തിരുവനന്തപുരം
സംസ്ഥാന ഭാഗ്യക്കുറിക്ക‌് 28 ശതമാനം ജിഎസ‌്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന‌് കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ജിഎസ‌്ടി കൗൺസിൽ യോഗത്തിലാണ‌് കേന്ദ്ര ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറിക്ക‌് 28
ശതമാനം ജിഎസ‌്ടി ഏർപ്പെടുത്തണമെന്ന നിർദേശം അവതരിപ്പിച്ചത‌്.
ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ സംഘടനയായ ലോട്ടറി ട്രേഡേഴ‌്സ‌് ഓർഗനൈസേഷന്റെ ആവശ്യപ്രകാരമാണ‌് ഇത്തരമൊരു നിർദേശം അവതരിപ്പിച്ചത‌്. ധനമന്ത്രി തോമസ‌് ഐസക്കിന്റെ എതിർപ്പിനെ തുടർന്ന‌് ഈ വിഷയം അടുത്ത യോഗത്തിലേക്ക‌് മാറ്റി.
സംസ്ഥാന സർക്കാരുകൾ നേരിട്ട‌് നടത്തുന്ന ലോട്ടറികൾക്ക‌് 12 ശതമാനവും മറ്റു ലോട്ടറികൾക്ക‌് 28 ശതമാനവുമാണ‌് നികുതി. രണ്ടുതരം നികുതിഘടനയ‌്ക്കെതിരെ ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പുകാർ നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. കേരള ഭാഗ്യക്കുറി സംസ്ഥാന സർക്കാർ നേരിട്ട‌് നടത്തുന്നതാണ‌്.
28 ശതമാനം നികുതി ഏർപ്പെടുത്തിയാൽ ഇതര സംസ്ഥാന ലോട്ടറി മാഫിയകൾക്ക‌് കേരളത്തിൽ കടന്നുവരാൻ അവസരമൊരുങ്ങും. ഒപ്പം ഭാഗ്യക്കുറി നൽകിവരുന്ന സമ്മാനങ്ങളിലും തൊഴിലാളികളുടെ വിൽപ്പന കമീഷനിലും കുറവുണ്ടാകും. ഇത‌് ലോട്ടറി മേഖലയുടെ തകർച്ചയ‌്ക്ക‌് കാരണമാകും.
ഞായറാഴ്‌ച കേന്ദ്രധനമന്ത്രിയെ കണ്ട‌് നിവേദനം നൽകുമെന്നും ശേഷം എല്ലാ ജില്ലകളിലും സംയുക്ത സമരപ്രഖ്യാപന കൺവൻഷനുകൾ വിളിച്ചുചേർക്കാനും സംരക്ഷണ സമിതി തീരുമാനിച്ചു. തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും ഒപ്പുകൾ ശേഖരിച്ച‌് കേന്ദ്ര സർക്കാരിന‌് ഭീമ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട‌്. യോഗത്തിൽ പി പി ഡാന്റസ‌് അധ്യക്ഷനായി. പി ആർ ജയപ്രകാശ‌്, വി എസ‌് മണി, ബാബു കടമക്കുടി, പുരുഷോത്തമ ഭാരതി, രാജൻ പാമ്പാടി, സനൽകുമാർ, മുരളീധരൻ, എൻ ബി സന്തോഷ‌് കുമാർ, കെ ജയകുമാർ, എസ‌് മുരുഗേഷ‌്, എം അൻസറുദ്ദീൻ, ടി ബി സുബൈർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2CPDioQ
via IFTTT
No comments:
Post a Comment