‘അതിന‌് തന്റേടം കാട്ടിയില്ലെങ്കിൽ ചരിത്രം എന്നെ കുറ്റപ്പെടുത്തുമായിരുന്നു’ : ജസ‌്റ്റിസ‌് കുര്യൻ ജോസഫ‌് ദേശാഭിമാനിയോട‌് സംസാരിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

‘അതിന‌് തന്റേടം കാട്ടിയില്ലെങ്കിൽ ചരിത്രം എന്നെ കുറ്റപ്പെടുത്തുമായിരുന്നു’ : ജസ‌്റ്റിസ‌് കുര്യൻ ജോസഫ‌് ദേശാഭിമാനിയോട‌് സംസാരിക്കുന്നു

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പരമോന്നത നീതിപീഠത്തിലെ അനഭിമത പ്രവണതകൾക്കെതിരെ ജഡ‌്ജിമാർ തന്നെ വാർത്താസമ്മേളനം നടത്തിയത‌് കഴിഞ്ഞവർഷമാണ‌്. നിയമം അംഗീകരിക്കാത്തവരുടെ ഹിംസയേക്കാൾ സമൂഹത്തിന‌് ദോഷംചെയ്യുന്നത‌് നിയമം അംഗീകരിക്കുന്നവരുടെ മൗനമാണെന്ന‌് രാജ്യത്തെ ഏറ്റവും മുതിർന്ന നാല‌് ജഡ‌്ജിമാരുടെ വാക്കുകൾ ഓർമ്മിപ്പിച്ചു. അവരിൽ ഒരാളായ ജസ‌്റ്റിസ‌് കുര്യൻ ജോസഫ‌് ദേശാഭിമാനിയോട‌് സംസാരിക്കുന്നു..

ഒരോ റിപ്പബ്ലിക‌് ദിനവും കൂടുതൽ വെല്ലുവിളികൾ മുന്നോട്ടുവയ‌്ക്കുന്നു. ഭരണഘടന വിധാതാക്കൾ സ്വപ‌്നംകണ്ട ലക്ഷ്യങ്ങൾ പൂർണമായി സാക്ഷാത‌്കരിക്കാൻ കഴിഞ്ഞിട്ടുണ്ടോ?

നമ്മളെ ആര‌് ഭരിക്കണം എന്ന‌് നമ്മൾ തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ‌് റിപ്പബ്ലിക്ക‌്. ജനങ്ങളുടെ പരമാധികാരമാണ‌് റിപ്പബ്ലിക്കിന്റെ അന്തഃസത്ത. ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക‌് വേണ്ടി തെരഞ്ഞെടുത്ത ഭരണസംവിധാനം നിലവിൽ വന്നിട്ട‌ും ഭരണഘടന വിഭാവനം ചെയ്യുന്ന ജാതിക്കും മതത്തിനും വർഗത്തിനും വർണത്തിനും വിവേചനങ്ങൾക്കും അതീതമായ ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഉണ്ടെന്ന‌് ഉത്തരം നൽകാൻ ഞാനാളല്ല. ധാരാളം വിവേചനങ്ങൾ ഇപ്പോഴും  നിലനിൽക്കുന്നു. ഭരണഘടന വാഗ‌്ദാനം ചെയ്യുന്ന നീതി, സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുറപ്പാക്കാൻ ഒത്തൊരുമിച്ച‌് പ്രവർത്തിക്കണം. ഒരോ റിപ്പബ്ലിക്ക‌് ദിനവും ഇന്ത്യയുടെ കരുത്തോ ശേഷിയോ പ്രദർശിപ്പിക്കാനുള്ള അവസരം മാത്രമല്ല. അതിനുമപ്പുറം മതനിരപേക്ഷതയും സോഷ്യലിസവും  ഉയർത്തിപ്പിടിക്കുന്ന, മനുഷ്യരുടെ അന്തസ്സിന‌് വില കൽപ്പിക്കുന്നൊരു സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരം കൂടിയാണ‌്. അപ്പോഴാണ‌് റിപ്പബ്ലിക്കിന്റെ അർത്ഥം പൂർണമാകുന്നത‌്.

നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ ബാഹ്യശക്തികളുടെ ഇടപെടലിൽനിന്നും വിമുക്തമാക്കാൻ കഴിയാത്തത‌് ശക്തമായ വെല്ലുവിളിയല്ലേ?

ജനങ്ങൾ  വിശ്വാസം അർപ്പിച്ചിരുന്ന സ്ഥാപനങ്ങൾ ഇന്നേവരെയില്ലാത്ത രീതിയിൽ വിവാദങ്ങൾ നേരിടുന്നു. ഇത‌് ഗുരുതര സ്ഥിതിവിശേഷമാണ‌്. റിസർവ്വ‌് ബാങ്ക‌്, സിബിഐ, യുജിസി, സുപ്രീംകോടതി, ചീഫ‌് ഇൻഫർമേഷൻ കമീഷൻ മുതലായ പൊതുസ്ഥാപനങ്ങൾ വിവാദങ്ങൾക്ക‌ിടയിലാണ‌്. ഇതെല്ലാം ഭരണഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്ന സംഭവങ്ങളാണ‌്. ഭരണഘടനയോടും മൗലികതത്ത്വങ്ങളോടും ബഹുമാനം കുറയുന്ന സാഹചര്യം സൃഷ്ടിക്കരുത‌്. ബഹുമാനം നഷ്ടമായാൽ വിശ്വാസ്യതയെ ബാധിക്കും. നേരത്തെ പറഞ്ഞ സ്ഥാപനങ്ങളുടെ കെട്ടുറപ്പ‌ും സുതാര്യതയും സംശുദ്ധിയും എന്തുകൊണ്ട‌് ഇന്ന‌് സംശയത്തിന്റെ നിഴലിലാകുന്നു എന്ന‌് ആത്മപരിശോധന നടത്തണം. ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകാത്ത രീതിയിൽ പഴുതുകളടയ‌്ക്കണം.

 

അടിയന്തരാവസ്ഥയടക്കമുള്ള പരീക്ഷണഘട്ടങ്ങളിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട‌്. അന്നും ഭരണഘടനാസ്ഥാപനങ്ങൾ വലിയ പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട‌്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുന്നത‌് നമ്മുടെ സംവിധാനത്തിന്റെ ന്യൂനതയല്ലേ?

 തീർച്ചയായിട്ടും ന്യൂനത  തന്നെയാണ‌്. സംരക്ഷിക്കാൻ ബാധ്യസ്ഥരായവരാണ‌് ഇത്തരം സാഹചര്യങ്ങളുണ്ടാക്കുന്നത‌്. വേലി തന്നെ വിളവ‌് തിന്നുന്നതാണ‌് പ്രശ‌്നം. സംരക്ഷിക്കേണ്ടവർ തന്നെ അതിനെ മലിനമാക്കുന്നു. ഇത‌് മാറണം. ഭരണഘടനാസ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും നിഷ‌്പക്ഷതയും സംശുദ്ധിയും സുതാര്യതയും ഉറപ്പാക്കേണ്ടത‌് ജനാധിപത്യത്തിന്റെ നിലനിലപ്പിന‌് അനിവാര്യമാണ‌്.  

അലോക‌് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത‌ുനിന്നും ഒഴിവാക്കിയതിൽ സ്വാഭാവിക നീതിയുടെ നിഷേധമുണ്ടെന്ന വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട‌്. ഈ വിഷയത്തെ എങ്ങനെ കാണുന്നു?

അലോക‌് വർമയെ മറ്റൊരു സ്ഥാനത്തേക്ക‌് മാറ്റിയത‌ുകൊണ്ട‌്  സ്വാഭാവികനീതി നിഷേധിച്ചിട്ടില്ലെന്ന‌് പലരും പറയുകയുണ്ടായി. സൂക്ഷ‌്മമായി പരിശോധിച്ചാൽ അദ്ദേഹത്തെ വേറൊരു സ്ഥാനത്തേക്ക‌് മാറ്റാൻ പറ്റില്ല. കാരണം അദ്ദേഹം സേവനകാലാവധി പൂർത്തിയാക്കിയ ഉദ്യോഗസ്ഥനായിരുന്നു. സിബിഐ ഡയറക്ടറായത‌് കൊണ്ട‌് മാത്രം തുടർന്നതാണ‌്.

സിബിഐ ഡയറക്ടർക്ക‌് ചുരുങ്ങിയത‌് രണ്ട‌ുവർഷത്തെ സേവനകാലം നിലവിലുള്ളത‌് കൊണ്ടാണ‌് അദ്ദേഹം സർവീസിൽ തുടർന്നത‌്. ആ വശം പരിശോധിക്കപ്പെട്ടില്ല. അദ്ദേഹത്തെ ഒരു സ്ഥാനത്ത‌് നിന്നും വേറൊരു സ്ഥാനത്തേക്ക‌്  മാറ്റുകയല്ല ഉണ്ടായത‌്. യഥാർഥത്തിൽ സ്ഥാനത്ത‌് നിന്നും നീക്കുകയായിരുന്നു. ആ സാഹചര്യത്തിൽ സ്വാഭാവികനീതിയുടെ പ്രശ‌്നം തീർച്ചയായുമുണ്ട‌്. സ്വാഭാവികനീതി ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ‌്.

ചീഫ‌്ജസ‌്റ്റിസിന‌് എതിരെ വാർത്താസമ്മേളനം നടത്തിയ നാല‌് ജഡ‌്ജിമാരിൽ ഒരാൾ എന്ന‌് മാധ്യമങ്ങളും പൊതുസമൂഹവും വിശേഷിപ്പിക്കുന്നതിൽ എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ?

 ഞാൻ ആ വാർത്താസമ്മേളനത്തെ ഒരു ചരിത്രനിയോഗമായാണ‌് കാണുന്നത‌്. അതിനുള്ള തന്റേടം കാണിച്ചതിൽ അഭിമാനമുണ്ട‌്. സുപ്രീംകോടതി ജഡ‌്ജിയായിരുന്നിട്ട‌് ആ സ്ഥാപനത്തിന്റെ വഴിവിട്ട പോക്കിനെതിരെ നിലകൊള്ളാനും നിലപാടെടുക്കാനും കഴിഞ്ഞില്ലെങ്കിൽ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇതിനിടയാക്കാതെ ഒരസാധാരണ നടപടിക്ക‌് നിർബന്ധിതനാകുകയായിരുന്നു.

ആ വാർത്താസമ്മേളനത്തിന‌് ശേഷം സുപ്രീംകോടതിയിലെ സാഹചചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതായി താങ്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, അടുത്തകാലത്ത‌് കൊളീജിയവും ജഡ‌്ജിനിയമനവും വീണ്ടും വിവാദമായി?

 വാർത്താസമ്മേളനത്തെ തുടർന്ന‌് സുപ്രീംകോടതിയുടെ നടത്തിപ്പിലും ജഡ‌്ജിമാരുടെ നിയമനത്തിലും എല്ലാം ഗുണപരമായ മാറ്റങ്ങളുണ്ടായി. ജഡ‌്ജിമാരുടെ നിയമനത്തിൽ സുതാര്യത കൊണ്ടുവരാൻ വാർത്താസമ്മേളനം സഹായിച്ചിട്ടുണ്ട‌്. കൊളീജിയം സംവിധാനം ഏറ്റവും നല്ലതാണെന്നോ അത‌് മാത്രമാണ‌് ഏക മാർഗമെന്നൊ അഭിപ്രായമില്ല. തമ്മിൽഭേദം അതാണെന്ന അഭിപ്രായമാണുള്ളത‌്. ദേശീയ ജുഡീഷ്യൽ നിയമനകമീഷൻ (എൻജെഎസി) റദ്ദാക്കിയ ഭരണഘടനാബെഞ്ചിൽ അംഗമായിരുന്നു ഞാൻ. കൊളീജിയം കൂടുതൽ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച‌് ആ വിധിന്യായത്തിൽ പറയുന്നുണ്ട‌്. സമീപകാലത്ത‌് കൊളീജിയം ശുപാർശ പിൻവലിച്ചതിനെക്കുറിച്ച‌് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ല.

വധശിക്ഷയ‌്ക്ക‌് എതിരെ ശക്തമായ നിലപാട‌് സ്വീകരിച്ചിട്ടുള്ള ന്യായാധിപനാണ‌് താങ്കൾ. സമീപകാലത്ത‌് സുപ്രീംകോടതി നിരവധി കേസുകളിൽ വധശിക്ഷ ഇളവും ചെയ‌്തു. നമ്മുടെ നീതിന്യായ സംവിധാനത്തിൽനിന്നും വധശിക്ഷ ഇല്ലാതാക്കപ്പെടുമെന്ന‌് വിശ്വസിക്കുന്നുണ്ടോ?

വധശിക്ഷ സംബന്ധിച്ചുള്ള എന്റെ നിലപാട‌് വ്യക്തിപരമല്ല. പൊതുസമൂഹത്തിന്റെ ചിന്തയാണ‌്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ ശിക്ഷയായി നിലനിൽക്കുന്നു. അത‌് നിലനിൽക്കണോ വേണ്ടയോ എന്ന വിഷയത്തിൽ പല കാലങ്ങളിൽ പല വിധിന്യായങ്ങളിലും സുപ്രീംകോടതി തന്നെ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട‌്. ആ നിരീക്ഷണങ്ങൾവച്ച‌് നോക്കിയാൽ ഒരു സാധാരണ കേസിൽ വധശിക്ഷ വിധിക്കാൻ തന്നെ ബുദ്ധിമുട്ടാണ‌്. അത്രയും സൂക്ഷ്മതയോടെ വേണം ശിക്ഷ വിധിക്കാൻ. നിയമ കമീഷനോട‌് ഇത‌് പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. വധശിക്ഷ നിർത്തലാക്കണമെന്ന‌് അവരാണ‌്‌ ശുപാർശ ചെയ‌്തത‌്. ഒട്ടേറെ രാജ്യങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട‌്.

വധശിക്ഷ കൊണ്ട‌് മാത്രം സമൂഹത്തിൽ പേടി ഉണ്ടാകുമെന്ന‌് തെളിയിക്കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ, വധശിക്ഷ വിധിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടില്ലായിരുന്നു. കുറ്റകൃത്യം ചെയ‌്ത വ്യക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക‌് കൊണ്ടുവരാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അത‌് പരിശോധിക്കണം ഇതാണ‌് ശിക്ഷയുടെ ഉദ്ദേശവും.

 



from Kerala || Deshabhimani ​Online ​News http://bit.ly/2RgmXNU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages