്രിസ്‌തുമത വിശ്വാസവുമായി ശാസ്‌ത്രം നിരന്തരം ഏറ്റുമുട്ടിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ശാസ്‌ത്രസിദ്ധാന്തങ്ങളെ അംഗീകരിക്കേണ്ട നിലയുണ്ടായി. ഇതിന്റെ ഫലമായി യൂറോപ്യൻ പൊതുസമൂഹത്തിന്റെ ശാസ്ത്രമനോഭാവം ഏറെ മെച്ചപ്പെട്ടു. ഇന്ത്യയിൽ ശാസ്ത്രത്തേക്കാൾ പ്രാമുഖ്യം വിശ്വാസങ്ങൾക്കാണ‌്. മികച്ച ജ്ഞാനപദ്ധതിയായി ശാസ്ത്രത്തെ സ്വീകരിക്കാൻ മടിക്കുന്നത‌് അതുകൊണ്ടാണ‌്. രാജ്യത്ത് നവോത്ഥാനം ഒരുപരിധിവരെ ഉണ്ടായെങ്കിലും ശാസ്‌ത്രീയ നവോത്ഥാനം നടക്കാത്തതിന്റെ കാരണവും ഇതാണെന്നും ബാബു ജോസഫ് പറഞ്ഞു.
വിശ്വാസത്തിന്റെ സ്വാധീനം ശാസ്‌ത്രസിദ്ധാന്തങ്ങളുടെ സ്വീകാര്യത ഇല്ലാതാക്കുന്നു. ശാസ്ത്രം എന്ന പേരിൽ സാങ്കേതികതയാണ് വളരുന്നത്. ശാസ്ത്രത്തിനുപകരം ശാസ‌്ത്രാധിഷ്‌ഠിത ഉപകരണങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാലാണ് ഇത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു കൃതിയുടെ അഭാവമാണ് മലയാളത്തിൽ ഇത് എഴുതാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘പദാർഥംമുതൽ ദൈവകണംവരെ’ എന്ന കൃതി ഭൗതികശാസ്ത്രത്തിന്റെ വികാസപരിണാമചരിത്രമാണ്. 2017ലാണ് പ്രസിദ്ധീകരിച്ചത്. പുരസ്‌കാരം കൊല്ലത്ത് നടക്കുന്ന കേരള ശാസ്‌ത്ര കോൺഗ്രസിൽവച്ച് മുഖ്യമന്ത്രിയിൽനിന്ന് ശനിയാഴ്ച സ്വീകരിച്ചു. ‘ഈ ശരീരത്തിന്റെ ഉള്ളിലൊതുങ്ങുന്നില്ല ഞാൻ’ എന്ന അദ്ദേഹത്തിന്റെ രചനയ‌്ക്ക‌് 2008ലെ ശാസ്ത്രസാഹിത്യ പുരസ്കാരം ലഭിച്ചു. 12–--ാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക‌് അധികവായനയ‌്ക്കായി എഴുതിയ ‘ചാൾസ് ഡാർവിൻ’ എന്ന പുസ്‌തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.
ഇടതുപക്ഷ ശാസ്‌ത്ര പ്രചാരകനായി അറിയപ്പെടുന്ന ഇദ്ദേഹം 1969ൽ ഫിസിക്‌സിൽ പിഎച്ച്ഡി നേടി. ചങ്ങനാശേരി സെന്റ് ബർക‌്മാൻ കോളേജ്, ആലുവ യുസി കോളേജ്, കൊച്ചി സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി. സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായി. 1997 മുതൽ 2001 വരെ കുസാറ്റ് വൈസ് ചാൻസലറായും പ്രവർത്തിച്ചു. പരിണാമം സിദ്ധാന്തമല്ല നിയമമാണ്, ആൽബർട്ട‌് ഐൻസ്റ്റീൻ, അണുകേന്ദ്രീയ ശക്തി, കയോസ് - ക്രമമില്ലായ്‌മയിലെ ക്രമം തുടങ്ങിയവ പ്രധാന കൃതികളാണ്.
from Kerala || Deshabhimani Online News http://bit.ly/2MKP5s4
via IFTTT
No comments:
Post a Comment