വിദേശ നിർമിത വിദേശമദ്യത്തിന്റെ തീരുവ കുറച്ചെന്ന‌് ആരോപിച്ച‌് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നതിനു പിന്നിൽ മദ്യലോബി. ഇന്ത്യൻ നിർമിത വിദേശമദ്യ കുത്തകകളും വിദേശ നിർമിത വിദേശമദ്യം അനധികൃതമായി വിൽക്കുന്നവരും അടങ്ങുന്ന ലോബിയാണിത‌്. ഒമ്പതുമാസംമുമ്പ‌് സംസ്ഥാന ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച നികുതിനിർദേശങ്ങൾ മറച്ചുവച്ചാണ‌് പ്രതിപക്ഷം ഇപ്പോൾ വിവാദമുണ്ടാക്കുന്നത‌്. മദ്യലോബിയുടെ സമ്മർദത്തോടൊപ്പം അഴിമതി ആരോപണം ഉന്നയിച്ച‌് മുതലെടുക്കുകയെന്ന ലക്ഷ്യവും പ്രതിപക്ഷത്തിനുണ്ട‌്. ബ്രൂവറി–- ഡിസ്റ്റിലറി വിവാദം പൊളിഞ്ഞപ്പോഴാണ‌് പുതിയ ആരോപണം.
ബജറ്റ‌് പ്രഖ്യാപനമനുസരിച്ചാണ‌് ബിവറേജസ‌് കോർപറേഷൻ വിദേശ നിർമിത വിദേശമദ്യം വിൽക്കാൻ തീരുമാനിച്ചത‌്. അബ‌്കാരി നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന‌് വ്യവസ്ഥ ചെയ‌്തിരുന്നെങ്കിലും മുമ്പ‌് വിറ്റിരുന്നില്ല. ഈ അവസരം ഉപയോഗിച്ച‌് വിദേശ നിർമിത വിദേശമദ്യം വൻതോതിൽ അനധികൃതമായി വിൽക്കുകയായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ അനധികൃത വിൽപ്പന ഉദാഹരണം.
ഇതുമൂലം നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന‌് വൻ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ‌് പുതിയ തീരുമാനമെടുത്തത‌്. ഈ വർഷം ഇതിനകം എട്ടരക്കോടി രൂപയുടെ മദ്യം വിൽക്കുകയും ചെയ‌്തു. നികുതിയിനത്തിൽ നാല‌് കോടി രൂപയാണ‌് സർക്കാരിന‌് കിട്ടിയത‌്. അതോടെ അനധികൃത കച്ചവടം പൊളിഞ്ഞു. ഒപ്പം വിലകൂടിയ ഇന്ത്യൻ നിർ മിത വിദേശമദ്യത്തിന്റെ വിൽപ്പനയും കുറഞ്ഞു. രണ്ടു കൂട്ടരും പ്രതിപക്ഷവുമായി കൈകോർത്താണ‌് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത‌്. നികുതി നിർദേശങ്ങൾ കൃത്യമായി ബജറ്റിൽ കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ട‌്. 150 ശതമാനമാണ‌് വിദേശ നിർമിത വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ.
മത്സരാധിഷ‌്ഠിതമായി വിപണിയിൽ നൽകുന്നതുകൂടി കണക്കാക്കി മദ്യത്തിന‌് 78 ശതമാനവും വൈനിന‌് 25 ശതമാനവും വിൽപ്പന നികുതി നിശ്ചയിക്കുകയായിരുന്നു. ഇങ്ങനെ വിദേശ നിർമിത വിദേശമദ്യം വിൽക്കുമ്പോൾ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപ്പനയെ ബാധിക്കാതിരിക്കാൻ ഇവയുടെ അടിസ്ഥാന വിലയും കുറച്ച‌് നിശ്ചയിച്ചിരുന്നു. നികുതിയിനത്തിൽ 60 കോടി രൂപയുടെ വർധനയാണ‌് ബജറ്റിൽ ലക്ഷ്യമിട്ടത‌്. ഫലത്തിൽ നികുതി വർധിക്കുന്നതിനെയാണ‌് നികുതി കുറച്ച‌് അഴിമതി നടത്തുന്നുവെന്ന‌് പ്രതിപക്ഷം ആക്ഷേപിക്കുന്നത‌്. ധനമന്ത്രിയുടെ ബജറ്റ‌് പ്രസംഗത്തിലെ 141, 142 പേജുകളിലായി നികുതി ഘടനയെക്കുറിച്ച‌് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട‌്. അന്നൊന്നും പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതെ ഒമ്പത‌് മാസത്തിനുശേഷമാണ‌് പ്രതിപക്ഷത്തിന്റെ പരിഹാസ്യമായ അഴിമതി ആരോപണം.
from Kerala || Deshabhimani Online News https://ift.tt/2zWIxBk
via IFTTT
No comments:
Post a Comment