പാലക്കാട്> കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഒലവക്കോട് ജങ‌്ഷൻ റയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് തിരുവള്ളുവർ പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ പട്ടുകോട്ടൈ മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
2019 ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് 4 വയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടു പാലക്കാട് എത്തിയത്. ശേഷം ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി വന്നു. ഇവർ താണാവ് മേൽപ്പാലത്തിനടിയിലാണ് കഴിഞ്ഞിരുന്നത്.
ജനുവരി പന്ത്രണ്ടാം തിയ്യതി രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേർന്ന് തൂക്കിയെടുത്ത് പുതുപരിയാരത്തെ എഫ്സിഐ ഗോഡൌണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ശേഷം മരണം ഉറപ്പുവരുത്താൻ ബാലികയുടെ പാന്റ് അഴിച്ച് കഴുത്തിൽ മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന മറ്റുള്ളവരും ചേർന്ന് മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരുകിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയിൽപ്പെട്ടത്.
അഞ്ജാത മൃതദ്ദേഹം തിരിച്ചറിയുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഇതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നിരീക്ഷണത്തിനായി പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാറിനെ ചുമതലപ്പെടുത്തി. ടൗൺ നോർത്ത് ഇൻസ്പെക്ടർ അലവിയുടെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞ ശേഷം വിവിധ സംഘമായി പിരിഞ്ഞ അന്വേഷണ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കാണാതായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. കൂടാതെ കേരളത്തിലെ 150 ഓളം അംഗൺവാടി ജീവനക്കാരെ കണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
തുടർന്ന് റെയിൽവേ ജീവനക്കാർ , പ്ലാറ്റ്ഫോം തൊഴിലാളികൾ, കച്ചവടക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങി അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തു. കുട്ടിയുടെ കഴുത്തിലണിഞ്ഞിരുന്ന കറുത്ത ഏലസ്സിനെ കേന്ദ്രീകരിച്ച് പൊന്നാനി, മമ്പുറം, കളിയാ റോഡ്, അമ്പ്രാം പാളയം, ഏർവാടി, നാഗപട്ടണം, തുടങ്ങിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഈ സമയത്താണ് കേസ്സിന് വഴിത്തിരിവായ നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഒലവക്കോട് ആർപിഎഫ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഹെഡ് കോൺസ്റ്റബിൾ കെ കെ സൂരജാണ് ഭിക്ഷാടന സംഘത്തെപ്പറ്റിയും അവരുടെ കൂടെ ഉണ്ടായിരുന്ന ബാലികയെയും കുറിച്ചുള്ള നിർണ്ണായക വിവരം അന്വേഷണ സംഘത്തിലെ ആർ രാജീദിന് കൈമാറി. തുടർന്ന് അന്വേഷണ സംഘം ഭിക്ഷാടന സംഘത്തെ അന്വേഷിച്ച് കോയമ്പത്തൂർ, മംഗലാപുരം, ചെന്നൈ, സേലം, കോഴിക്കോട് , എറണാകുളം, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തിരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള മുസ്ലീം പള്ളിക്കു സമീപത്തു നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ടൗൺ നോർത്ത് പോലീസിന്റ വിശ്രമമില്ലാത്ത പ്രവർത്തനമാണ് തെളിയാതെ പോകുമായിരുന്ന ക്രൂരമായ കൊലപാതകം തെളിയിക്കാൻ സാധിച്ചത്. പ്രതികൾക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ട് പോകൽ, ബലാൽസംഘം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. സുരേഷ് നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ്. കൊലപാതക ശ്രമക്കേസ്സിൽ തിരുപ്പൂർ പോലീസ് അറസ്റ്റു ചെയ്ത് മൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയതായിരുന്നു.
കൊല്ലപ്പെട്ട ബാലികയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തമിഴ്നാട്ടിലെ കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് ഭിക്ഷാടന സംഘം കുട്ടിയെ തട്ടിക്കൊണ്ടു വന്നത്. പ്രതികളെ ചോദ്യ ചെയ്തതിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. കൂട്ടുപ്രതികളെ കൂടി പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തിരിച്ചറിയുന്നതിനായി സോഷ്യൽ മീഡിയയിലും സഹായവും പോലീസ് തേടിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2GtFuFS
via IFTTT
No comments:
Post a Comment