ആലപ്പുഴ > ‘‘വയസ‌് 101 ആയി, ഒരുപാടു നേരം നിൽക്കാനൊന്നും വയ്യ, എന്നാലും ഞാൻ വരും’’ –- വനിതാമതിലിൽ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി സുധാകരനോട‌് സമരകേരളത്തിന്റെ പെൺകരുത്തായി മാറിയ കെ ആർ ഗൗരിയമ്മയുടെ വാക്കുകൾ. ജെഎസ‌്എസ‌് ജനറൽ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം നേരിട്ടുക്ഷണിക്കാൻ ചാത്തനാട്ടെ വസതിയിലെത്തിയതായിരുന്നു ജി സുധാകരൻ. സ‌്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വനിതാമതിൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു.
എൽഡിഎഫ‌് വിപുലീകരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന‌് ‘‘അതാണോ ഇവിടുത്തെ വിഷയം, വനിതാമതിലിന്റെ കാര്യമല്ലേ ഇവിടെ പറഞ്ഞത‌്’’എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. എൽഡിഎഫിനോടാപ്പമാണോ എന്ന ചോദ്യത്തെ ‘‘ഒരുമിച്ചല്ലെങ്കിൽ പിന്നെ കൈപിടിക്കാൻ പോകുമോ’’ എന്ന മറുചോദ്യംകൊണ്ടാണ‌് നേരിട്ടത‌്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും മന്ത്രി ജി സുധാകരനൊപ്പമുണ്ടായിരുന്നു.
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ പുതുവത്സരദിനത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിൽ വൻ വിജയമാക്കണമെന്ന് ഗൗരിയമ്മ പ്രസ‌്താവനയിൽ അഭ്യർഥിച്ചു. നവോത്ഥാനപ്രസ്ഥാനങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കി സ‌്ത്രീകളെ ഇരുണ്ടകാലത്തേക്കു തള്ളിവിടാൻ വർഗീയശക്തികൾ ശ്രമിക്കുകയാണ്. ഇതിനെതിരെ മനുഷ്യരുടെ ഐക്യപ്പെടൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. നവോത്ഥാനമൂല്യങ്ങൾ തമസ‌്കരിക്കുകയാണ് ഈ ശക്തികളുടെ ലക്ഷ്യം. വനിതാമതിൽ ചരിത്രസംഭവമാക്കി ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താൻ കഴിയട്ടെ എന്നും ഗൗരിയമ്മ ആശംസിച്ചു.
from Kerala || Deshabhimani Online News http://bit.ly/2F0dpEq
via IFTTT
No comments:
Post a Comment