കൊച്ചി
പ്രളയദുരിതത്തിൽനിന്ന‌് കരകയറുന്ന കേരളത്തിലെ ടൂറിസം മേഖലയ‌്ക്ക‌് ഇരുട്ടടിയായി ബിജെപി പ്രഖ്യാപിച്ച ഹർത്താൽ. രണ്ടു ദിവസമായി മൂന്നു ചാർട്ടേഡ‌് വിമാനങ്ങളിൽ മാത്രമായി എത്തിയ 900 വിദേശികളാണ‌് ഹർത്താലിൽ വലഞ്ഞത‌്. പ്രത്യേക ബസുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഇവരെ കൊണ്ടുപോയെങ്കിലും അടഞ്ഞുകിടന്ന കടകളും തിരക്കൊഴിഞ്ഞ നിരത്തുകളുമാണ‌് ഇവർക്ക‌് കാണേണ്ടിവന്നത‌്. സംഘാടകർ ഒരുക്കിയ ഭക്ഷണത്തിൽ തൃപ‌്തിപ്പെടേണ്ടിയും വന്നു. ഇവരിൽനിന്ന‌് പ്രാദേശിക കച്ചവടക്കാർക്കും മറ്റും കിട്ടുമായിരുന്ന ലക്ഷങ്ങളും നഷ‌്ടമായി.
ട്രെയിനിലും ബസുകളിലുമായി മറ്റു ജില്ലകളിൽനിന്ന‌് രാവിലെ കൊച്ചിയിലെത്തിയ സഞ്ചാരികളും ബുദ്ധിമുട്ടിലായി. സൗത്തിൽ ട്രെയിനിറങ്ങിയ സഞ്ചാരികൾക്ക‌് ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ‌് വാഹനം ലഭിച്ചത‌്. ചില ഓട്ടോറിക്ഷകൾ സർവീസ‌് നടത്തിയെങ്കിലും അമിതകൂലി വാങ്ങിയതായി ആക്ഷേപമുണ്ടായി.
വ്യാഴാഴ‌്ച യുകെയിൽനിന്ന‌് രണ്ട‌് ചാർട്ടേഡ‌് വിമാനങ്ങളിലായി 600 പേരും ശനിയാഴ‌്ച ഒരു വിമാനത്തിൽ 300 പേരുമാണ‌് എത്തിയത‌്. കഴിഞ്ഞദിവസം കപ്പലിൽ രണ്ടായിരത്തോളം പേരും കൊച്ചിയിലെത്തി. പ്രളയത്തിനുശേഷം ആദ്യമായാണ‌് ഇത്രയും വലിയ വിദേശസംഘം എത്തിയത‌്. നെടുമ്പാശേരിയിൽ വ്യാഴാഴ‌്ച എത്തിയ സംഘത്തിന‌് ടൂറിസം പ്രമോഷൻ കൗൺസിൽ സ്വീകരണവും നൽകിയിരുന്നു. കപ്പലിലെത്തിയവരിൽ ആയിരത്തോളം പേർ തിരിച്ച‌് വിമാനത്തിലും വിമാനത്തിലെത്തിയവർ കപ്പലിലുമാണ‌് തിരിച്ചുപോകുന്നത‌്.
നെടുമ്പാശേരിയിൽ എത്തിയ ഒരു സംഘത്തെ പ്രത്യേക വാഹനങ്ങളിൽ ആലപ്പുഴയിൽ എത്തിച്ചു. മറ്റൊരു സംഘം ഫോർട്ടുകൊച്ചിയിലേക്കും പോയി. സഞ്ചാരികൾക്ക‌് ബുദ്ധിമുട്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയെങ്കിലും പെട്ടെന്നു പ്രഖ്യാപിച്ച ഹർത്താൽ സഞ്ചാരികളിൽ വലിയ അവമതിപ്പ‌് ഉണ്ടാക്കി. ഇത‌് ടൂറിസംരംഗത്തിനു ക്ഷീണമുണ്ടാക്കുമെന്നും ഈ രംഗത്തെ വിദഗ‌്ധർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2S4FFJU
via IFTTT
No comments:
Post a Comment