തിരുവനന്തപുരം > അതിജീവനത്തിന്റെ പെൺകരുത്തിനെ പ്രതിരോധിക്കാൻ പ്രതിലോമ ശക്തികളുടെ കോടാലിക്കൈ ആയി മലയാള മനോരമ പത്രം. കമ്യൂണിസ‌്റ്റ‌് വിരുദ്ധജ്വരം മൂത്ത മനോരമ വർഗീയ ശക്തികളുടെ നേർപ്രചാരകരാകുമ്പോൾ ജനം ടിവിയും ജൻമഭൂമിയും പോലും നാണംകെടുന്നു. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നത‌് തൊട്ട‌് കെട്ടഴിച്ചുവിടാൻ തുടങ്ങിയ നുണക്കഥകളും പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകളും വനിതാമതിൽ കേരളമാകെ ഏറ്റെടുക്കുമെന്നായതോടെ അതിന്റെ പാരമ്യത്തിലെത്തി.
വ്യാഴാഴ‌്ച പുറത്തിറങ്ങിയ പത്രത്തിന്റെ ലീഡ‌് വാർത്ത ഇതിന്റെ ഒടുവിലത്തെ തെളിവാണ‌്. വനിതാമതിലിനും സംസ്ഥാന സർക്കാരിനുമെതിരെ ആചാര സംരക്ഷണത്തിനെന്ന പേരിൽ വർഗീയവാദികൾ സംഘടിപ്പിച്ച പരിപാടിയെ കുറിച്ചുള്ള വാർത്തയിൽ പറയുന്നു– 765 കിലോമീറ്ററിൽ ജ്യോതി, 21 ലക്ഷം ഭക്തർ അണിനിരന്നു. പത്ത‌് ലക്ഷം പേരാണ‌് ആകെ പങ്കെടുത്തതെന്ന‌് സംഘാടകർ പോലും അവകാശപ്പെടുമ്പോഴാണ‌് ഈ കള്ളക്കണക്ക‌് നിരത്തൽ. 765 കി.മീ ജ്യോതിയെന്നതും നുണക്കഥ തന്നെ. കർണാടക അതിർത്തിയായ ഹൊസങ്കടി മുതൽ തമിഴ‌്നാട‌് അതിർത്തിയായ കളിയിക്കാവിള വരെ ഇടതടവില്ലാതെ ദീപം തെളിയിക്കുമെന്നായിരുന്നു സംഘാടകർ പ്രഖ്യാപിച്ചിരുന്നതെങ്കിലും പരിപാടി നഗരങ്ങളിലും പ്രധാന കവലകളിലും ഒതുങ്ങി. ഒരു കേന്ദ്രത്തിൽ പോലും ആയിരത്തിൽ കൂടുതൽപേർ പങ്കെടുത്തില്ല. മിക്കയിടത്തും 50 മുതൽ 500 പേർ വരെ. 14 ജില്ലകളിലായി 300ൽ താഴെ കേന്ദ്രങ്ങളിൽ മാത്രമാണ‌് പരിപാടി സംഘടിപ്പിച്ചത‌്. ഒരു പരിപാടിയിൽ ശരാശരി 500 പേർ എന്ന‌് കണക്കാക്കിയാലും ആകെ ഒന്നരലക്ഷം പേർ.
ഒരു വശത്ത‌് ആർഎസ‌്എസ‌്–-ബിജെപി പരിപാടികൾക്ക‌് ഓശാന പാടുമ്പോൾ മറുവശത്ത‌് വനിതാമതിലിനെ തകർക്കാൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഈ പത്രം പ്രയോഗിക്കുന്നുണ്ട‌്. ഹിന്ദുസംഘടനകളുടെ യോഗത്തിലെടുത്ത തീരുമാനമായതിനാൽ, ഇതര മതസ്ഥരെ ഒഴിവാക്കിയുള്ള വർഗീയതയെന്നായിരുന്നു മനോരമയുടെ ആദ്യവെടി. ജാതിക്കും മതത്തിനും അതീതമായി കേരളത്തിലെ സ‌്ത്രീ സമൂഹമാകെ കൈകോർക്കുമെന്ന‌് അർഥശങ്കയ‌്ക്കിടയില്ലാത്ത വിധം വ്യക്തമായപ്പോൾ ആ നുണ ഉപേക്ഷിച്ചു.
മതിലിന‌് സർക്കാർ ഫണ്ട‌് ധൂർത്തടിക്കുന്നുവെന്നായി അടുത്തനുണ. ഒരു ചില്ലിക്കാശ‌് പോലും മതിലിന‌് ആളെക്കൂട്ടാൻ ചെലവഴിക്കില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച‌് വ്യക്തമാക്കി. എന്നിട്ടും ഹൈക്കോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തിൽ പിടിച്ച‌് ഈ നുണ ആവർത്തിച്ചു. വനിതാ മതിലിനെതിരെ ഹൈക്കോടതിയിൽ ഹർജി വന്നപ്പോഴാണ‌് സ‌്ത്രീ ശാക്തീകരണത്തിന‌് ഈ സർക്കാരും എൽഡിഎഫും മുന്തിയ പരിഗണനയാണ‌് നൽകുന്നതെന്നും സ‌്ത്രീപക്ഷ പരിപാടികൾക്ക‌് ബജറ്റിൽ തുക നീക്കിവച്ചത‌് അതിന്റെ തെളിവാണെന്നും സത്യവാങ‌്മൂലം നൽകിയത‌്. ഇതിനർഥം ആ ഫണ്ട‌് മതിലിന‌് വിനിയോഗിക്കുമെന്നായിരുന്നില്ല. എന്നാൽ ബജറ്റിൽ ഈ സാമ്പത്തിക വർഷത്തേക്ക‌് സ‌്ത്രീകൾക്കായി നീക്കിവെച്ച 50 കോടി രൂപയും വനിതാ മതിലിനായി ചെലവഴിക്കുന്നുവെന്ന കഥ മെനഞ്ഞു. ഇതിന്റെ വസ‌്തുത സർക്കാർ ആവർത്തിച്ച‌് ബോധ്യപ്പെടുത്തിയിട്ടും നുണയിൽ നിന്നും മനോരമ പിറകോട്ട‌് പോയില്ല.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ‌്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും പുതുവർഷപ്പുലരിയിൽ കേരളത്തിലെ സ‌്ത്രീസമൂഹമാകെ ഒത്തുചേരുന്ന വനിതാമതിലിന‌് സർക്കാരിന്റെ പൂർണ പിന്തുണയുണ്ട‌്. ഇതിന്റെ പ്രചാരണവും സംഘാടനവും സർക്കാർ സംവിധാനങ്ങളിലൂടെ നടത്തുന്നുണ്ട‌്. കാരണം ഇത‌് സർക്കാർ നയത്തിന്റെ ഭാഗമായ പരിപാടികൂടിയാണ‌്. അതിന്റെ ഭാഗമായി സർക്കുലർ അയക്കുന്നത‌് പോലും മനോരമയ‌്ക്ക‌് കലിയാകുന്നു. ആദ്യം മനോരമ നുണ വാർത്ത കൊടുക്കുക, പിന്നീട‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയും ബിജെപി നേതാക്കളും അതുവച്ച‌് വാർത്താസമ്മേളനം നടത്തുക എന്നതാണ‌് കഴിഞ്ഞ ആഴ‌്ചകളിൽ കേരളം കണ്ടത‌്.
നുണക്കഥകളിലൂടെ കോൺഗ്രസിന്റെ മാത്രമല്ല, ബിജെപി–-ആർഎസ‌്എസ‌് വർഗീയശക്തികളുടേയും നാവായി മാറി ഈ പത്രം. സിപിഐ എം–-എൽഡിഎഫ‌് വിരുദ്ധ വിഷം ചീറ്റുന്നതിൽ മനോരമയുമായി മൽസരിച്ച‌് കിതച്ച‌് നിൽക്കുകയാണ‌് മാതൃഭൂമിയും കേരള കൗമുദിയും ജൻമഭൂമിയും ഉൾപ്പെടെയുള്ള മറ്റ‌് വലതുപക്ഷ മാധ്യമങ്ങൾ.
from Kerala || Deshabhimani Online News http://bit.ly/2QXJ14H
via IFTTT
No comments:
Post a Comment