തിരുവനന്തപുരം > ധനമന്ത്രി തോമസ് ഐസക്ക് 2019-20 ലെ ബജറ്റ് സമർപ്പിച്ചത് ഒരു നൂറ്റാണ്ടു മുമ്പ് ആശാൻ പാടിയ ഇന്നും പ്രസക്തമായ കവിതാശകലത്തോടെ. കേരളം ഒറ്റക്കാലിൽ അല്ല നടക്കാൻ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് വായിച്ച് അവസാനിപ്പിച്ചത്. ആധുനിക വൈജ്ഞാനിക സമൂഹത്തിന്റെ സാധ്യതകൾക്ക് അനുസരിച്ച് നമ്മുടെ അഭ്യസ്തവിദ്യരായ യുവാക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ഒരു വൈജ്ഞാനിക തൊഴിൽസമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൃഢമായ കാൽവെയ്പ്പ് വേണം. മന്ത്രി പറഞ്ഞു.
ബജറ്റിലുടനീളം കുമാരനാശാന്റെയും ശ്രീനാരായണഗുരുവിന്റെയും വാക്കുകൾ ഓർമിച്ചുകൊണ്ടാണ് മന്ത്രി സംസാരിച്ചത്.
നരനു നരനശുദ്ധവസ്തുപോലും/ ധരയിൽ നടപ്പതു തീണ്ടലാണുപോലും/നരകം ഇവിടമാണ് ഹന്ത കഷ്ടം/ ഹര ഹര ഇങ്ങനെ വല്ല നാടുവേറെയുണ്ടോ എന്ന് പഴയകേരളത്തെ നോക്കി കുമാരനാശാൻ നടത്തിയ വിലാപം നാം മറന്നിട്ടില്ല. ഈ ശുദ്ധാശുദ്ധ സങ്കൽപ്പത്തെ നല്ലൊരളവ് തുടച്ചു നീക്കിയാണ് നവോത്ഥാനകേരളം വികസിച്ചത്. കേരള നവോത്ഥാനത്തിന്റെ മഹാകവിയാണ് കുമാരനാശാൻ.
ആശാന്റെ എക്കാലത്തെയും മഹത്തായ കൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികമാണിത്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന്, ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയ്ക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നതശീർഷനായ പത്രാധിപർക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിൽ അഭിവാദ്യം അർപ്പിക്കുന്നു.
“ശരി! പാവയോ ഇവൾ!” എന്ന് ആശാന്റ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിലാണ് ‘’തങ്ങൾ അശുദ്ധകളല്ല’’ എന്നു പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. അവർ തീർത്ത പ്രതിരോധത്തിന്റെ വന്മതിൽ തങ്ങൾ പാവകളല്ല എന്ന ധീരമായ പ്രഖ്യാപനമായിരുന്നു.
മതനിരപേക്ഷതയുടെയും പുരോഗമന ചിന്താഗതിയുടെയും ഊർജം പ്രസരിക്കുന്ന ഭൂമിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാമതിൽ. ആശാന്റെ സീത പറയുന്നതുപോലെ, “എൻ മനവും ചേതനയും വഴങ്ങിടാ” എന്നു പ്രഖ്യാപിച്ച ആ മതിൽ ലോകത്തിനു മുന്നിൽ മലയാളിയുടെ ആത്മാഭിമാനം വാനോളമുയർത്തി. അതിന്റെ തുടർച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സമൂഹനിർമ്മിതിയ്ക്കു വേണ്ടിയുള്ള സംഭാവന കൂടിയാകണം ഈ ബജറ്റ് എന്ന് ഞാൻ ആഗ്രഹിക്കുന്നു. മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2BctQKW
via IFTTT
No comments:
Post a Comment