തിരുവനന്തപുരം> ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇക്കുറി 3700 പൊലീസുകാരെ അണിനിരത്തി പഴുതടച്ച സുരക്ഷയുമായി സിറ്റി പോലീസ്. ഇക്കുറി ആദ്യമായി ആയിരം ജനമൈത്രി വളണ്ടിയർമാരും ഉണ്ടാകും. ഇവർക്ക് ധരിക്കാനുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. തമിഴ്നാട്ടിൽ നിന്നും സി ഐ അടക്കമുള്ള സംഘം ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട‌്.
ക്ഷേത്രവും പരിസരവും ട്രാഫിക്കും ഉൾപ്പെടെ നാല് സോണുകളായി തിരിച്ച് നാല‌് എസ് പിമാർക്ക് സുരക്ഷാ ചുമതല നൽകും. ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന ഇന്നർ സോണിന്റെ ചുമതല പൊലീസ് ആസ്ഥാനത്തെ എസ് പി കെ എസ് വിമലിനാണ്. ക്ഷേത്രത്തിന് പുറത്ത് പൊങ്കാല നടക്കുന്ന പ്രദേശങ്ങളായ ഔട്ടർ സോണിന്റെ സുരക്ഷാചുമതല ഡിസിപി അഡ്മിനിസ്ട്രേഷൻ എൻ രമേശ്കുമാറിനാണ‌്. ഗതാഗതനിയന്ത്രണവും പാർക്കിങ്ങിനുമായുള്ള ട്രാഫിക് സോണിന്റെ ചുമതലയും എമർജൻസി സോണിന്റെ ചുമതലയും ഓരോ എസ് പി മാരുടെ നേതൃത്വത്തിൽ ആയിരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു.
ഇപ്രാവശ്യം ആദ്യമായി ഏത് അടിയന്തര സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ച 100 വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ഇതിനുപുറമേ ക്യുക്ക് റെസ്പോൻസ് ടീമിനെയും (ക്യുആർടി ) സജ്ജമാക്കിയിട്ടുണ്ട്. 25 ഡിവൈഎസ്പിമാർ 12 വനിതാ സി ഐമാർ ഉൾപ്പെടെ 62 സി ഐമാർ, 545 എസ്ഐമാർ, 65 വനിതാ എസ്ഐമാർ 1200 വനിതാ പോലീസുകാർ, 1800 പൊലീസുകാർ ഉൾപ്പടെയുള്ളവരാണ് ഡ്യുട്ടിക്കെത്തുന്നത്. ഇത് കൂടാതെ ആദ്യമായി ആരംഭിച്ച കോബ്ര പട്രോളിങ് 24 മണിക്കൂറും ഉണ്ടാകും.
എട്ടു സ്ഥലങ്ങളിൽ വനിതാ കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കും. കൂടാതെ എല്ലാ കൺട്രോൾ റൂമിലും വനിതാ എസ്ഐമാരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്കും പ്രവർത്തിക്കും. ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തും. ഇത് 24 മണിക്കൂറും പ്രവർത്തിക്കും. ഇതു കൂടാതെ 105 സ്ഥലങ്ങളിൽ സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. സിറ്റി പൊലീസ് കൺട്രോൾ റൂമിനു പുറമേ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂമിലും എയ്ഡ് പോസ്റ്റുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കും.
അനുവദനീയമായതിലും കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൈക്ക്സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടും. പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവർ നടത്തുന്ന നിർബന്ധിത പിരിവ് വിലക്കിയിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ഗതാഗതം തടസപ്പെടുത്തുന്ന രീതിയിലുള്ള വഴിയോര കച്ചവടവും പാർക്കിങ്ങും അനുവദില്ല. അന്നദാനവും പാനീയവും വിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും അധികാരികളിൽനിന്നും അനുമതി വാങ്ങണം. വാഹനം തടഞ്ഞുനിർത്തി പാനീയവിതരണം നടത്തി ഗതാഗത തടസ്സം ഉണ്ടാക്കുന്നവർക്കെതിരെയും നിയമനടപടിയുണ്ടാവും.
ഉത്സവ മേഖലയിൽ സംശയകരമായ സാഹചര്യത്തിൽ ആൾക്കാരെയോ വസ്തുക്കളെയോ കണ്ടാൽ കൺട്രോൾ റൂം നമ്പറായ 100 ലോ കണക്റ്റ് ടു കമീഷണർ നമ്പറായ 9497975000 എന്ന നമ്പറിലോ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂം നമ്പറുകളായ 0471-2455719, 2454719 എന്നിവയിലോ അറിയിക്കണം. ക്രൈം സ്റ്റോപ്പർ -1090, വനിതാ ഹെല്പ് ലൈൻ -1091, 9995399953 , പിങ്ക് കൺട്രോൾ -1515 എന്നീ നമ്പരുകളിലും വിവിരങ്ങൾ അറിയിക്കാം.
from Kerala || Deshabhimani Online News http://bit.ly/2GstKmM
via IFTTT
No comments:
Post a Comment