കൊച്ചി
ജോയ്സ് ജോർജ‌് എംപിയോ കുടുംബാംഗങ്ങളോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മൂന്നു മുൻ ഭൂവുടമകൾ ഹെെക്കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയതിനെത്തുടർന്ന് പട്ടയം ലഭിച്ച ഭൂമി 2001ൽ ജോയ്സ് ജോർജിന്റെ അച്ഛൻ ജോർജ് പാലിയത്തിന് സ്വമേധയാ കെെമാറുകയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മുൻ ഭൂവുടമകളും കൊട്ടക്കാമ്പൂർ സ്വദേശികളുമായ ഗണേശൻ, ബാലൻ, ലക്ഷ്മി എന്നിവരാണ് സത്യവാങ്മൂലം നൽകിയത്.
ജോർജ് പാലിയത്ത് ഭൂമി തട്ടിയെടുത്തുവെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ അടക്കം സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പട്ടയം നൽകുമെന്ന സർക്കാർ ഉറപ്പിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് സ്വന്തംപേരിൽ പട്ടയത്തിന് അപേക്ഷ നൽകുകയായിരുന്നെന്ന് മൂന്നുപേരും സമർപ്പിച്ച സത്യവാങ്മൂലം പറയുന്നു.
ഗണേശന്റെ കൈവശമുള്ള 1.61 ഹെക്ടറിനും ബാലന്റെ 1.68 ഹെക്ടറിനും ലക്ഷ്മിയുടെ 1.62 ഹെക്ടറിനും ദേവികുളം തഹസിൽദാർ പട്ടയം അനുവദിച്ചു. എന്നാൽ, സാമ്പത്തിക പരാധീനതമൂലവും കൃഷി ചെയ്യാൻ കഴിയാത്തതിനാലും 2001 ഒക്ടോബർ 22ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽവച്ച് പട്ടയഭൂമികളുടെ പവർ ഓഫ് അറ്റോർണി ജോർജ് പാലിയത്തിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട കെെമാറ്റ ഇടപെടലുകളെല്ലാം തങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് നടന്നത്. ഇക്കാര്യത്തിൽ ഒരുവിധ പരാതിയുമില്ല. ഇനി പരാതികൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സിബിഐ അന്വേഷണ ഹർജികളിൽ ഭൂമിയുടെ മുൻ ഉടമകളെക്കൂടി കക്ഷിചേർക്കണമെന്ന് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് മൂവരും സത്യവാങ്മൂലം നൽകിയത്. ഈ കേസിൽ അനിവാര്യ കക്ഷിയല്ലാത്തതിനാൽ തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവും സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2FvQSQY
via IFTTT
No comments:
Post a Comment