പത്തനംതിട്ട> ഗോത്രവംശജരും ആദിവാസികളുമടക്കമുള്ളവരെ വനത്തിൽനിന്ന് ഒഴിപ്പിക്കാനുള്ള നീക്കം ശരിയല്ലെന്നും അവരെ ഒരു കാരണവശാലും വനത്തിൽനിന്ന് ഒഴിപ്പിക്കരുതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.ആദിവാസികളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകണമെന്നും കേരള രക്ഷായാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
ദീർഘകാലമായി വനത്തിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് അവരോടുള്ള ക്രൂരനടപടിയാണ്. ആദിവാസി സമൂഹത്തെ സഹായിക്കാൻ സാധ്യമായ എല്ലാം കേരള സർക്കാർ സ്വീകരിക്കും. 11 സംസ്‌ഥാനങ്ങളെ ഈ വിധി ബാധിക്കും. 11 കോടിയിൽ അധികം വരുന്ന ആദിവാസികളെ ബാധിക്കുന്ന ഉത്തരവാണ് വന്നിട്ടുള്ളത്. കേസ് നൽകിയവരും കേന്ദ്ര ഗവർമെൻറും കൂടി ഒത്തുകളിച്ചാണ് വിധി ഇങ്ങനെയാകാൻ കാരണം. കേരളത്തിൽ എണ്ണൂറോളം കുടുംബങ്ങൾക്കാണ് ഇത് ബാധകമാകുന്നത്. നിയമത്തിൽതന്നെ മാറ്റം വരുത്തി വനത്തിൽതന്നെ തുടർന്ന് താമസിക്കാനുള്ള അനുമതി അവർക്ക് നൽകണം.
പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയെ തകർക്കുന്ന നടപടിയാണ് കേന്ദ്രത്തിന്. വിദേശസഹായം വാങ്ങരുതെന്ന കടുപിടുത്തം പുനർനിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ലോകത്ത് പല രാജ്യങ്ങളും കേരളത്തെ സഹായിക്കാൻ സന്നദ്ധരാണ്. അത് ലഭിച്ചാൽ റീ ബിൽഡ് കേരള പദ്ധതി കുടുതൽ കാര്യക്ഷമമാക്കാം.എന്നാൽ കേന്ദ്രത്തിന് കേരളത്തിനോട് വൈര്യനിര്യാതന സമീപനമാണ്. ഇത് തിരുത്തണം
കേരളീയർ ഒന്നിച്ചുനിൽക്കേണ്ട സമയത്ത് പ്രതിപക്ഷ പാർടികളുടെ സമീപനം ഇ ഘട്ടത്തിൽ യോജിക്കുന്നതല്ല. ആയിരം വീട് ഉണ്ടാക്കിനൽകുമെന്ന് പറഞ്ഞ പ്രതിപക്ഷം ഇതുവരെ ഒരു വീട് പോലും നിർമ്മിച്ചിട്ടില്ല. പ്രളയം കൂടുതൽ ബാധിച്ച ജില്ലയാണ് പത്തനംതിട്ട. ആരെല്ലാം എതിർത്താലും സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് മാറിനിൽക്കാൻ കഴിയില്ല. റീ ബിൽഡ് കേരള കാര്യക്ഷമമായിതന്നെ മുന്നോട്ടുപോകും.
ശബരിമല വികസനത്തിന് വേണ്ടി കൂടുതൽ പദ്ധതികളും മറ്റും ഏർപ്പെടുത്തിയ സർക്കാറാണിത്. സ്‌ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. ശബരിമലയിൽ സ്‌ത്രീകളെ എത്തിക്കുക എന്നത് സർക്കാറിന്റെ നയമല്ല. അങ്ങിനെ ഒരു തീരുമാനം സറക്കാറിന് ഉണ്ടെങ്കിൽ അവിടെ രണ്ടു് സ്‌ത്രീകൾ മാത്രമല്ല കയറുക. എല്ലാ സ്‌ത്രീകളും ശബരിമലയിൽ എത്തണം എന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അതേ സമയം സുപ്രീംകോടതിയിൽ പോകണമെന്നുള്ള സ്‌ത്രീകൾക്ക് അതിനുള്ള അനുമതി നൽകണം എന്നാണ് വ്യക്‌തമാക്കിയിട്ടുള്ളത്. സുപ്രീംകോടതി വിധിയെ കോൺഗ്രസും ബിജെപിയും ആദ്യം അംഗീകരിച്ചതാണ്. എന്നാൽ അവരുടെ രാഷ്‌ട്രീയ താൽപര്യമാണ് മറിച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ.
സുപ്രീംകോടതി വിധിക്കെതിതെ റിവ്യൂ നൽകിയാണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ ഒരുകൂട്ടമാളുകൾ തെരുവിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ സുപ്രീംകോടതി വിധി മാറ്റുകയില്ല. ഇതറിയാത്തവരല്ല സമരത്തിന് നേതൃത്വം കൊടുക്കുന്നത്. അവരുടെ ലക്ഷ്യം ഇവിടത്തെ ഇടത്പക്ഷ സർക്കാരാണ്. ആ സർക്കാരിനെ അസ്‌ഥിരപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കമാണ് ശബരിമല സമരം.
ബിജെപിയുടെ നാമജപ സമരം പത്തനംതിട്ടയിൽ കാര്യമായി ഏറ്റിട്ടില്ലെന്ന് ജാഥാ സ്വീകരണത്തിലെത്തിയ സ്‌ത്രീ പങ്കാളിത്തം വ്യക്‌തമാക്കുന്നതെന്നും അതൊരു നല്ല പ്രതീക്ഷയാണെന്നും കോടിയേരി പറഞ്ഞു. സ്‌ത്രീപക്ഷ ‐ പുരോഗമന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പിൽ പത്തനംനിട്ടയിൽ നല്ല വിജയപ്രതീക്ഷയാണെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Shf8bo
via IFTTT
No comments:
Post a Comment