കൊച്ചി
തൊഴിലാളി യൂണിയൻ നേതാവായ ബാങ്ക‌് ജീവനക്കാരൻ ബാങ്ക‌് കെട്ടിടത്തിന്റെ പത്താംനിലയിൽനിന്ന‌് ചാടി ജീവനൊടുക്കി. പുത്തൻകുരിശ് ഐനാമുകൾ ഞാട്ട്യാൽവീട്ടിൽ പരേതനായ സി കെ ശ്രീധരന്റെ മകൻ എൻ എസ് ജയൻ (52) ആണ‌് മരിച്ചത്. സ‌്റ്റേറ്റ‌് ബാങ്കിലെ ജീവനക്കാരുടെ പ്രബല സംഘടനയായ നാഷണൽ കോൺഫെഡറേഷൻ ഓഫ‌് ബാങ്ക‌് എംപ്ലോയീസിന്റെ (എൻസിബിഇ) ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ 3 അസിസ്റ്റന്റ‌് ജനറൽ സെക്രട്ടറിയും സംസ്ഥാന ആക്ടിങ‌് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്നു.
ചൊവ്വാഴ‌്ച വൈകിട്ട‌് 4.15നാണ‌് സംഭവം. എറണാകുളം മറൈൻഡ്രൈവ് ഷൺമുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫിസ് കെട്ടിടത്തിന്റെ ടെറസിൽനിന്നാണ‌് ജയൻ താഴേക്ക‌് ചാടിയത‌്. ഇതേ കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന എസ്ബിഐ റീജണൽ ബിസിനസ് ഓഫീസിലെ സീനിയർ അസോസിയേറ്റ്സ് ആയിരുന്നു. ഏറ്റവും മുകളിലെ പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതിലിന്റെ ഭാഗത്തേക്കു ചാടുകയായിരുന്നു. ശരീരം ഛിന്നഭിന്നമായി. തല തകർന്നിരുന്നു.
ആത്മഹത്യയാണെന്ന‌് പൊലീസ് സ്ഥിരീകരിച്ചു. വിമുക്തഭടനാണ്. ചാടുന്നതിനു തൊട്ടുമുമ്പു മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട‌് കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാൻ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ‌് സിറ്റി പൊലീസ് കമീഷണർ പി എസ് സുരേഷ് അറിയിച്ചു.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. അമ്മ: പരേതയായ രംഭ. ഭാര്യ: ബിജി. മകൻ: അനന്തു (വിദ്യാർഥി). സഹോദരങ്ങൾ: സതീഷ‌്, സജീവൻ, സുമംഗല, സുധീർ.
from Kerala || Deshabhimani Online News http://bit.ly/2Gc8At0
via IFTTT
No comments:
Post a Comment