കേരളത്തിന്റെ മതനിരപേക്ഷ, നവോത്ഥാന പാരമ്പര്യം കാക്കാൻ സ‌്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കണ്ണൂർ പള്ളിക്കുന്ന‌് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ സി ശേഖർ ഫൗണ്ടേഷന്റെ പുരസ‌്കാരം ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദന‌് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌് തകർക്കാനും നവോത്ഥാനത്തിന്റെ തുടർച്ച തടയാനും വർഗീയശക‌്തികൾ സജീവമായി രംഗത്തുണ്ട‌്. ഇത‌് തിരിച്ചറിഞ്ഞ‌് ജനുവരി ഒന്നിന്റെ മനുഷ്യമതിലിൽ എല്ലാ സ‌്ത്രീകളും അണിനിരക്കണം.
സ‌്ത്രീ–-പുരുഷ സമത്വം നടപ്പാക്കാനും സ‌്ത്രീകളുടെ പദവി ഉയർത്താനും എന്നും മുന്നിൽനിന്നിട്ടുള്ളത‌് കമ്യൂണിസ്റ്റ‌് പ്രസ്ഥാനങ്ങളും ഇടതുപക്ഷ സർക്കാരുമാണ‌്. അതുകൊണ്ടുതന്നെ സ‌്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. ശബരിമലയിൽ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകാൻ വിധിച്ചത‌് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ‌്. ഇത‌് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട‌്. എന്നാൽ, ബലമായി സ‌്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. കേസിൽ കക്ഷിയായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗങ്ങൾക്ക‌് സർക്കുലർ അയച്ചിട്ടുമില്ല. എന്നിട്ടും ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ സമരം ചെയ്യുന്നു.
മഹാരാഷ‌്ട്രയിലെ ശനി ഷിഖ‌്നാപുർ ക്ഷേത്രത്തിലും ഹാജി അലിദർഗയിലും പ്രവേശനാനുമതി നടപ്പാക്കിയത‌് ബിജെപി സർക്കാരാണ‌്. പക്ഷേ, കേരളത്തിൽ ഇതിനു വിരുദ്ധമായ സമീപനമാണ‌് സ്വീകരിക്കുന്നത‌്.വിശ്വാസികൾക്കുവേണ്ടിയാണ‌് സമരംചെയ്യുന്നത‌് എന്നാണ‌് യുഡിഎഫ‌് പറയുന്നത‌്. ബാബ‌്റി മസ‌്ജിദ‌് തകർത്ത സ്ഥലത്ത‌് രാമക്ഷേത്രം പണിയുന്നത‌് വിശ്വാസികൾക്കു വേണ്ടിയാണെന്നാണ‌് സംഘപരിവാർ പറയുന്നത‌്. സംഘപരിവാറിന്റെ ഈ നിലപാട‌് അംഗീകരിക്കുന്നുണ്ടോയെന്ന‌് മുസ്ലിംലീഗും വ്യക‌്തമാക്കണം.
ശബരിമല സമരത്തിന്റെ ഭാഗമായി മന്ത്രിമാരെ തടയുന്നവരെ ജനങ്ങൾ ചെറുക്കും. ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിച്ച ബിജെപി പരാജയപ്പെട്ടത‌് ഇതേ ജനശക‌്തിക്കു മുന്നിലാണ‌്. സർക്കുലർ ഇറക്കി ആളെക്കൂട്ടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടാണ‌് ബിജെപി മലയിറങ്ങിയത‌്. ഭക്തർക്കെതിരായ സമരമാണിതെന്ന‌് സമൂഹം തിരിച്ചറിഞ്ഞു. മലയിൽനിന്ന‌് തോറ്റോടിയ ബിജെപി സെക്രട്ടറിയറ്റിനു മുന്നിലേക്കു സമരം മാറ്റി. നിരാഹാരം കിടക്കേണ്ടത‌് അഖിലേന്ത്യാ പ്രസിഡന്റ‌് അമിത‌് ഷായാണ‌് –- കോടിയേരി പറഞ്ഞു.
പുരസ‌്കാരം സ്വീകരിച്ച‌് വി എസ‌് അച്യുതാന്ദനും സംസാരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ, ഇടയത്ത‌് ശശി ശേഖർ, ഇടയത്ത‌് രവി എന്നിവർ സംസാരിച്ചു. എൻബിഎസ‌് പ്രിസിദ്ധീകരിച്ച എൻ സി ശേഖറുടെ ആത്മകഥ വെങ്ങാനൂർ ഭാസ‌്കരന‌് നൽകി കോടിയേരി പ്രകാശനം ചെയ‌്തു. പാറക്കുഴി സുരേന്ദ്രൻ സ്വാഗതവും വി പി പി മുസ്തഫ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FX38uT
via IFTTT
No comments:
Post a Comment