തിരുവനന്തപുരം> സർവനാശം വിതച്ച പ്രളയം പിൻവാങ്ങിയപ്പോൾ നാടെങ്ങും ദുരിതമാണ‌് ബാക്കിവച്ചതെങ്കിൽ പ്രളയജലമിറങ്ങിപ്പോയപ്പോള്‍ പമ്പ, തീരത്ത് വെളിപ്പെട്ടത‌് ഒളിപ്പിച്ചുവച്ച പൗരാണിക സംസ്‌കൃതിയാണ‌്. ആറന്മുളയില്‍ നടക്കുന്ന ഉല്‍ഖനനത്തില്‍ ലഭിച്ചത് 460 മണ്‍ശിൽപ്പങ്ങളും 160ല്‍ അധികം ശിൽപ്പാവശിഷ്ടങ്ങളും. കേരളത്തിന്റെ പൗരാണിക സാംസ്‌കാരികതയെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ക്ക് ഇവ വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്രപണ്ഡിതര്‍.
മലവെള്ളം കുത്തിയൊഴുകി നാടും വീടും വൃക്ഷത്തലപ്പുകളും പ്രളയജലത്തിൽ മുങ്ങി. ആറന്മുളയിൽ പമ്പ സംഹാരരുദ്രയായി. ഏഴു കിലോമീറ്ററോളം വീതിയിലൊഴുകിയ പമ്പയിലെ പ്രളയജലം ആറുദിവസത്തോളം അതേ നിലയിൽ നിന്നു. സർവനാശം വിതച്ച പ്രളയം പക്ഷേ, പമ്പാതീരത്തുനിന്ന‌് പിൻവാങ്ങുമ്പോൾ സഹസ്രാബ്ദങ്ങളുടെ തിരുശേഷിപ്പുകളിലേക്കുള്ള വഴി തുറന്നിട്ടു. കരകൾ തകർത്ത്, മരങ്ങൾ കടപുഴക്കി ഒഴുകിയ പമ്പയുടെ ആറന്മുള കോഴിപ്പാലം കോയിപ്രത്ത് കടവിൽ സെപ‌്തംബർ 28ന് തീരം ഇടിഞ്ഞപ്പോൾ പുറത്തുവന്നത് പ്രാചീന മൺശിൽപ്പങ്ങളുടെ ലോകം. തുരുത്തിമല സ്വദേശി സി എൻ സുകുമാരൻ ദേശാഭിമാനിയിലൂടെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. കേരളത്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്താൻ പര്യാപ്തമായ ഉൽഖനനത്തിന് അതോടെ അവിടെ തുടക്കമായി.
ഖനനത്തിലൂടെ ഇതുവരെ ലഭിച്ചത് 460 മൺശിൽപ്പങ്ങളും 160ൽ അധികം ശിൽപ്പാവശിഷ്ടങ്ങളും. ആറന്മുള കോഴിപ്പാലത്തോടു ചേർന്ന് കോയിപ്രത്തുകടവിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെ ഇടശേരിമല ചെറിയ വടക്കേടത്ത് ശശിധരൻനായരുടെ പറമ്പിൽനിന്നാണ് മൺശിൽപ്പങ്ങൾ ലഭിച്ചത്. കോയിപ്രത്തുകടവിൽനിന്ന് രണ്ടു കിലോമീറ്റർ മാറി മറുകരയിൽ തോട്ടപ്പുഴശേരി വെള്ളങ്ങൂർ മാത്തശേരി ഗോപാലകൃഷ്ണൻനായരുടെ പറമ്പിൽനിന്ന് മഹാ ശിലാസ്മാരകമായ പെട്ടിക്കല്ലറ കണ്ടെത്തി. ഇവിടെനിന്ന് 10 കിലോമീറ്റർ താഴെ പുലിയൂരിൽ മഹാ ശിലാസ്മാരകമായ കൽവൃത്തം (പ്രാചീന കല്ലറ) കണ്ടെത്തി. ബുദ്ധ സംസ്‌കാരാവശിഷ്ടങ്ങളും ലഭിച്ചുതുടങ്ങി.

പുരാവസ്തുവകുപ്പിന്റെ ഖനനത്തിൽ അഷ്ട, സപ്ത, ചതുർ കന്യകമാർ, യോദ്ധാക്കൾ, സ്ത്രീപുരുഷ രൂപങ്ങൾ, സവിശേഷതകൾ നിറഞ്ഞ നാഗപ്പത്തി, ചെമ്മരിയാട്, നാരങ്ങാവലുപ്പമുള്ള ചെറുകുടങ്ങൾ, വലിയ കലങ്ങളുടെ ഭാഗങ്ങൾ, വ്യാളി രൂപങ്ങൾ തുടങ്ങിയവയാണ് ലഭിച്ചത്. നാവ് മൂക്കിൽ സ്‌പർശിക്കുന്ന നാഗപ്പത്തിയും അഷ്ടകന്യാ ശിൽപ്പങ്ങളും കേരളത്തിൽ മുമ്പ് ലഭിച്ചിട്ടില്ല. ബ്രാഹ്മണേതരമായ ഒരു സംസ്‌കാരത്തിന്റെയും അതിപ്രാചീനമായ വൈദേശിക വ്യാപാരബന്ധത്തിന്റെയും ഭാഗമാണെന്നു കരുതുന്നു. കേരളത്തിന്റെ പൗരാണിക സാംസ്‌കാരികതയെക്കുറിച്ചുള്ള പുതിയ പഠനങ്ങൾക്ക് ഇവ വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്രപണ്ഡിതർ.
മഹാ ശിലാസ്മാരക കല്ലറകൾ
ബിസി ആയിരംമുതൽ മുകളിലേക്ക‌് പഴക്കമുള്ളവയാണ് കണ്ടെത്തിയ രണ്ടു കല്ലറയും എന്നാണ് പ്രാഥമിക പഠനം. പുലിയൂരിൽ കണ്ടെത്തിയ ത്രികോണാകൃതിയിലുള്ള കല്ലറയ്ക്ക് കൽവൃത്തം എന്നാണ് പറയുക. ഇവയ്ക്കു സമാനമായ കല്ലറകൾ ഇംഗ്ലണ്ടിൽ മുമ്പ‌് കണ്ടെത്തിയിരുന്നതായി പുരാവസ്തുവകുപ്പിലെ ഉൽഖനന വിദഗ്ധൻ കെ കൃഷ്ണരാജ് പറയുന്നു. വെള്ളങ്ങൂരിലെ പെട്ടിക്കല്ലറ 3.40 മീറ്റർ നീളമുള്ള രണ്ട‌് കരിങ്കൽപാളികൾക്ക് ഇടയിൽ കുറുകെ കരിങ്കൽവച്ചാണ് ചട്ടിരൂപത്തിലാക്കിയിട്ടുള്ളത്.
മൺശിൽപ്പങ്ങൾ
വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലേതിനു സമമാണ് ആറന്മുള മൺശിൽപ്പങ്ങളെന്നാണ് പ്രശസ്ത ചരിത്രകാരൻ ഡോ. എം ആർ രാഘവ വാര്യർ ചൂണ്ടിക്കാട്ടുന്നത‌്. സ്ത്രീശിൽപ്പങ്ങളിൽ വ്യത്യസ്തങ്ങളായ കർണാഭരണങ്ങളും കണ്ഠാഭരണങ്ങളുമുണ്ട്. കർണാഭരണങ്ങൾക്ക് സൈന്ധവ ശിൽപ്പങ്ങളുടെ സാദൃശ്യമുണ്ട്. ഒട്ടെല്ലാ ശിൽപ്പങ്ങളിലും നെറ്റിയും തലമുടിയും വേർതിരിക്കുന്ന അളകചൂടം ഉണ്ട്.
കമണ്ഡം ധരിച്ച യോദ്ധാവ്
നെഞ്ചിന്റെ ഇരുവശത്തേക്കും ഗുണനചിഹ്നംപോലെയുള്ള കമണ്ഡം ധരിച്ച പുരുഷരൂപം യോദ്ധാവാണെന്നാണ് ആദിവാസി വിഭാഗത്തിലുള്ളവർ പറയുക. ആവനാഴി മുതുകിൽ ഉറപ്പിക്കാൻ ‘അതുമ്പുവള്ളി'കൊണ്ട് ഇങ്ങനെ കെട്ടാറുണ്ടെന്നും 180 ഡിഗ്രി ചരിഞ്ഞാലും ഇങ്ങനെ കെട്ടി ഉറപ്പിച്ച ആവനാഴിയിൽനിന്ന് അമ്പുകൾ താഴെ പോകില്ലെന്നുമാണ് ഇപ്പോൾ ഇരവിപേരൂരിൽ താമസിക്കുന്ന മലവേടർ വിഭാഗക്കാരനായ ഭാസ്കരൻ ചൂണ്ടിക്കാട്ടുന്നത‌്.
സ്ത്രീസംഘ ശിൽപ്പങ്ങൾ
ക്ഷേത്രേതരമായ പെണ്ണാരാധനയുടെ ബാക്കിപത്രമാണ് ലഭിച്ച എട്ടും ഏഴും നാലും സ്ത്രീകൾ ഒന്നിച്ചുള്ള ശിൽപ്പങ്ങൾ. ഏഴു സ്തീ രൂപങ്ങളുള്ള ശിൽപ്പങ്ങളെ തമിഴകത്ത് സപ്തകന്യയെന്നും കേരളത്തിൽ സപ്തമാതാക്കളെന്നും ബൈബിളിൽ സപ്ത മാലാഖമാരെന്നും വിളിക്കുന്നു. ദ്രാവിഡ ആരാധനയുടെയും ആഴ്‌വർ പാരമ്പര്യത്തിന്റെയും പെരുമാൾ വാഴ്‌ചയുടെയുമൊക്കെ ഭാഗമാണിതെന്നാണ് ഡോ. എം ആർ രാഘവ വാര്യർ കരുതുന്നത്.
വാണിജ്യ വഴിത്താര
കേരളത്തിലും ദക്ഷിണേന്ത്യയിലുമൊന്നും ചെമ്പ് അയിര് കണ്ടെത്തിയിരുന്നില്ല. എന്നാൽ, ചെമ്പും ഈയവും ചേർത്തുള്ള ആറന്മുള കണ്ണാടി ആറന്മുളയിൽ നിർമിച്ചിരുന്നു. ഇത് ചൈനയുമായുള്ള വാണിജ്യബന്ധത്തിന്റെ സൂചന നൽകുന്നു. നദീതീരത്തുനിന്ന് മുമ്പ‌് റോമൻ നാണയം ലഭിച്ചതായുള്ള വിവരവും ഇത്തരം വൈദേശിക വ്യാപാരബന്ധത്തിന്റെ തെളിവാണ്.
ഡോ. എം ആർ രാഘവ വാര്യർ, ഡോ. രാജൻ ഗുരുക്കൾ, ഡോ. കെ കെ മുഹമ്മദ് അടക്കമുള്ളവർ അംഗങ്ങളായുള്ള പമ്പാനദീതട പഠന ഗവേഷണസമിതിയാണ് ഉൽഖനനത്തിന് നേതൃത്വം നൽകുന്നത്. വീണ ജോർജ് എംഎൽഎ സമിതിയുടെ അധ്യക്ഷയും ഗവേഷകനായ രാജീവ് പുലിയൂർ സെക്രട്ടറിയുമാണ്.
from Kerala || Deshabhimani Online News http://bit.ly/2D7GWJN
via IFTTT
No comments:
Post a Comment