കൊച്ചി > ജീവിതത്തിന്റെ വസന്തകാലം മുഴുവൻ മാധ്യമപ്രവർത്തനത്തിനായി ഉഴിഞ്ഞുവച്ച മുതിർന്ന പത്രപ്രവർത്തകരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന‌് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവരുടെ പെൻഷനും ആശ്രിത പെൻഷനും വർധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ അടുത്ത നിയമസഭാസമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകർക്കും മാധ്യമപ്രവർത്തനത്തിനും ഒരുതരം നിയന്ത്രണങ്ങളും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. മാധ്യമങ്ങൾ മാധ്യമധർമത്തിൽനിന്ന് വ്യതിചലിക്കുന്ന പ്രവണത ശക്തിപ്പെടുന്നത് ആശങ്കാജനകമാണ‌്. വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽവരെ ഈ ജാഗ്രതക്കുറവ് കാണുന്നുണ്ട്. മാധ്യമപ്രവർത്തനത്തിൽനിന്ന് ധാർമികത ചോർന്നുപോകുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർ കാണിച്ച ത്യാഗനിർഭരമായ മാധ്യമ പ്രവർത്തനരീതി സ്വാംശീകരിക്കാൻ പുതിയകാലത്തെ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞാൽ സമൂഹത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകരായ പി രാജൻ, കെ മോഹനൻ, എം പി പ്രകാശം, ഐസക്ക് അറയ്ക്കൽ, യേശുദാസൻ, സി എൻ കൃഷ്ണപ്പണിക്കർ, വി സുബ്രഹ്മണ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ വി തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ‌് ഡോ. നടുവട്ടം സത്യശീലൻ, സെക്രട്ടറി എ മാധവൻ തുടങ്ങിയവർ സംസാരിച്ചു.
‘ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിന്റെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡോ. കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ പി രാജേന്ദ്രൻ, ഡോ. ടി വി മുഹമ്മദാലി, മാടവന ബാലകൃഷ്ണപിള്ള, എൻ പി ചേക്കുട്ടി, എറണാകുളം പ്രസ‌്ക്ലബ് പ്രസിഡന്റ‌് ഡി ദിലീപ്, ഡോ. നടുവട്ടം സത്യശീലൻ, പി വി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. എം രാജശേഖരപ്പണിക്കർ സ്വാഗതവും ഇഗ്നേഷ്യസ് ഗോൺസാൽവസ് നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EwtCSl
via IFTTT
No comments:
Post a Comment