കെപിസിസി രാഷ‌്ട്രീയ കാര്യസമിതി യോഗത്തിൽ നിന്നും ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും വിട്ടുനിന്നതിന‌് ബദലായി യുഡിഎഫ‌് സമരത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തില്ല. പാർലമെന്റ‌് സമ്മേളനത്തിൽ പങ്കെടുക്കണം എന്നതുകൊണ്ടാണെന്നാണ‌് വിശദീകരണമെങ്കിലും യഥാർഥ കാരണം ഗ്രൂപ്പുകളുടെ അവഗണനയിലുള്ള മനോവിഷമമാണെന്ന‌് മുല്ലപ്പള്ളിയുടെ അടുപ്പക്കാർ പറഞ്ഞു. തിങ്കളാഴ‌്ചയാണ‌് സെക്രട്ടറിയറ്റിന‌് മുന്നിലും മറ്റ‌് ജില്ലകളിൽ കലക്ടറേറ്റുകൾക്ക‌് മുന്നിലും യുഡിഎഫ‌് ധർണ സംഘടിപ്പിച്ചത‌്.
ശബരിമല വിഷയത്തിൽ നിയമസഭയിൽ നടത്തിയ ഉപവാസം പൊളിഞ്ഞപ്പോഴാണ‌് തുടർ സമരമെന്ന പേരിൽ ധർണ തീരുമാനിച്ചത‌്. മുല്ലപ്പള്ളിയുമായി ചർച്ച ചെയ്യാതെയാണ‌് ഈ തീരുമാനം എടുത്തത‌്. ഇതോടെയാണ‌് കെപിസിസി പുനഃസംഘടന എന്ന തീരുമാനവുമായി മുല്ലപ്പള്ളി രാഷ‌്ട്രീയ കാര്യസമിതി യോഗം വിളിച്ചത‌്. എന്നാൽ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പങ്കെടുക്കാത്തതിനാൽ പുനഃസംഘടന സംബന്ധിച്ച ധാരണ പോലും ഉണ്ടാക്കാനായില്ല. ഇതോടെ യുഡിഎഫ‌് സമരത്തിൽ പങ്കെടുക്കേണ്ടെന്ന‌് മുല്ലപ്പള്ളിയും തീരുമാനിച്ചു.
ഡൽഹിയിലുള്ള മുല്ലപ്പള്ളി പുനഃസംഘടനയുമായി മുന്നോട്ട‌് പോവുകയാണ‌്. പാർലമെന്റ‌് സമ്മേളനത്തിനിടയിൽ രാഹുൽഗാന്ധിയുമായി വിഷയം ചർച്ച ചെയ്യാൻ ശ്രമിക്കും. ഗ്രൂപ്പുകളുമായി സമവായത്തിലെത്തിയില്ലെങ്കിൽ എന്ത‌് എന്ന ചോദ്യമാണ‌് മുല്ലപ്പള്ളിയെ അലട്ടുന്നത‌്. പഴയ ജംബോ കമ്മിറ്റിക്ക‌് പകരം ഭാരവാഹികളുടെ എണ്ണം കുറയ‌്ക്കാനാണ‌് ഹൈക്കമാൻഡ‌് നേരത്തെ നൽകിയ നിർദ്ദേശം.
അത‌് പ്രായോഗികമാക്കണമെങ്കിൽ ഗ്രൂപ്പുകളെ പിണക്കേണ്ടി വരും. ഗ്രൂപ്പുകൾക്കതീതമായി ഭാരവാഹികളെ തീരുമാനിക്കണമെന്ന മുല്ലപ്പള്ളിയുടെ ആഗ്രഹവും അതിനാൽ തന്നെ നടക്കില്ല.
ഇതിനെല്ലാം മറുമരുന്നായാണ‌് തൃശൂർ ഡിസിസി പ്രസിഡന്റിന്റെ രാജി നാടകമെന്ന‌് ഗ്രൂപ്പുകൾ സംശയിക്കുന്നു. പ്രതാപൻ രാജിക്കത്ത‌് നൽകിയെന്നും മുല്ലപ്പള്ളി തിരസ‌്കരിച്ചുവെന്നുമാണ‌് കഥ. ഇത‌് പണ്ട‌് നിയമസഭയിലേക്ക‌് മൽസരിക്കാനില്ലെന്ന‌് പറഞ്ഞ‌് പ്രതാപൻ നടത്തിയ നാടകത്തിന്റെ തനിയാവർത്തനമാണ‌്.
അന്ന‌് നാടകം പൊളിയുകയും സീറ്റ‌് നഷ്ടപ്പെടുകയും ചെയ‌്തിരുന്നു. പകരം കിട്ടിയ ഡിസിസി പ്രസിഡന്റ‌് പദവി മുൾക്കിരീടവുമായി.
തൃശൂർ ജില്ലയിൽ ഒതുങ്ങേണ്ടി വന്നതോടെ സംസ്ഥാന രാഷ‌്ട്രീയത്തിൽ പ്രതാപൻ അപ്രസക്തവുമായി. ചാനൽ ചർച്ചയ‌്ക്കും ആരും വിളിക്കുന്നുമില്ല.
വി എം സുധീരൻ പ്രസിഡന്റ‌് സ്ഥാനത്ത‌് നിന്നും മാറിയതോടെ സഹായിക്കാൻ ആരുമില്ലാതെയുമായി. മുല്ലപ്പള്ളി വന്നതോടെ വീണ്ടും സംസ്ഥാന നേതൃത്വത്തിലേക്ക‌് വരാനാണ‌് ശ്രമിക്കുന്നത‌്. പുനഃസംഘടന നടക്കുമ്പോൾ ഒരു ജനറൽ സെക്രട്ടറി പദമാണ‌് പ്രതാപൻ ഉന്നം വയ‌്ക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2BsICwH
via IFTTT
No comments:
Post a Comment