വണ്ടൻമേട് > ഇടുക്കി ഓർത്തോഡോക്സ് സഭാ ആസ്ഥാനം ചക്കുപള്ളം ഗൻസ്തിമോൻ അരമനക്ക് മുൻപിൽ വിശ്വാസികളുടെ പ്രതിഷേധം. സഭയിലെ വൈദികനായ വണ്ടിപ്പെരിയാർ ഇടവക വികാരി റ്റി സി മത്തായിയെ ഒരു മാസത്തേക്ക് സഭാ ചുമതലകളിൽ നിന്നും ആത്മീയകാര്യങ്ങളിൽ നിന്നും ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ ദേവോദോസിയോസ് മെത്രാപൊലീത്ത മാറ്റി നിർത്തിയതിനെ തുടർന്നാണ് അരമനക്ക് മുൻപിൽ ചേറ്റുകുഴി വണ്ടിപ്പെരിയാർ ഇടവകയിലെ ഒരു വിഭാഗം കുത്തിയിരിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം ചേറ്റുക്കുഴി സെന്റ് ഗ്രിഗോറീസ് ഇടവകയിലെ വികാരിയായ കുര്യാക്കോസ് വലയിലിനെ സ്ഥലം മാറ്റിയതിൽ വൈദികനും കുടുംബത്തോടുമൊപ്പം അരമനയിൽ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു. വൈദികർക്കെതിരെ നടത്തുന്ന നടപടി അരമനയിൽ നടക്കുന്ന അഴിമതി ചോദ്യം ചെയ്തതു മൂലമാണെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ ഈ ആരോപണം സഭാ നേതൃത്വം തള്ളി. സഭയിൽ സ്വഭാവികമായി നടക്കാറുള്ള സ്ഥലം മാറ്റം മാത്രമാണ് ഫാദർ കുര്യാക്കോസിന്റേതെന്ന് സഭാ നേതൃത്വം പറയുന്നു.
ഇടവകയിലെ ഒരു വിഭാഗം കുടുംബങ്ങൾക്ക് ഭരണഘടനാ വിരുദ്ധമായി പുറത്താക്കൽ നോട്ടീസ് നൽകിയതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ മറ്റൊരു വൈദികനെ സഭ നടപടിയെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ അരമന ആസ്ഥാനത്തു വന്നു ബിഷപ്പിനെ ആക്ഷേപിക്കുകയും സത്യപ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്‌തതിനാണ് ഫാ. ടി സി മത്തായിയെ സസ്പെൻഡ് ചെയ്തത്.
തർക്കമുള്ളവർക്ക് സഭയുടെ ഉന്നത ബോഡിയിൽ പരാതിപ്പെടാം. അഴിമതി ആരോപിക്കുന്ന ഫാദർ കുരിയാക്കോസ് കഴിഞ്ഞ പത്തു വർഷമായി സഭയുടെ കണക്കുകൾ ഓഡിറ്റ് ചെയുന്നു. ആ കണക്കുകൾ കൃത്യമാണെന്നു സാക്ഷ്യപ്പെടുത്തുകയും സഭയുടെ ഭദ്രാസന പൊതുയോഗം കണക്ക് അംഗീകരിച്ചു പാസ്സാക്കിയതും സഭാ കേന്ദ്രത്തിൽ നിന്ന് വീണ്ടും ഓഡിറ്റിങ് നടത്തിയതുമാണ്. മെത്രാപ്പൊലീത്തയ്ക്കും ഭദ്രാസനത്തിനും എതിരായി ഉന്നയിക്കുന്നത് വസ്തുതകൾ മറച്ചുവെച്ചുള്ള വ്യാജ ആരോപണമാണ് അത് വിശ്വാസികളെ ബോധ്യപ്പെടുത്തും. വിശ്വാസികളെ ഇറക്കി പ്രതിഷേധം തുടർന്നാൽ വൈദികരുടെമേൽ കൂടുതൽ നടപടി കൈക്കൊള്ളും‐ ഭദ്രാസന സെക്രട്ടറി കെ ടി ജേക്കബ് വ്യക്തമാക്കി. തർക്കത്തെ തുടർന്ന് ഞായറാഴ്ച ചേറ്റുക്കുഴി ദേവാലയത്തിൽ പൊലീസ് സംരക്ഷണയിൽ ബിഷപ്പിന്റെ നിർദേശ പ്രകാരം പകരം ചുമതലയേറ്റ ഫാ. ഏലിയാസ് കോർഎപ്പിസ്കോപ്പ കുർബാന അർപ്പിച്ചു. ഇത് പ്രതിഷേധക്കാർ പള്ളി പൂട്ടി തടയാൻ ശ്രമിച്ചതിനെ തുടർന്ന് ബലപ്രയോഗം നടന്നു. ചേറ്റുകുഴിയിലും അരമനയിലും വണ്ടൻമേട് കുമളി പൊലീസ് പ്രധിഷേധക്കാരെ തടഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Cfp2pl
via IFTTT
No comments:
Post a Comment