ന്യൂഡൽഹി
ഡോ. എം ലീലാവതിക്ക‌് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ‌്കാരം മലയാളത്തിനുള്ള അംഗീകാരം. മലയാളത്തിൽനിന്ന് ഉൾപ്പെടെ 24 ഭാഷകളിൽനിന്നുള്ള വിവർത്തന കൃതികൾക്കാണ് ഈ വർഷത്തെ വിവർത്തന പുരസ്‌കാരം ലഭിച്ചത്. കെ ജയകുമാർ, കെ മുത്തുലക്ഷ്‌മി, കെ എസ് വെങ്കിടാചലം എന്നിവരടങ്ങിയ സെലക‌്ഷൻ കമ്മിറ്റിയാണ് ലീലാവതിയുടെ കൃതി നിർദേശിച്ചത്. ശ്രീമദ‌് വാത്മീകി രാമായണം എന്ന സംസ‌്കൃത കവിതയുടെ മലയാളം വിവർത്തനമാണ‌് പരിഗണിച്ചത‌്.
തകഴിയുടെ ചെമ്മീൻ നോവലിന്റെ രാജസ്ഥാനി വിവർത്തനത്തിന‌് മനോജ‌് കുമാർ സ്വാമി, തസ‌്കരൻ: മണിയൻപിള്ളയുടെ ആത്മകഥയുടെ തമിഴ‌് വിവർത്തനത്തിന‌് കൊളച്ചൽ മു. യൂസഫ്, ഒ എൻ വിയുടെ ഈ പുരാതന കിന്നരം എന്ന കവിതയുടെ നേപ്പാളി വിവർത്തനത്തിന‌് മോണിക്ക മുഖിയ എന്നിവർക്കും പുരസ‌്കാരം ലഭിച്ചു.
അസമിൽനിന്ന‌് പാർഥ പ്രതിം ഹസാരിക, ബംഗാളിയിൽനിന്ന് മാബിനുൾ ഹക്ക്, ബോഡോയിൽനിന്ന് നബിൻ ബ്രഹ്മ, ഡോംഗ്രിയിൽനിന്ന് നൽസിങ‌് ദേവ് ജാംവാൽ, ഇംഗ്ലീഷിൽനിന്ന് സുബാശ്രീ കൃഷ്ണസ്വാമി, ഗുജറാത്തിയിൽനിന്ന് വിനേഷ് ആനന്ദി, ഹിന്ദിയിൽനിന്ന് പ്രഭാത് ത്രിപാഠി, കന്നടയിൽനിന്ന് ഗിരാഡ്ഡി ഗോവിന്ദ് രാജ്, കശ്മീരിയിൽനിന്ന് മൊഹമ്മദ് സമൻ അസുറുദ്, കൊങ്കണിയിൽനിന്ന‌് നാരായൺ ഭാസ്‌കർ ദേശായി, മൈഥിയിൽനിന്ന് സദാരെ ആലം ഗൗഹാർ, മണിപ്പുരിയിൽനിന്ന‌് രാജ്കുമാർ മോബി സിങ‌്, മറാത്തിയിൽനിന്ന‌് പ്രഫുൽ ഷിലേദർ, ഒഡിയയിൽനിന്ന‌് ശ്രദ്ധാഞ്ജലി കനുംഗോ, പഞ്ചാബിയിൽനിന്ന‌് കെ എൽ ഗാർഗ്, സംസ്‌കൃതത്തിൽനിന്ന‌് ദീപക് കുമാർ ശർമ, സന്താളിയിൽനിന്ന‌് രൂപ്ചന്ദ് ഹാൻസ്ദാ, സിന്ധിയിൽനിന്ന‌് ജഗദീഷ് ലച്ചാനി, തെലുങ്കിൽനിന്ന‌് എ കൃഷ്ണറാവു, ഉർദുവിൽനിന്ന‌് സാക്കിയ മഷാദി എന്നിവർക്കുമാണ് പുരസ്‌കാരം ലഭിച്ചത്.
പത്മശ്രീയടക്കം നിരവധി പുരസ‌്കാരങ്ങൾക്ക‌് ലീലാവതി അർഹയായിട്ടുണ്ട‌്. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വർണരാജി, അമൃതമശ്‌നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോൾ, ശൃംഗാരചിത്രണം സിവിയുടെ നോവലുകളിൽ, ചെറുകാടിന്റെ സ്‌ത്രീകഥാപാത്രങ്ങൾ, ഫ്‌ളോറൻസ് നൈറ്റിംഗേൽ, അണയാത്ത ദീപം, മൗലാനാ അബുൾ കലാം ആസാദ്, മഹാകവി ജി ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശേരി ഗോവിന്ദൻ നായർ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും അക്കിത്തത്തിന്റെ കവിത എന്നിവയാണ് പ്രധാന കൃതികൾ.
തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയാണ‌് സ്വദേശം. കുന്നംകുളം ഹൈസ്‌ക്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സെന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് തുടങ്ങിയ കലാലയങ്ങളിൽ അധ്യാപികയായ ലീലാവതി തലേശരി ബ്രണ്ണൻ കോളേജിൽനിന്ന് 1983-ൽ വിരമിച്ചു.
from Kerala || Deshabhimani Online News http://bit.ly/2CNm1vo
via IFTTT
No comments:
Post a Comment