ന്യൂഡൽഹി> വിവേചനപരമായ മുത്തലാഖ‌് നിരോധനബിൽ തിരക്കിട്ട‌് അവതരിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെ തുടർന്ന‌് രാജ്യസഭ സ‌്തംഭിച്ചു. സൂക്ഷ‌്മപരിശോധന ആവശ്യമുള്ള നിയമനിർമാണമായതിനാൽ ബിൽ സെലക്ട‌് കമ്മിറ്റിക്ക‌് വിടണമെന്ന‌് പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോക‌്സഭയിൽ സ്വീകരിച്ച മാതൃകയിൽ രാജ്യസഭയിലും ബിൽ ഏകപക്ഷീയമായി അവതരിപ്പിക്കാനാണ‌് സർക്കാർ ശ്രമിച്ചത‌്. ഭൂരിപക്ഷം പ്രതിപക്ഷ കക്ഷികളും ശക്തമായി പ്രതികരിച്ചതോടെ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ‌്ച പകൽ രണ്ടിന‌് സഭ ചേർന്നപ്പോഴാണ‌് നിയമമന്ത്രി രവിശങ്കർ പ്രസാദ‌് ബില്ലിന‌് അനുമതി തേടിയത‌്. അതീവ പ്രാധാന്യമുള്ള ബിൽ വേണ്ടത്ര പരിശോധനയില്ലാതെ പാസാക്കാൻ ശ്രമിക്കരുതെന്ന‌് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്ററികാര്യ സഹമന്ത്രി വിജയ‌് ഗോയൽ നടത്തിയ പരാമർശങ്ങൾ പ്രതിപക്ഷനിരയിൽനിന്നുള്ള ശക്തമായ പ്രതിഷേധത്തിന‌് കാരണമായി. ഇതോടെ 15 മിനിറ്റ‌് സഭ നിർത്തി. വീണ്ടും ചേർന്നപ്പോഴും ബിൽ അവതരിപ്പിക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും സെലക്ട‌് കമ്മിറ്റിക്ക‌് വിടുകയാണ‌് വേണ്ടതെന്ന‌് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയിൽ എൻഡിഎയ‌്ക്ക‌് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വോട്ടിനിട്ട‌് അനുമതി നേടാൻ കഴിയുമായിരുന്നില്ല. ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസിൽ ഒപ്പിട്ടിരുന്നെങ്കിലും എഐഎഡിഎംകെ അംഗങ്ങൾ കാവേരിവിഷയത്തിൽ പ്രതിഷേധവുമായി നടുത്തളത്തിലായിരുന്നു.
ബിൽ ലോക‌്സഭ പാസാക്കിയിട്ടുണ്ടെന്ന‌് മന്ത്രി രവിശങ്കർ പ്രസാദ‌് പറഞ്ഞപ്പോൾ രാജ്യസഭയെ റബർസ്റ്റാമ്പാക്കി മാറ്റരുതെന്ന‌് ആനന്ദ‌് ശർമ തിരിച്ചടിച്ചു. ഇതോടെ സഭ ബഹളത്തിൽ മുങ്ങി. ബുധനാഴ‌്ച വീണ്ടും ചേരാനായി പിരിയുകയാണെന്ന‌് ഉപാധ്യക്ഷൻ ഹരിവംശ‌് അറിയിച്ചു.സഭ പിരിഞ്ഞശേഷം പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗംചേർന്ന‌് ബിൽ സെലക്ട‌് കമ്മിറ്റിക്ക‌് വിടണമെന്ന‌് ആവശ്യപ്പെട്ട‌് വീണ്ടും നോട്ടീസ‌് നൽകാൻ തീരുമാനിച്ചു. ഗുലാംനബി ആസാദ‌്, ആനന്ദ‌് ശർമ (കോൺഗ്രസ‌്), എളമരം കരീം (സിപിഐ എം), ഡി രാജ (സിപിഐ), കനിമൊഴി (ഡിഎംകെ) എന്നിവരുടെ നേതൃത്വത്തിൽ നോട്ടീസ‌് നൽകി.
കഴിഞ്ഞദിവസം നൽകിയ നോട്ടീസ‌് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. സഭ സമ്മേളിക്കുന്നതിന‌് 24 മണിക്കൂർ മുമ്പെങ്കിലും നോട്ടീസ‌് നൽകണമെന്ന വാദം ഉയർത്തിയാണ‌് തള്ളിയത‌്. ഈ നിലപാട‌് ശരിയല്ലെന്ന‌് എളമരം കരീം അധ്യക്ഷന‌് കത്ത‌് നൽകി. ലോക‌്സഭ 27ന‌് പാസാക്കിയ ബില്ലിന്റെ പകർപ്പ‌് പോലും വിതരണം ചെയ്യാതെയാണ‌് രാജ്യസഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത‌്. ബില്ലിന്മേൽ ഭേദഗതി നിർദേശിക്കാൻ സമയം വേണം. മുസ്ലിം സമുദായത്തിന്റെ വികാരത്തെ നേരിട്ട‌് ബാധിക്കുന്ന നിയമനിർമാണമാണിത‌്. ഗൗരവപൂർണമായ പരിശോധന ആവശ്യമാണ‌്. അംഗങ്ങളുടെ അവകാശവും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കാൻ രാജ്യസഭ അധ്യക്ഷൻ ഇടപെടണമെന്ന‌് എളമരം കരീം ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2Alf303
via IFTTT
No comments:
Post a Comment