തിരുവനന്തപുരം> ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം 2019 ജനുവരി 28 മുതൽ 31 വരെ തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ നടക്കും. 1982ൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് തിരുവനന്തപുരത്ത് ബെഫി ദേശീയ സമ്മേളനം ചേരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പൊതുമേഖല, സ്വകാര്യ, നവസ്വകാര്യ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് സമ്മേളനത്തിൽ പ്രതിനിധികളായും നിരീക്ഷകരായും പങ്കെടുക്കുക. "കോർപറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിങ‌് സംരക്ഷിക്കുക" എന്നതാണ് പത്താമത് ദേശീയ സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലായി രാജ്യമാസകലം സംഘടിപ്പിക്കുന്ന സെമിനാറുകളും ജനസദസ്സുകളും വഴി രാജ്യത്തെ ബാങ്കിങ‌് രംഗത്തെയും സാമ്പത്തിക രംഗത്തെയും കുറിച്ചുള്ള ആശയപ്രചരണമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഡോ. രാം പുനിയാനി, ഡോ.ആർ.രാംകുമാർ, ഡോ.തോമസ് ഐസക‌് തുടങ്ങിയവർ തിരുവനന്തപുരത്തും ആൾ ഇന്ത്യ കിസാൻ സഭ ജോ.സെക്രട്ടറി ഡോ.വിജു കൃഷ്ണൻ ആലപ്പുഴയിലും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ഹേമലത കണ്ണൂരിലും നടന്ന സെമിനാറുകളിൽ പങ്കെടുത്തു. ബെഫി ദേശീയ പ്രസിഡന്റ് സി ജെ നന്ദകുമാർ, മുൻ ദേശീയ പ്രസിഡന്റ് എ കെ രമേശ് എന്നിവർ ഉൾപ്പെടെ ബെഫിയുടെ ദേശീയ നേതാക്കളും ഈ സെമിനാറുകളിൽ ഭാഗഭാക്കായി.
ജനസദസ്സുകൾ, ചുവരെഴുത്ത്, പോസ്റ്റർ പ്രചാരണം, വാഹനജാഥ, ഇരുചക്രവാഹന റാലി തുടങ്ങി വിവിധ രീതിയിലുള്ള പ്രചാരണമാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ചെയർമാനായുള്ള സംഘാടക സമിതി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷം ലഘുലേഖയും ബാങ്കിംഗ് രംഗത്തെ സമകാലിക അവസ്ഥയെക്കുറിച്ചുള്ള പുസ്തകങ്ങളും സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. വനിതാ ജീവനക്കാരുടെ കൺവൻഷൻ, യുവ ജീവനക്കാരുടെ കൺവൻഷൻ, വിരമിച്ച ജീവനക്കാരുടെ കൺവൻഷൻ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2EjZJ7C
via IFTTT
No comments:
Post a Comment