തിരുവനന്തപുരം
സ‌്കൂളിലേക്കുപോയ മക്കളെ വാർത്താവതാരകരായി ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോൾ മാതാപിതാക്കൾ അതിശയിക്കരുത‌്. തൽസമയ സ്കൂൾവാർത്തകളുമായാണ‌് അവർ നിങ്ങൾക്ക‌് മുന്നിലെത്തുക. ഇത‌് സ്വപ‌്നമല്ല, വിദ്യാലയങ്ങളിലെ വാർത്തകൾ ജനങ്ങളിലെത്തിക്കുവാൻ കുട്ടി റിപ്പോർട്ടർമാർ തയ്യാറെടുക്കുകയാണ‌്. ഇതിനായി കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിക്ക‌് സംസ്ഥാനത്ത‌് തുടക്കമായി.
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 5710 കുട്ടികൾക്കാണ് 26 മുതൽ 29 വരെ നടക്കുന്ന ക്യമ്പുകളിൽ പരിശീലനം നൽകുന്നത്. ഇതിനായി 4578 ഡിഎസ്എൽആർ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 266 സെന്ററുകളിൽ നടക്കുന്ന ക്യാമ്പിന്റെ മുന്നോടിയായി പരിശീലകരായി 532 അധ്യാപകരെ സജ്ജരാക്കി.
വാർത്തകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി വാർത്ത കണ്ടെത്തൽ, സ്ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിങ‌്, ഓഡിയോ റെക്കോർഡിങ‌്, ഓഡിയോ മിക്സിങ‌്, വീഡിയോ എഡിറ്റിങ‌്, ടൈറ്റിലിങ‌്, ആങ്കറിങ‌് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കടന്നു പോകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം. തയ്യാറാക്കുന്ന വീഡിയോകൾ ഹൈടെക് സ്കൂളുകളിലെ ഡിജിറ്റൽ ശൃംഖലവഴി കേന്ദ്രീകൃത സെർവറിലേക്ക് അപ്‍ലോഡ‌് ചെയ്യാനും സംവിധാനമുണ്ട്. വിക‌്ടേഴ്സ‌് ചാനലിലൂടെയും വാർത്തകൾ സംപ്രേഷണം ചെയ്യും.
പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിത മൾട്ടിമീഡിയ-ഗ്രാഫിക്സ് സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്രയും പേർക്ക് വാർത്തകൾ തയ്യാറാക്കുന്നതിന‌് പൂർണതോതിലുള്ള പരിശീലനം ഇന്ത്യയിൽ ആദ്യമാണ്. അടിസ്ഥാന സൗകര്യവികസനം, സൗകര്യങ്ങൾ, വിഭവങ്ങൾ, പാഠ്യപദ്ധതി, അധ്യാപനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ നിലവാരത്തെ നവീകരിക്കുന്നതിന് ലക്ഷ്യമിടുന്ന സ്ഥാപനമാണ‌് കൈറ്റ‌്. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 470 സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയിട്ടുണ്ട‌്.
വിദ്യാലയങ്ങളിൽ നിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും തയ്യാറാക്കി റിപ്പോർട്ട് ചെയ്യാൻ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളെ സജ്ജമാക്കുാനുള്ള പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. മന്ത്രി സദസിന്റേയും കുട്ടികൾ ചടങ്ങിന്റെയും ചിത്രങ്ങൾ ഒരേ സമയം ക്യാമറയിൽ പകർത്തിയായിരുന്നു ഉദ്ഘാടനം.
മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കാനാണ് കലാലയങ്ങളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തങ്ങൾ പൊതുവിദ്യാഭ്യാസത്തിലൂടെ വളർന്നവരാണെന്ന‌് ഓരോ കുട്ടിക്കും നാളെ അഭിമാനത്തോടെ പറയാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2ERXubn
via IFTTT
No comments:
Post a Comment