തിരുവനന്തപുരം> ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഗവേണിംഗ് ബോഡിയുടെ കണ്‍വീനറായിരിക്കും. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.
2019-20 ലെ ബജറ്റില്‍ ശബരിമലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 739 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി എട്ടു മാസമേയുള്ളൂ. പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ചാണ് പ്രത്യേക കമ്പനി രൂപീകരിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിര്‍ത്തുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്‍റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വ്വീസസും അക്കാദമി ഓഫ് മെഡിക്കല്‍ സര്‍വ്വീസസും അതിന്‍റെ എട്ട് അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സ് പ്രകാരം പരിമിത കാലത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം വഴി ഈ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍, പുതിയ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ്, ഡന്‍റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ ഭേദഗതികള്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
from Kerala || Deshabhimani Online News https://ift.tt/2XoFufj
via IFTTT
No comments:
Post a Comment