തിരുവനന്തപുരം> ശബരിമല വിഷയത്തിലെ സർക്കാർ നിലപാട‌് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് അനുകൂലമാവുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. വയനാട‌് പ്രസ‌്ക്ലബ്ബിൽ ‘മീറ്റ‌് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാട‌് സീറ്റിനോ വോട്ടിനോവേണ്ടി മാറ്റേണ്ടതല്ല. വിവാഹബന്ധം വേർപ്പെടുത്തിയ മുസ്ലിം യുവതിക്ക‌് ജീവനാംശം നൽകണമെന്ന ഷബാനു കേസിലെ സുപ്രീം കോടതി വിധി വന്നപ്പോൾ ഇത്തരം രാഷ‌്ട്രീയ നിലപാടെടുത്തപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നു.
എന്നാൽ അതിനുശേഷം 1987 നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് വിജയിക്കാനായി. 2005 ൽ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംവരണം ലഭിക്കാനായി ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിലപാടാണ‌് സ്വീകരിച്ചത‌്. ക്രീമിലെയർ കേരളത്തിന‌് ബാധകമാക്കാനാവില്ലെന്ന‌് പറഞ്ഞ‌് നിയമസഭയിൽ സംവരണ സംരക്ഷണബിൽ കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തത‌് സിപിഐ എം മാത്രമാണ‌്. സ‌്ത്രീപദവി ഉയർത്തുന്ന നടപടിയുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ‌് സർക്കാരിന‌് സ‌്ത്രീസമൂഹത്തിൽ പൊതുവിൽ അംഗീകാരം ലഭിച്ചിട്ടുണ്ട‌്.
കേളത്തിലെ സർക്കാർ വാഗ‌്ദാനങ്ങൾ നടപ്പാക്കുകയും ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കിൽ അത‌് തുറന്നുപറയുകയും ചെയ്യും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ എൽഡിഎഫ‌് സർക്കാർ മികച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട‌്–- കോടിയേരി പറഞ്ഞു. കോൺഗ്രസിനെ ജയിപ്പിച്ചിട്ട‌് കാര്യമില്ലകോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്ക‌് മുതിർന്ന നേതാക്കളടക്കം കൂറുമാറുമ്പോൾ കോൺഗ്രസിനെ ജയിപ്പിക്കുക എന്ന കാര്യം അപ്രസക്തമാണെന്ന‌് കോടിയേരി പറഞ്ഞു. കോൺഗ്രസിൽനിന്ന‌് കൂറുമാറിയെത്തിയ എംഎൽഎമാരുടെ ബലത്തിലാണ‌് അരുണാചൽപ്രദേശ‌്, മണിപ്പൂർ, ത്രിപുര, ഗോവ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നിലനിർത്തുന്നത‌്.
മുൻ ത്രിപുര മുഖ്യമന്ത്രിയും കോൺഗ്രസ‌് നേതാവുമായ സമീർ രഞ്ജൻ ബർമന്റെ മകനാണ‌് കോൺഗ്രസ‌് പിസിസി അധ്യക്ഷനായിരുന്ന സുധീപ‌് റോയ‌് ബർമൻ. ബിജെപിയുടെ 36 എംഎൽഎമാരിൽ പകുതിയും മുൻ കോൺഗ്രസ‌് നേതാക്കളാണ‌്. വടക്ക‌് കിഴക്കൻ സംസ്ഥാനങ്ങളിലെ ഓപ്പറേഷൻ താമരയുടെ പ്രധാന സംഘാടകൻ അസമിൽ കോൺഗ്രസിൽനിന്ന‌് ബിജെപിയിലെത്തിയ ഹിമന്ത ബിശ്വ ശർമയാണ‌്. ഗുജറാത്തിൽ കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക‌് തുടരുകയാണ‌്. ഡോ. ആശാപട്ടേലാണ‌് അവസാനമായി ബിജെപിയിലെത്തിയത‌്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ‌് പട്ടേൽ മത്സരിച്ചപ്പോൾ ഏഴ‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് കൂറുമാറിയത‌്. ജെഡിഎസുമായി ചേർന്ന‌് കോൺഗ്രസ‌് ഭരണം നടത്തുന്ന കർണാടകത്തിൽ നാല‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിക്ക‌് പരസ്യപിന്തുണ പ്രഖ്യാപിച്ചത‌്. മധ്യപ്രദേശിൽ അരഡസനോളം കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിയിലേക്ക‌് ചേക്കേറിയത‌്.
ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ‌് ബഹുഗുണയടക്കം ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറിയതാണ‌് ഹരിഷ‌് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌് കാരണമായത‌്. ഹിമാചലിൽ മുൻ കോൺഗ്രസ‌് നേതാവ‌് സുഖ‌്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തിയെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2DRu2RC
via IFTTT
No comments:
Post a Comment