കാസർകോട്
വനിതാമതിൽ തടയാൻ ബിജെപി ‐ ആർഎസ്‌എസ് സംഘം വ്യാപക അക്രമം നടത്തിയ ചേറ്റുകുണ്ടിൽ സ്ഥിതി ശാന്തമാകുന്നു. പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കാഞ്ഞങ്ങാട്ടും ചേറ്റുകുണ്ടിലും പരിസരങ്ങളിലുമായി അക്രമികളെ കണ്ടെത്താൻ പൊലീസ് റെയ്‌ഡ് നടത്തി. ചേറ്റുകുണ്ടിലെ അക്രമത്തിൽ പത്തിലേറെ കേസുകൾ രജിസ്‌റ്റർചെയ്‌തു. വനിതാമതിലിൽ പങ്കെടുക്കാൻ എത്തിയവരെയും പൊലീസിനെയും ആക്രമിച്ചതിനും പൊലീസ‌് വാഹനം തകർത്തതിനും എണ്ണൂറിലേറെ ആർഎസ്‌എസ്‐ബിജെപി പ്രവർത്തകർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
ഇതിൽ 60 ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകരെ തിരിച്ചറിഞ്ഞതായി പൊലീസ‌് അറിയിച്ചു. സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ‌്ഠനെ ആക്രമിച്ചതിന‌് 12 പേർക്കതിരെയാണ‌് കേസ‌്. കാഞ്ഞങ്ങാട‌് ഡിവൈഎസ‌്പിയുടെ ടാറ്റ സുമോയും ഓഫീസിലെ വാൻ, കണ്ണൂർ, കാസർകോട‌് എആർ ക്യാമ്പിലെ ബസുകൾ എന്നിവയും തകർത്തതിന‌് ബേക്കൽ സിഐ വി കെ വിശ്വംഭരന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 300 പേർക്കതിരെ ജാമ്യമില്ലാ വകുപ്പ‌് പ്രകാരമാണ‌് കേസ‌്. ബേക്കൽ പ്രിൻസിപ്പൽ എസ‌്ഐ പി കെ വിനോദ‌്കുമാർ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ 100 പേർക്കെതിരെ കേസെടുത്തു. ചേറ്റുകുണ്ടിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസിലും കേസ് രജിസ്‌റ്റർചെയ്‌തു.
വനിതാമതിലിൽ അണിനിരക്കാൻ എത്തിയ പനത്തടി ഏരിയയിലെ വനിതകളെ കേട്ടാലറയ‌്ക്കുന്ന ഭാഷയിൽ തെറിവിളിച്ചായിരുന്നു ചൊവ്വാഴ‌്ച വൈകിട്ട‌് അക്രമത്തിന്റെ തുടക്കം. വനിതകൾ അണിനിരന്നുതുടങ്ങിയതോടെ, റെയിൽ പാളത്തിനും കെഎസ‌്ടിപി റോഡിനും ഇടയിലായുള്ള അരക്കിലോമീറ്റർ നീളത്തിൽ വറ്റൽ മുളക‌് വിതറി പുല്ലിന‌് തീകൊളുത്തി പുകയിട്ടു. വനിതകൾ പിൻമാറാതിരുന്നപ്പോൾ റെയിൽപാളത്തിന‌് പടിഞ്ഞാറുവശത്തുനിന്ന‌് കരിങ്കല്ലും കുപ്പികളും വനിതകൾക്കുനേരെയെറിഞ്ഞു. കല്ലേറിൽ അയറോട്ടെ ഷൈന നാരായണൻ, നാരായണി, യശോദ, ലീല ജനാർദനൻ, പനത്തടിയിലെ കമല, കുറിഞ്ഞിയിലെ രാഖി, സിപിഐ എം പ്രവർത്തകൻ രാജൻ, കള്ളാറിലെ റുഖിയ എന്നിവർക്ക‌് പരിക്കേറ്റു. അക്രമികളെ വിരട്ടാൻ ടിയർ ഗ്യാസ‌് പൊട്ടിച്ചതോടെ ബിജെപിക്കാർ പൊലീസിനുനേരെ പടക്കവും കല്ലുമെറിഞ്ഞു. നിരവധി പൊലീസുകാർക്ക‌് പരിക്കേറ്റിരുന്നു. നാല‌് പൊലീസ‌് വാഹനങ്ങളും നിരവധി സ്വകാര്യ വാഹനങ്ങളും തകർത്തു.
വനിതാമതിൽ കഴിഞ്ഞ് തിരിച്ചുപോകുന്നവരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന പത്ത് ബിജെപി പ്രവർത്തകർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. വനിതാമതിലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ‌്ത്രീകൾ സഞ്ചരിച്ച ബസിനു നേരെ നടത്തിയ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുതിരപ്പാടിക്കും മായിപ്പാടിക്കുമിടയിലായിരുന്നു സംഭവം.
കന്തലിലെ ഇസ്‌മയിലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരാണ് മംഗളൂരു ആശുപത്രിയിലുള്ളത‌്. പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി എം അബ്ബാസ് (45) എന്നിവർ കാസർകോട് ജനറൽ ആശുപത്രിലുാണുള്ളത്.
from Kerala || Deshabhimani Online News http://bit.ly/2GUDrLU
via IFTTT
No comments:
Post a Comment