പുൽവാമയിലെ ഭീകരാക്രമണം കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പിന‌് ഉപയോഗിച്ചാൽ ജനങ്ങളിൽനിന്ന‌് തിരിച്ചടി നേരിടുമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരർക്കെതിരെയുള്ള നടപടിക്ക‌് സർവകക്ഷി യോഗത്തിൽ എല്ലാവരും കേന്ദ്രസർക്കാരിന‌് പിന്തുണ നൽകിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. എൽഡിഎഫിന്റെ വടക്കൻ മേഖലാ കേരള സംരക്ഷണ യാത്ര ഉദ‌്ഘാടനംചെയ്യാനെത്തിയ യെച്ചൂരി മഞ്ചേശ്വരത്ത‌് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പുൽവാമയിലേത‌് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ‌്. ഒരുവിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങൾ അങ്ങനെ പ്രചരിപ്പിക്കരുത‌്. ഭീകരവാദികളുടെ കെണിയിൽ നമ്മൾ വീഴരുത‌്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച‌് രാജ്യത്ത‌് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടണം. ഇവരുടെ കെണിയിൽ വീഴുന്ന തരത്തിലാകരുത‌് ഭരണകൂടത്തിന്റെ പ്രതികരണം. ഇതുസംബന്ധിച്ചുള്ള പല ചോദ്യങ്ങൾക്കും കേന്ദ്രം മറുപടി നൽകേണ്ടി വരും. ഇന്റലിജൻസ‌് വിഭാഗത്തിന്റെ പരാജയത്തെക്കുറിച്ച‌് കശ‌്മീർ ഗവർണർ പറഞ്ഞത‌് ഓർക്കണം. ഇപ്പോൾ വിശകലനത്തിനുള്ള സമയമല്ല. രാജ്യത്തിനെതെിരെയുള്ള ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിത‌്.
ബിജെപി സർക്കാരിനെ പുറത്താക്കി രാജ്യത്ത‌് ബദൽ മതേതര സർക്കാർ രൂപീകരിക്കാനുള്ള പ്രവർത്തനവുമായാണ‌് ഇടതുപക്ഷം മുന്നോട്ടുപോകുന്നത‌്. തെരഞ്ഞെടുപ്പിനുശേഷം ഇത‌് സാധ്യമാകും. ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ‌് ശ്രമിക്കുന്നത‌്. മതേതര സർക്കാരുണ്ടാക്കുമ്പോൾ ലോക‌്സഭയിൽ ഇടതുപക്ഷത്തിന്റെ അംഗബലം കൂടിയാൽ ജനകീയ പ്രശ‌്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ സമ്മർദശക്തിയാകുമെന്ന‌് ജനങ്ങൾക്കറിയാം. രാജസ്ഥാനിൽ ബിജെപിയെയും കോൺഗ്രസിനെയും തോൽപ്പിച്ചാണ‌് രണ്ട‌് സിപിഐ എം എംഎൽഎമാരെ ജനങ്ങൾ ജയിപ്പിച്ചത‌്. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സിപിഐ എമ്മിന‌് ധാരണയില്ല.
ശക്തമായ മതേരതര മനസുള്ളവരാണ‌് കേരളത്തിലെ ജനങ്ങൾ. നവോത്ഥാന മൂല്യങ്ങൾ കാത്തുസുക്ഷിക്കുന്നവരാണവർ. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ‌് സംസ്ഥാന സർക്കാർചെയ‌്തത‌്. ബിജെപിക്ക‌് ഇക്കാര്യത്തിൽ ഇരട്ടമുഖമാണുള്ളത‌്–- യെച്ചൂരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SE0pML
via IFTTT
No comments:
Post a Comment