കൊച്ചി
ലൈറ്റ്മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്ക് 7,500 കിലോഗ്രാമിൽത്താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ചെറിയ ട്രാൻസ‌്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാംക്ലാസ‌് വിദ്യാഭ്യാസയോഗ്യത ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ലഘുമോട്ടോർ വാഹന (എൽഎംവി) ലൈസൻസുണ്ടായിട്ടും എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയില്ലെന്നുപറഞ്ഞ് ബാഡ‌്‌ജ‌് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം തിരൂർ സ്വദേശികളായ മൂന്നു പേർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.
ട്രാൻസ‌്പോർട്ട‌് വാഹനങ്ങൾ ഓടിക്കാൻ നാലാം ക്ലാസുവരെ വിദ്യാഭ്യാസമുണ്ടായിരിക്കണമെന്നും ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിച്ച് ഒരുവർഷത്തെ പരിചയമുണ്ടാകണമെന്നുമാണ് വ്യവസ്ഥയെന്ന് ഹർജിക്കാർ വാദിച്ചു. ട്രാൻസ‌്പോർട്ട‌് വാഹനങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് നിലനിർത്തിയിരുന്ന രീതി 1994ൽ നീക്കംചെയ്തു. പൊതുഗതാഗതവാഹനം, ചരക്കുവാഹനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനം, സ്വകാര്യ സർവീസ് വാഹനം തുടങ്ങിയവയെല്ലാം ട്രാൻസ‌്പോർട്ട‌് വാഹനങ്ങളിൽപെടും. യോഗ്യതയുണ്ടായിട്ടും അനുമതി നിഷേധിക്കാൻ ഇങ്ങനെയൊരു വിദ്യാഭ്യാസയോഗ്യത നിഷ‌്കർഷിക്കുന്നതിൽ ന്യായീകരണമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
എൽഎംവി ലൈസൻസുള്ളവർക്ക് 7500 കിലോഗ്രാമിൽത്താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ലഘുമോട്ടോർ വാഹനം ഓടിക്കാൻ പ്രത്യേക അനുമതി വേണ്ടെന്നാണ് മുകുന്ദ് ദേവാങ്കൻ കേസിൽ സുപ്രീംകോടതി വിധിച്ചതെന്ന് വാദംകേട്ട ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഫലംപറ്റി ട്രാൻസ‌്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ സർക്കാർ നൽകുന്ന അനുമതിപത്രമാണ് ബാഡ്‌ജ‌്. ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്‌സികാറുകൾ, ചെറിയ ടിപ്പറുകൾ തുടങ്ങിയവയെല്ലാം ചെറിയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പരിധിയിൽവരും. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ബാഡ‌്ജ‌് വേണ്ടെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതിനാൽ ഹർജിക്കാരുടെ ആവശ്യങ്ങൾ അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2B7IZxp
via IFTTT
No comments:
Post a Comment