തിരുവനന്തപുരം
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ‌്ത്രീസമത്വത്തിനും വേണ്ടി പുതുവർഷപ്പുലരിയിൽ തീർത്ത വനിതാമതിൽ വൻ മതിലായതോടെ ബിജെപിയും കോൺഗ്രസും അങ്കലാപ്പിൽ. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിന്റെ പേരിൽ സംസ്ഥാനമാകെ ബിജെപി അക്രമം അഴിച്ചുവിട്ടതിനും അക്രമ സമരങ്ങൾക്ക‌് കോൺഗ്രസ‌് ആഹ്വാനം ചെയ‌്തതിനും പിന്നിൽ മതിൽ പെൺകോട്ടയായതിന്റെ ജാള്യംകൂടി കാണാം. 30 ലക്ഷം സ‌്ത്രീകൾ പങ്കെടുക്കുമെന്ന‌് കണക്കുകൂട്ടിയ മതിലിൽ ഇരട്ടിയോളംപേർ അണിനിരന്നു. കേരളത്തിലെ ആകെ സ‌്ത്രീകളിൽ മൂന്നിലൊന്നും ഒരുമയുടെ മതിലിൽ പങ്കാളികളായി. വോട്ട‌് ബാങ്ക‌് രാഷ‌്ട്രീയം കളിക്കുന്ന ബിജെപിക്കും കോൺഗ്രസിനും ഇത‌് സഹിക്കുന്നില്ല.
ലോക മാധ്യമങ്ങൾ ഉൾപ്പെടെ വൻപ്രാധാന്യത്തോടെയാണ‌് ഈ പെൺകൂട്ടായ‌്മ വാർത്തയാക്കിയത‌്. കേരളത്തിലെ സ‌്ത്രീകളെല്ലാം ശബരിമലയിലെ സ‌്ത്രീ പ്രവേശനത്തിന‌് എതിരാണെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ‌് ഈ സ‌്ത്രീ മുന്നേറ്റമുണ്ടായത‌്. മതിലിലെ സ‌്ത്രീപങ്കാളിത്തം നാടിനാകെ പ്രതീക്ഷ നൽകുന്നതാണ‌്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ‌്ത്രീ സമത്വം ഉറപ്പാക്കാനും എന്തുവിലകൊടുത്തും ഞങ്ങൾ മുന്നിലുണ്ടാകുമെന്ന യുവതികളുടെ പ്രഖ്യാപനം കൂടിയായിരുന്നു വനിതാമതിൽ.
ഭീഷണികളെയും സമ്മർദങ്ങളെയും അതിജീവിച്ചാണ‌് സാംസ‌്കാരിക–-സാഹിത്യ–-സിനിമ–-കലാ മേഖലകളിലെ അതിപ്രശസ‌്തരായവർ ഉൾപ്പെടെ പങ്കെടുത്തത‌്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച‌് സുപ്രീംകോടതി വിധി വന്നതുമുതൽ ഹൈന്ദവ വർഗീയ ധ്രുവീകരണത്തിനായിരുന്നു സംഘപരിവാർ ശ്രമിച്ചത‌്. ഇത‌് കേരളത്തിൽ വിലപ്പോവില്ലെന്ന‌് മത–-ജാതി വേർതിരിവില്ലാതെ ഏകമനസ്സായി കേരളം പ്രഖ്യാപിക്കുകയായിരുന്നു ഈ പുതുവർഷപ്പുലരിയിൽ.
എല്ലാ നുണപ്രചാരണങ്ങളും പരാജയപ്പെട്ടപ്പോഴാണ‌് സംഘപരിവാർ പതിവ‌് ശൈലിയിൽ അക്രമപാതയിലേക്ക‌് തിരിഞ്ഞത‌്. മതിലിൽ പങ്കെടുക്കാനെത്തിയ സ‌്ത്രീകളെ സായുധ സംഘം അക്രമിച്ചു.
വനിതാമതിൽ സ‌്ത്രീമുന്നേറ്റത്തിന്റെ തുടക്കമോ ഒടുക്കമോ അല്ല. മറിച്ച‌്, സ്ത്രീ മുന്നേറ്റത്തിന്റെ അതിവേഗത്തിലുള്ള തുടർച്ചയാണ‌്. ഈ തുടർച്ച കൂടുതൽ കരുത്തോടെ മുന്നേറുമെന്നത‌് ഛിദ്രശക്തികളെ അങ്കലാപ്പിലാക്കുന്നു. പെൺകരുത്തിനെ ഏറ്റവും കൂടുതൽ ഭയക്കുന്നത‌് വലതുപക്ഷ ശക്തികളാണ‌്. സ‌്ത്രീകളുടെ ഉന്നമനം ഈ ശക്തികളുടെ തകർച്ചയാണ‌്. അതുകൊണ്ട‌് തന്നെയാണ‌് ബിജെപിയും കോൺഗ്രസും ഒരേ സ്വരത്തിൽ മതിലിനെ എതിർത്തതും. പക്ഷെ, പുരോഗമന കേരളം അതെല്ലാം തള്ളി.
from Kerala || Deshabhimani Online News http://bit.ly/2GQQxKb
via IFTTT
No comments:
Post a Comment