ബംഗാളിലടക്കം ഒരിടത്തും സിപിഐ എം കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലം. എൽഡിഎഫ‌് അധികാരത്തിൽ വന്നതിനുശേഷം നടന്ന 14 ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനായിരുന്നു മേൽക്കൈ. ഇപ്പോഴത്തെ ഫലം മുന്നണിക്ക‌് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്നും കോടിയേരി പറഞ്ഞു. കേരള സംരക്ഷണയാത്രയോടനുബന്ധിച്ച‌് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂരിൽ വിജയിച്ചതും മലപ്പുറത്തും വേങ്ങരയിലും വോട്ട‌് വർധിച്ചതും ജനങ്ങൾ ഇടതുപക്ഷത്തിന‌് ഒപ്പമാണെന്നതിന്റെ തെളിവാണ‌്. ആർഎസ‌്എസിനോട‌് നെഞ്ചോട‌് നെഞ്ച‌് പോരാടുന്നത‌് ഇടതുപക്ഷമാണെന്ന‌് ജനങ്ങൾക്കറിയാം. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെക്കാൾ വിശ്വസിക്കാൻ കഴിയുന്നത‌് ഇടതുപക്ഷത്തെയാണ‌്. ഇടതുപക്ഷം ഇല്ലാത്ത പാർലമെന്റ‌് എന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും മോഹം നടക്കില്ല.
പശ്ചിമബംഗാളിലും ത്രിപുരയിലും ശക്തമായ തിരിച്ചുവരവ‌് നടത്തും. എൻഎസ‌്എസ‌് ഉൾപ്പെടെ ഒരു സമുദായ സംഘടനയോടും എൽഡിഎഫിന‌് ശത്രുതാപരമായ നിലപാടില്ല. എൻഎസ‌്എസുമായി യോജിച്ച‌് പ്രവർത്തിക്കാൻ തയ്യാറാണ‌്. എൻഎസ‌്എസ‌് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ ബഹുഭൂരിപക്ഷം എൽഡിഎഫിന‌് ഒപ്പമാണ‌്. നേതൃത്വത്തിന‌് ചിലപ്പോൾ യോജിപ്പുണ്ടാകില്ല. അത‌് അവരുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. അതിന്റെ പേരിൽ ശത്രുതയില്ല.
സമുദായ സംഘടനകളുടെ മതനിരപേക്ഷ നിലപാട‌് സ്വാഗതാർഹമാണ‌്. ടി കെ രാമകൃഷ‌്ണൻ, സിഎച്ച‌് കണാരൻ എന്നീ സിപിഐ എം നേതാക്കൾ ആദ്യകാലത്ത‌് എസ‌്എൻഡിപി പ്രവർത്തകരായിരുന്നു. സർക്കാരിന്റെ മൂന്നാം വർഷത്തിലും പ്രോഗ്രസ‌് റിപ്പോർട്ട‌് പുറത്തിറക്കും. അടിസ്ഥാന സൗകര്യവികസനത്തിന‌് ഊന്നൽ നൽകിയാണ‌് വികസന പദ്ധതികൾ നടപ്പാക്കുന്നത‌്. ക്രമസമാധാനരംഗത്ത‌് രാജ്യത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമായി കേരളം മാറി. രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും കുറഞ്ഞു. ഇതിനെല്ലാമുള്ള അംഗീകാരമാണ‌് തദ്ദേശ തെരഞ്ഞെടുപ്പ‌് ഫലം.
2004ലും തെരഞ്ഞെടുപ്പ‌് സർവേകൾ എൽഡിഎഫിന‌് എതിരായിരുന്നു. പക്ഷേ, കേരളത്തിൽ എൽഡിഎഫ‌് തരംഗമാണ‌് ഉണ്ടായത‌്. പി ജെ ജോസഫ‌് യുഡിഎഫിൽ പാഴ‌് വെടിയാണ‌് പൊട്ടിക്കുന്നത‌്. അത‌് വിജയിക്കില്ല. ശരിക്കുള്ള നിലപാടെടുത്താൽ ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നും -കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2DJrP9M
via IFTTT
No comments:
Post a Comment