തിരുവനന്തപുരം > പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയോ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ ത്തിന്റെ അവകാശങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായേ സംരക്ഷിക്കാനാകുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം ഏതെങ്കിലും ഒരുവിഷയം സഭയിൽ ഉന്നയിക്കാൻ പാടില്ലെന്ന നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. സഭാനടപടികളുടെ അജൻഡ പൂർത്തികരിച്ചതിനുശേഷം പ്രതിപക്ഷം വൈകി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കാര്യങ്ങൾപോലും ഉന്നയിക്കാനുള്ള അവസരം നൽകിയിട്ടുണ്ട‌്. നിഷ‌്പക്ഷവും കർശനവുമായ റൂളിങ്ങുകൾ ചട്ടപ്രകാരമാണ‌്. ബുധനാഴ്ചയാണ് ശബരിമല വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നത്. ചട്ടപ്രകാരം ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് പ്രമേയം പരിഗണിക്കുക.
എന്നാൽ, ചോദ്യത്തരവേള ആരംഭിക്കുന്ന അവസരത്തിൽതന്നെ തടസ്സപ്പെടുത്തുകയാണുണ്ടായത്. നോട്ടീസ് പരിഗണിക്കാം എന്ന് ആവർത്തിച്ചുപറഞ്ഞിട്ടും തടസ്സപ്പെടുത്തി. വൈകാരികമായി സ‌്പീക്കർക്ക‌് പ്രതികരിക്കാനാവില്ല.ശബരിമല വിഷയത്തിൽ എട്ടുമണിക്കൂറോളം സഭയിൽ ചർച്ച നടന്നു. പറയാനുള്ള കാര്യങ്ങളെല്ലാം പ്രതിപക്ഷനേതാവും അംഗങ്ങളും പറഞ്ഞു. മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും വിശദമായ മറുപടിയും നൽകി. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ‌് അവതരിപ്പിച്ച അംഗത്തിന‌് സാധാരണ പത്തുമിനിട്ടാണ‌് നൽകുക. അരമണിക്കൂറാണ‌് ശിവകുമാർ പ്രസംഗിച്ചത‌്. പ്രതിപക്ഷ നേതാവ‌് ഒരുമണിക്കൂറിലേറെ. റൂൾ 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ‌് അടിയന്തരപ്രമേയ നോട്ടീസായി നൽകേണ്ടത‌്. തുടർച്ചയായി ഒരേവിഷയം ഒരുമാറ്റവുമില്ലാതെ കൊണ്ടുവരുന്നത‌് ശരിയല്ല. നിയമനിർമാണത്തിനും നാട്ടിലെ പല വിഷയങ്ങൾക്കുമായി ഉപയോഗിക്കേണ്ട സമയം വെറുതെ കളയാനാവില്ല. തുടർച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുമ്പോൾ കർശന നിലപാട‌് സ്വീകരിക്കേണ്ടിവരും.
കേരളത്തിന്റെ പുനർനിർമാണത്തിനുള്ള വലിയ യത്നത്തിലാണ‌് നാം. ഇതുസംബന്ധിച്ച നിരവധി ചോദ്യങ്ങളായിരുന്നു ആദ്യദിനം. ഇതിൽനിന്ന‌് മുഖംതിരിഞ്ഞുനിന്ന നടപടി ശരിയായിരുന്നോ എന്ന‌് പ്രതിപക്ഷാംഗങ്ങൾ ആലോചിക്കണം. പ്രതിപക്ഷാംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സർക്കാർ കാര്യങ്ങൾ നടത്തിക്കൊടുക്കാനും സ‌്പീക്കർക്ക‌് ബാധ്യതയുണ്ടെന്നും ശ്രീരാമകൃഷ‌്ണൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2BKoMyh
via IFTTT
No comments:
Post a Comment