കൊച്ചി> മതത്തിനും ജാതിക്കും പുറത്തേക്കുവന്ന‌് ഒന്നായ സമൂഹമാണ‌് കേരളം എന്നും എന്നാൽ സാമ്രാജ്യത്വകാലത്തും രാജാധിപത്യകാലത്തും നടന്നത്ര നവോത്ഥാനം ജനാധിപത്യകാലത്ത‌് സംഭവിക്കുന്നില്ലെന്നും പ്രൊഫ. എം എൻ കാരശേരി പറഞ്ഞു. എറണാകുളം പബ്ലിക‌് ലൈബ്രറി സംഘടിപ്പിച്ച ഡോ. സുകുമാർ അഴീക്കോട‌് അനുസ‌്മരണ പ്രഭാഷണത്തിൽ ‘സാമൂഹ്യ പരിണാമത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പരിണാമം നടക്കുന്നത‌് മൂന്നു തലങ്ങളിലൂടെയാണ‌്. വിപ്ലവം, നവോത്ഥാനം, പുനരുദ്ധാരണം എന്നിങ്ങനെയാണ‌് അവ. പഴയത‌് മുഴുവൻ നിരാകരിക്കുന്നത‌് വിപ്ലവവും പഴയതിനോട‌് പുതിയത‌് കൂട്ടിച്ചേർക്കുന്നതും നവോത്ഥാനവും പഴയത‌് നിലനിർത്തുന്നത‌് പുനരുദ്ധാരണവും ആണെന്ന‌് കാരശേരി വിശദീകരിച്ചു. ഇപ്പോൾ സംഭവിക്കുന്നത‌് പുനരുദ്ധാരണമാണ‌്. കഥ ഏതാണ‌് ചരിത്രം ഏതാണെന്ന‌് തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിലൂടെയാണ‌് നാം കടന്നുപോകുന്നത‌്. ദൈവത്തെ കാണാൻ ആർക്കൊക്കെയാണ‌് അവകാശമുള്ളതെന്ന‌് എഴുത്തച്ഛൻ ഹരിനാമ കീർത്തനത്തിൽ പറയുന്നുണ്ട‌്. അതിൽ ഋതുമതിയായ പെണ്ണെന്ന‌് അദ്ദേഹം നൂറ്റാണ്ടുകൾക്ക‌് മുമ്പ‌് പറഞ്ഞിട്ടുണ്ട‌്. എന്നാൽ സ‌്ത്രീയുടെ ആർത്തവം, ഗർഭം, പ്രസവം ഇതൊക്കെ വൃത്തികേടാണെന്നാണ‌് ഇന്ന‌് പറയുന്നത‌്.
സ‌്ത്രീകളെ സ്വതന്ത്ര ചിന്താഗതിക്കാരാക്കിയത‌് സന്താന നിയന്ത്രണമാണ‌്. എന്നാൽ ഹിന്ദു സ‌്ത്രീകൾ 10 പ്രസവിക്കാനാണ‌് ബിജെപി നേതാക്കൾ ആഹ്വാനം ചെയ്യുന്നത‌്. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ കോൺഗ്രസുകാരുടെ പിൻതലമുറയാണ‌് ഇന്ന‌് ആചാരലംഘനം എന്ന‌് മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സുകുമാർ അഴീക്കോട‌് അനുസ‌്മരണ പ്രഭാഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കോളേജ‌് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംവാദ മത്സരത്തിലെ വിജയികൾക്ക‌് സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ‌്തു. മികച്ച സംവാദക ടീമിനുള്ള അഡ്വ. എം എം ചെറിയാൻ സ‌്മാരക പുരസ‌്കാരം കാസർകോട‌് കേന്ദ്ര സർവകലാശാല ടീമിന‌് ലഭിച്ചു. 20,000 രൂപയും പ്രശസ‌്തിപത്രവും അടങ്ങുന്ന സമ്മാനം എം എൻ കാരശേരി സമ്മാനിച്ചു. രണ്ടാംസ്ഥാനം കാലടി സർവകലാശാലയും നേടി.
മികച്ച സംവാദകനായി കാസർകോട‌് സർവകലാശാലയിലെ അശ്വിൻ പോളും രണ്ടാംസമ്മാനം കാലടി സർവകലാശാലയിലെ ജെ ശ്രീലക്ഷ‌്മിയും നേടി. പബ്ലക‌് ലൈബ്രറി പ്രസിഡന്റ‌് എസ‌് രമേശൻ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. വി കെ പ്രസാദ‌്, അഡ്വ. എസ‌് കൃഷ‌്ണമൂർത്തി, അജിത‌്കുമാർ, അശോക‌് ചെറിയാൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2RCwTX7
via IFTTT
No comments:
Post a Comment