തിരുവനന്തപുരം > മികച്ച പരിചരണം നൽകി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും സർക്കാരിന്റെ കരങ്ങൾ ഒപ്പമുണ്ട‌്. ആശുപത്രിയിൽനിന്ന‌് ഡിസ‌്ചാർജ‌് ആവുന്നതോടെ സൗജന്യ ടാക‌്സി കാർ മുന്നിലെത്തും. വീട‌് എത്ര ദൂരെയാണെങ്കിലും അമ്മയെയും കുഞ്ഞിനെയും സുഖമായി വീട്ടിലെത്തിക്കുന്നതിനുള്ള ‘മാതൃയാനം’ പദ്ധതിയ‌്‌ക്ക‌് തുടക്കമാവുകയാണ‌്.
എൻഎച്ച‌്എമ്മിന്റെ (നാഷണൽ ഹെൽത്ത‌് മിഷൻ) ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ തുടർച്ചയാണ‌് ‘മാതൃയാനം’. ദൂരപ്രദേശത്തുനിന്ന‌് വരുന്ന പാവപ്പെട്ടവർക്കും കൂടെ ആരുമില്ലാത്തവർക്കും ഏറെ സഹായകമാവുന്നതാണ‌് പദ്ധതി. കോഴിക്കോട‌് ജില്ലയിൽ താമരശേരി താലൂക്ക‌് ആശുപത്രിയിൽ രണ്ട‌് മാസം മുമ്പ‌് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി മറ്റ‌് സർക്കാർ ആശുപത്രികളിലും വ്യാപിപ്പിക്കാനൊരുങ്ങുകയാണ‌് സംസ്ഥാന സർക്കാർ.
കോഴിക്കോട‌്, തൃശൂർ ഗവ. മെഡിക്കൽ കോളേജുകളിൽ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ‌്ഘാടനം 23ന‌് പകൽ 11ന‌് കോഴിക്കോട‌് മെഡിക്കൽ കോളേജിൽ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. സർക്കാർ ആശുപത്രിയിൽനിന്ന‌് ഡിസ‌്ചാർജ‌് ആവുമ്പോൾ ഇതുവരെ യാത്രയ‌്ക്ക‌് 500 രൂപ നൽകിയിരുന്നു. എന്നാൽ ഇത‌് ദീർഘദൂര യാത്രയ‌്ക്ക‌് തികയാറില്ല. അതിനാലാണ‌് പണം നൽകുന്നത‌് നിർത്തി ടാക‌്സി ഏർപ്പാടാക്കാൻ തീരുമാനിച്ചത‌്. ടാക‌്സി ഉടമകളും സർക്കാരുമായുള്ള കരാർ അനുസരിച്ചാണ‌് പദ്ധതി നടത്തിപ്പ‌്.
കോഴിക്കോട്ട‌് 52 ടാക‌്സി ഉടമകൾ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന‌് ജിപിഎസ‌് സംവിധാനം ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട‌്. ടാക‌്സി ഡ്രൈവർമാരുടെ വിവരങ്ങളെല്ലാം ആശുപത്രിയിലുണ്ടാകും. അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിച്ച‌് തിരിച്ച‌് ആശുപത്രിയിൽ റിപ്പോർട്ട‌് ചെയ്യുമ്പോഴാണ‌് ഡ്രൈവർക്ക‌് പണം ലഭിക്കുക.
സംസ്ഥാനത്ത‌് കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ‌് കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജ‌്. ദിവസേന 30 മുതൽ 40 വരെ സ‌്ത്രീകൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടിലേക്ക‌് മടങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശുപത്രിയിൽ ഒരു മാസമായി ‘മാതൃയാനം’ വിജയകരമായി നടക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Edk652
via IFTTT
No comments:
Post a Comment