ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച പേജാവർ മഠാധിപതിയുടെ നിലപാട് തിരുത്താൻ സംഘപരിവാർ സമ്മർദം. ഹിന്ദു ശാസ്ത്രത്തിലെവിടേയും ശബരിമലയിൽ സ്ത്രീ പ്രവേശനം വിലക്കിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പേജാവർ മഠാധിപതി വിശ്വേശതീർഥ പ്രതികരിച്ചത്.
വിശ്വഹിന്ദു പരിഷത്തിന്റെ മുൻ ദേശീയ ഉപാധ്യക്ഷനും നിലവിൽ സംഘടനയുടെ ഉയർന്ന സമ്മേളനമായ ധർമ സൻസദ് ഉപദേശാംഗവുമായ പേജാവർ മഠാധിപതിയുടെ നിലപാട് ബിജെപിയുടെ ശബരിമല സമരകോലാഹലങ്ങൾക്ക് ശക്തമായ തിരിച്ചടിയായിരുന്നു. ഇതോടെയാണ് അഭിപ്രായം തിരുത്തിക്കാൻ സമ്മർദം ശക്തമായത്.
ശാസ്ത്രത്തിൽ പറയുന്നില്ലെങ്കിലും പരമ്പരാഗതമായി നടത്തി വരുന്ന ആചാരങ്ങൾ മാറ്റുമ്പോൾ ഹിന്ദുക്കളുടെ അഭിപ്രായം ചോദിക്കണമെന്നാണ് വിഷയത്തിൽ ശനിയാഴ്ച അദ്ദേഹം ദേശാഭിമാനിയോട് പ്രതികരിച്ചത്.
"യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് ശരിയോ തെറ്റൊ എന്ന് പറയുന്നില്ല. ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണെനിക്ക്. ദൈവത്തിന് മുന്നിൽ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലെങ്കിലും ചിലത് കാലങ്ങളായി തുടർന്നു വരുന്ന സമ്പ്രദായങ്ങളാണ്. ശാസ്ത്രങ്ങളിൽ ഇല്ലാത്ത ഒട്ടേറെ സമ്പ്രദായം പലയിടങ്ങളിലും നടന്നു വരുന്നുണ്ട്. അതിൽ പലതും മനുഷ്യത്വരഹിതമെന്ന് കണ്ട് മാറ്റിയിട്ടുണ്ട്. ദളിതരുടെ ക്ഷേത്ര പ്രവേശനം, കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഡേ സ്നാന ഈ സമ്പ്രാദായങ്ങളൊക്കെ ഇത്തരത്തിൽ മാറ്റിയതാണ്. പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയതായി അറിഞ്ഞു. ഇപ്പോൾ ഞാനും ആശയക്കുഴപ്പത്തിലാണ് 'അദ്ദേഹം പറഞ്ഞു. മതകാര്യങ്ങളിൽ കോടതിയും സർക്കാരും അല്ല തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2CSRkGy
via IFTTT
No comments:
Post a Comment